ഗ്രാംഷി ആരെന്നറിയാത്തവരാണ് ആ പാട്ടുപയോഗിക്കുന്നത്; രമേശ് ചെന്നിത്തലയുടെ റീൽ വിവാദത്തിൽ അതുൽ നറുകര

"വർഗീയതക്കെതിരെയും ആന്റോണിയോ ഗ്രാംഷീയെപ്പോലുള്ള നേതാക്കളെയുമൊക്കെ ആത്മാർത്ഥമായി ഉൾക്കൊണ്ടിട്ടാണ് ആ പാട്ട് ഉപയോഗിക്കുന്നതെങ്കിൽ നൂറു ശതമാനം ഞാൻ അതിനോട് യോജിക്കുന്നു. ഇടതുപക്ഷത്തിന്റെ സംവിധാനങ്ങളെ ആഗ്രഹിച്ചുകൊണ്ടാണെങ്കിൽ നല്ലത്. രമേശ് ചെന്നിത്തലയോക്കെ അങ്ങനെ ചിന്തിക്കുന്നുണ്ട് എങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ" : അതുൽ നറുകര
Singer Athul Narukara criticizes Ramesh Chennithala on reel controversy
രമേശ് ചെന്നിത്തലയുടെ റീൽ വിവാദത്തിൽ വിമർശനവുമായി അതുൽ നറുകരSamakalika Malayalam
Updated on
4 min read

"അമ്പുകൊണ്ടും സമരവമ്പുകൊണ്ടും പതറാത്ത മനസ്സിലെ കനലുകൊണ്ടും" എന്നുതുടങ്ങുന്ന 'സമര'മെന്ന പാട്ട് രമേശ് ചെന്നിത്തലയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടതോടെ വിമർശനങ്ങളുയർന്നിരുന്നു. ഇടതുപക്ഷ പ്രവർത്തകർ വ്യാപകമായി ഉപയോഗിക്കുന്ന പാട്ട് രമേശ് ചെന്നിത്തലക്ക് ചേരുന്നില്ലെന്നതരം കമന്റുകളാണ് പോസ്റ്റിനുതാഴെ പ്രത്യക്ഷപ്പെട്ടത്.

തെരഞ്ഞെടുപ്പുകാലത്തും സമരവേദികളിലും ഇടതുപക്ഷത്തിന്റെ ചെങ്കൊടിക്ക് ചുവപ്പുകൂട്ടി കൂടെനിന്ന പാട്ടുകൂടെയാണ് ശ്രീഹരി തറയിൽ എഴുതി അതുൽ നറുകരയൊരുക്കിയ സമരം. അതിന്റെ രാഷ്ട്രീയം തിരിച്ചറിയാതെയാണ് കോൺഗ്രസ്സുകാർ പാട്ടുപയോഗിക്കുന്നതെന്നാണ് അതുൽ നാരുകരയുടെ പ്രതികരണം.

Singer Athul Narukara criticizes Ramesh Chennithala on reel controversy
മുഖ്യമന്ത്രിയെ തീരുമാനിക്കുക ജനവികാരം മാനിച്ച്; യുഡിഎഫിന് ഒരു സിസ്റ്റം ഉണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഗ്രാംഷിയുടെ വാക്കുകളിൽ തുടങ്ങിയവസാനിക്കുന്ന 'സമരം' ഉപയോഗിക്കുന്നത് അദ്ദേഹം ആരെന്നുപോലും അറിയാത്ത ആളുകളാണെന്ന് പാട്ടുകാരൻ കൂടെയായ അതുൽ നറുകര സമകാലിക മലയാളത്തോട് പ്രതികരിച്ചു. രാഷ്ട്രീയം തിരിച്ചറിയാതെയാണ് പാട്ടുപയോഗിച്ചതെന്നും ഇടതുപക്ഷ സംവിധാനങ്ങളെ ചെന്നിത്തല അംഗീകരിക്കുന്നെങ്കിൽ അതിൽ സന്തോഷമെന്നും അതുൽ പറഞ്ഞു.

കോൺഗ്രസിന് അത്തരത്തിൽ സ്വന്തമായി പറ്റില്ലാത്തതിന്റെ സങ്കടമാണെന്നും സ്വന്തം നിർമ്മാണത്തിൽ ഒരുക്കിയ സമരം അനുവാദമില്ലാതെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അതുൽ പറഞ്ഞു.

Singer Athul Narukara criticizes Ramesh Chennithala on reel controversy
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിടാന്‍ കെപിസിസി; പരസ്യ പ്രസ്താവന വേണ്ട, കടുത്ത നടപടി

അഭിമുഖത്തിന്റെ പൂർണരൂപം :

രമേശ് ചെന്നിത്തലയുടെ പ്രചരണാർത്ഥം സോഷ്യൽ മീഡിയയിൽ സമരത്തിലെ വരികൾ ചേർത്ത വീഡിയോ പ്രചരിച്ചിരുന്നു. അതിനോടുള്ള പ്രതികരണം?

കോൺഗ്രസ്സുകാർ എന്റെ പാട്ടുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് നേരത്തെതന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ചർച്ചയായ 'സമരം' എന്ന പാട്ടും, 'ഇതിലുമേറെ' എന്ന പാട്ടുമൊക്കെ ഇതിനുമുൻപും ഇവർ ഉപയോഗിച്ചിട്ടുണ്ട്. കോൺഗ്രസ്സുകാർ മാത്രമല്ല എംഎസ്എഫ് പ്രവർത്തകരും സ്ഥിരമായി ഈ പാട്ടുകൾ ഉപയോഗിക്കാറുണ്ട്. അതിൽ വർഗഭരണങ്ങളെയൊക്കെ വലിയരീതിയിൽ വിമർശിക്കുന്നുണ്ട്. അതുമനസ്സിലാക്കാനുള്ള ബുദ്ധിയില്ലെന്നു തോന്നുന്നു.

Athul Narukara
അതുൽ നറുകരSocial Media

സമരം എന്ന പാട്ട് ശ്രദ്ധിച്ചാൽ മനസ്സിലാവും അന്റോണിയോ ഗ്രാംഷിയുടെ വാക്കുകളിലാണ് അത് ആരംഭിക്കുന്നത്. പാട്ട് അവസാനിക്കുന്നത് വർഗസമരങ്ങളെക്കുറിച്ചുള്ള ഗ്രാംഷിയുടെതന്നെ പ്രസംഗത്തിലും. അപ്പോൾ ഗ്രാംഷി ആരാണെന്നൊന്നും അറിയാത്ത ആൾക്കാരാണ് പാട്ട് ഉപയോഗിക്കുന്നത്.

ഞാനൊരു ഇടതുപക്ഷ ചിന്താഗതിയിൽ ജീവിക്കുന്ന മനുഷ്യനായതുകൊണ്ട് പാർട്ടിക്കപ്പുറം സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി ചെയ്ത പാട്ടുകളാണ് ഒക്കെയും. അതിലുമുപരിയായി വർഗീയഭരണങ്ങൾക്കെതിരെയുള്ള ശബ്ദമാണ്. ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന, വലിയ പ്രശനങ്ങളുണ്ടാക്കാൻ പോകുന്ന വർഗീയതക്കെതിരെ ശബ്ദമുയർത്തണമെന്നാണ് ആ പാട്ടിൽ മുഴുനീളം പറഞ്ഞുവെക്കുന്നത്.

പക്ഷെ, പാട്ട് ഉപയോഗിക്കുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല കേട്ടോ. വർഗീയതക്കെതിരെയും ആന്റോണിയോ ഗ്രാംഷീയെപ്പോലുള്ള നേതാക്കളെയുമൊക്കെ ആത്മാർത്ഥമായി ഉൾക്കൊണ്ടിട്ടാണ് ആ പാട്ട് ഉപയോഗിക്കുന്നതെങ്കിൽ നൂറു ശതമാനം ഞാൻ അതിനോട് യോജിക്കുന്നു. ഇടതുപക്ഷത്തിന്റെ സംവിധാനങ്ങളെ ആഗ്രഹിച്ചുകൊണ്ടാണെങ്കിൽ നല്ലത്. രമേശ് ചെന്നിത്തലയോക്കെ അങ്ങനെ ചിന്തിക്കുന്നുണ്ട് എങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ.

റീൽ കണ്ടപ്പോൾ ഉണ്ടായ പ്രതികരണം എന്തായിരുന്നു?

ഒപ്പമുള്ള കൂട്ടുകാരും മറ്റുചിലരും റീൽ കണ്ണിൽപെട്ടപ്പോൾ തന്നെ അയച്ചുതന്നു. എനിക്കൊപ്പമുള്ളവരും ഇടതുപക്ഷചിന്തയിൽ തന്നെ ജീവിക്കുന്നവരായാതുകൊണ്ട് അവരെന്റെ പാട്ടുകളെയും അങ്ങനെ തന്നെയാണ് കാണുന്നത്. അത് മറ്റൊരു തരത്തിൽ ഉപയോഗിക്കപ്പെടുന്നതുകണ്ടാണ് എനിക്കയച്ചത്. പിന്നെ കോൺഗ്രസിന് പാട്ടുകളൊന്നുമില്ലാത്തതുകൊണ്ടുള്ള സങ്കടമാണ്. അവരുടെ ഒരു പാട്ട് പറയാമോ, ഏതെങ്കിലും ഒരു പാട്ട്?

Singer Athul Narukara criticizes Ramesh Chennithala on reel controversy
16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

ഹിപ്പ് ഹോപ്പും റാപ്പും മറ്റും എന്റർടെയിൻ ചെയ്യിക്കുന്ന ഈ പുതിയ കാലത്ത് ഞാൻ ചെയ്തിട്ടുള്ള 'ഇതിലുമേറെ'യും 'സമരവും' 'സമരഭൂമിയും' 'ഇടനെഞ്ചിൽ എസ്എഫ്ഐയും' തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിറക്കിയ 'തുടരണം ഈ യാത്ര' തുടങ്ങിയ പാട്ടുകളും സമരങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്റെ രാഷ്ട്രീയം കൃത്യമായി അതിലൂടെ പറഞ്ഞു വെച്ചിട്ടുണ്ട്. 'സമര'ത്തിൽ തന്നെ ഒരു കൊടിയോ നിറമോ കൊണ്ടുവന്നിട്ടില്ല. എങ്കിലും വരികളൊന്നിരുത്തി ചിന്തിച്ചാൽ അത് ആരെക്കുറിച്ചാണെന്ന് മനസ്സിലാക്കാനാവുന്നതേയുള്ളൂ.

പക്ഷെ, പുതുയുഗയാത്രയിൽ വിഡി സതീശനുവേണ്ടി പാട്ടുപാടിയിരുന്നല്ലോ, ആ സാഹചര്യം എന്തായിരുന്നു?

പാട്ടുകാരൻ എന്ന നിലയിലാണ് അവരെന്നെ സമീപിച്ചത്. പാട്ടുകാരൻ എന്ന നിലയിൽ തന്നെ ഞാൻ അവർക്കത് ചെയ്തുകൊടുത്തു. പക്ഷെ അതുൽ ഇടതുപക്ഷ ചിന്താഗതിയിൽ നിന്നും വലതുപക്ഷ ആശയങ്ങളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ആ പാട്ടുപാടിയതെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളടക്കം പ്രചരിപ്പിക്കുകയുണ്ടായി. ഞാൻ അതിനെ പൂർണ്ണമായും തള്ളുകയാണ് ചെയ്തത്. വിവാദമായതോടെ പിന്നീടത് ഉപയോഗിക്കാതെയുമായി.

പാട്ടുകാരൻ എന്ന നിലയിൽ എന്റെ ജോലിയാണ് ഞാൻ ചെയ്തത്. ജോലിയും രാഷ്ട്രീയവും രണ്ടല്ലേ? ഇങ്ങനെ ഒരു പാട്ട് ചെയ്തു തരാമോ എന്ന് ചോദിക്കുമ്പോൾ ആ ജോലിയല്ലേ ഞാൻ ചെയ്യുന്നത്. ഉദാഹരണത്തിന്, ഒരു ഇടതുപക്ഷ അധ്യാപക സംഘടനയിലുള്ള അധ്യാപകൻ പെട്ടന്ന് കോളേജിൽ വന്നിട്ട് കെ.എസ്.യു പ്രവർത്തകരെയും എബിവിപി പ്രവർത്തകരെയും ഞാൻ ഇനി പഠിപ്പിക്കില്ല എന്ന് പറയുമോ?

ജോലിയുടെ ഭാഗമായിക്കണ്ട് ചെയ്തുകൊടുത്ത പാട്ടായിരുന്നു. പക്ഷെ അതിനെ മറ്റൊരു രീതിയിൽ അവർ ഉപയോഗിച്ചു. ഒരു കലാകാരൻ എന്നനിലയിൽ അതിലാണ് ഒരു സങ്കടം.

പാട്ടുപയോഗിക്കുന്നതിൽ കോപ്പിറൈറ് പ്രശ്നങ്ങൾ ഉണ്ടാകില്ലേ?

പാട്ട് എന്റെ ഓഡിയോ പ്ലാറ്റ്ഫോമിലല്ലേ കിടക്കുന്നത്. അത് അവർക്ക് ഉപയോഗിക്കാൻ കഴിയില്ലല്ലോ? കോപ്പിറൈറ് ഒക്കെ ഇതിനകം കിട്ടിയിട്ടുണ്ടാകും. അടിച്ചുപോവുകയൊന്നുമില്ല. അതിന്റെ റെവന്യൂ എനിക്ക് കിട്ടുമെന്ന് മാത്രം. ഞാൻ തന്നെ എന്റെ പാട്ട് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുമ്പോൾ കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.

Athul Narukara
അതുൽ നറുകരSocial Media

പാട്ടുകൾക്കെപ്പോഴും ഇടതുരാഷ്ട്രീയമുണ്ടാകുന്നത് എന്തുകൊണ്ടാണ്?

പെട്ടന്നൊരു ദിവസം പാട്ടുണ്ടാക്കണം എന്നാലോചിച്ച് ചെയ്യുന്നവരുണ്ട്. എനിക്കതിനു സാധിക്കില്ല. എന്റെ ജീവിതസാഹചര്യമോ, ഞാൻ വന്ന വഴിയോ, കണ്ട സുഹൃത്തുക്കളോ, ഇടപഴകിയിട്ടുള്ള മനുഷ്യരോ പറഞ്ഞ കഥകളിൽ നിന്നുണ്ടായതാണ് എന്റെ പാട്ടുകൾ. അവരൊക്കെയും ഇടതുപക്ഷ രീതിയിൽ ജീവിച്ചുവന്നവരാണ്. അവരുടെ കഥകളിൽനിന്നാണ് ഞാൻ തുടങ്ങുന്നത്.

പക്ഷെ ഒരു കൊടിയ്ക്കുകീഴിൽ ഉപയോഗിക്കുന്ന പാട്ട് എന്നതിനപ്പുറത്തേക്ക് ഇത് എല്ലാവരും ഏറ്റെടുക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എല്ലാവരും ഏറ്റെടുക്കുമ്പോൾ മാത്രമല്ലേ ഞാൻ പറഞ്ഞുവെച്ചതിൽ കാര്യമുണ്ടെന്ന് മനസ്സിലാവൂ?

Singer Athul Narukara criticizes Ramesh Chennithala on reel controversy
മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിപിടി തുടരുന്നു; സ്ഥാനമൊഴിയണമെന്ന് കെപിസിസിക്ക് ഹൈബി ഈഡന്റെ കത്ത്

രാഷ്ട്രീയം തിരിച്ചറിഞ്ഞിട്ടാണ് പാട്ടുകൾ ഉപയോഗിക്കപ്പെടുന്നത് എന്ന് തോന്നിയിട്ടുണ്ടോ?

രാഷ്ട്രീയം മനസ്സിലാക്കാതെയാണ് അവർ ഉപയോഗിച്ചിട്ടുള്ളത്. അല്ലെങ്കിൽ അവരത് ഉപയോഗിക്കാൻ പാടില്ലായിരുന്നു. കാരണം പാട്ട് ഗ്രാംഷിയെക്കുറിച്ചൊക്കെ പറഞ്ഞു വെക്കുന്നുണ്ടല്ലോ. അതൊക്കെ ആരുടെ രാഷ്ട്രീയമാണ് പരിശോധിച്ചാൽ മനസ്സിലാക്കാമല്ലോ.

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പ്രചാരണത്തെ എങ്ങനെയാണ് കാണുന്നത്?

സംഘടനാ സംവിധാനം എന്നത് ഒരു പാർട്ടിക്ക് മാത്രമല്ല, എല്ലാ മനുഷ്യർക്കും വേണ്ട ഒരു സാമാന്യ സ്വത്വബോധം ആണ്. ഒരു ഐഡന്റിറ്റി വേണം. അതൊന്നും പെട്ടന്നൊരുദിവസം വിളിച്ചുപറഞ്ഞുനടക്കേണ്ട സാധനമല്ലല്ലോ. കഴിഞ്ഞ എക്സിറ്റ്പോൾ ഫലങ്ങളിലും നാഷണൽ മീഡിയ സർവേകളിലും വിജയസാധ്യത ഇടതുപക്ഷത്തിനാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷെ ഇടതുപക്ഷത്തിന്റെ ഇടയിൽ അങ്ങനെ ഒരു സ്ഥാനചർച്ചയോ തർക്കങ്ങളോ ഒന്നുമുണ്ടായില്ല.

Singer Athul Narukara criticizes Ramesh Chennithala on reel controversy
'ഇടതുപക്ഷമാകാന്‍ പുസ്തകം വായിക്കുന്ന വലതുപക്ഷം'; ആശയം സ്വീകരിക്കാന്‍ പറ്റാത്തവരുടെ കുറുക്കുവഴി: ഡോ ഇക്ബാല്‍ ബാപ്പുക്കുഞ്ഞ്

പക്ഷെ കോൺഗ്രസിൽ അത്തരമൊരു സംഘടനാ സംവിധാനത്തിന്റെ കുറവുണ്ട്. നമ്മൾ എന്തെങ്കിലുമൊരു പ്രതിസന്ധിയുണ്ടാകുമ്പോൾ തീരുമാനം എടുക്കേണ്ടത് എല്ലാവരും കൂടിയിരുന്നല്ലേ? അങ്ങനെ കൂടിയിരുന്ന് എടുക്കേണ്ട തീരുമാനമാണ് ഇവർ ആൾക്കൂട്ടത്തിൽ നിന്നും കണ്ടെത്താൻ ശ്രമിക്കുന്നത്. എല്ലാവരും വ്യക്തിപരമായി പോസ്റ്റുകളൊക്കെ ഇട്ട് ജനസമ്മതി കൂടുതൽ തനികൾക്കാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്.

എനിക്കിത്ര ആൾബലമുണ്ട്, ജനപിന്തുണയുണ്ട്, അതിനാൽ അടുത്തത് ഞാനാണ് വരേണ്ടത് എന്നുണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഉള്ള പോസ്റ്റുകൾ പോലും ഉണ്ടാകുന്നത്. അതിനു ശേഷമാണ് കമ്മിറ്റികൂടണം എന്ന ചിന്ത. അത് വല്ലാത്തൊരു പ്രശ്നമാണ്. ഇങ്ങനത്തെ മനുഷ്യരൊക്കെ ഭരണത്തിൽ വരുന്ന സാഹചര്യമുണ്ടായാൽ ജനങ്ങളുടെ അവസ്ഥ എന്താകുമെന്ന് സാധാരണക്കാർ ആലോചിക്കുന്നുണ്ട്.

പൊളിറ്റിക്കൽ പാട്ടുകളുടെ നിർമ്മാണത്തിലുണ്ടാകുന്ന പ്രതിസന്ധികൾ എന്താണ്?

നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രതിസന്ധി പൊളിറ്റിക്കൽ പാട്ടുകളൊന്നും ആരും ചെയ്യുന്നില്ല എന്നതാണ്. ഞാൻ എൻ്റെ പൈസയ്ക്ക് ചെയ്ത ഒരു പാട്ടാണത് (സമരം). എനിക്ക് സ്‌പോൺസർമാർ പോലുമില്ല. ഇനി ഇറങ്ങാനിരിക്കുന്നതും അങ്ങനെ സ്വന്തമായി ചെയ്ത പാട്ടാണ് - 'ആരാണ്ടാ'.

പണ്ടത്തെ കഥകളൊക്കെ ചോദിക്കുന്ന സമയത്ത് നാട്ടിൽ പാടത്ത് പണിയെടുക്കുന്ന യശോദ ചേച്ചി പറഞ്ഞിട്ടുണ്ട് "ഇപ്പോഴൊക്കെയല്ലേ ആരാണെന്ന് ചോദിച്ചാൽ ഞാനാണെന്ന് പറയാൻ പറ്റിയിട്ടുള്ളൂ. പണ്ടുകാലത്ത് ആരാണ്ടാ എന്ന് ചോദിച്ചാൽ ഞാനെടാ എന്ന് പറയാൻ കഴിയില്ലെന്ന്". അതൊരു പാട്ടാണല്ലോ എന്നെനിക്ക് തോന്നി.

ആ പാട്ടിൻ്റെ ആദ്യ വരികൾ ഇങ്ങനെയാണ്:

"ആരാണ്ടാ ആരാണ്ടാ, ഞങ്ങളാണ്ടാ ഇത് ഞങ്ങളാണ്ടാ

മേലേ വളപ്പിലെ തമ്പ്രാന്റെ പാടത്ത് കൊയ്തു മെതിച്ചവനാരാണ്ടാ

രാവന്തിയോളം പണിതിട്ടും തീരാത്ത നീറ്റലു പേറുവതാരാണ്ടാ

ഈവാഴ വെച്ചതും പൂത്തതും കായ്ച്ചതും ഇറയത്ത് വച്ചതുമാരാണ്ടാ

പണിയാറ് ചെയ്തിട്ടും കൂലി പറയുമ്പോ തമ്പ്രാന്റെ കണ്ണില് തീണ്ടലാണ്ടാ"

എന്നിങ്ങനെയാണ് അതിലെ വരികൾ. ഷൂട്ടും എഡിറ്റും പൂർത്തിയായി. ഇലക്ഷനുശേഷം പുറത്തിറക്കാനിരിക്കുകയാണ്.

നമ്മുടെ നാട്ടിലെ ഹിപ് ഹോപ് സംഗീതം അരാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്ന് തോന്നിയിട്ടുണ്ടോ?

കേവലം ഒന്നോ രണ്ടോ ആൾക്കാർ മാത്രമാണ് അതിനെ പൊളിറ്റിക്കലായി കാണുന്നത്. ബാക്കിയുള്ളവർക്ക് ഡാൻസ് കളിക്കാനുള്ള പാട്ട് മാത്രമായി പോകുകയാണ്. ആദ്യം കുറച്ച് വരി, പിന്നെ ഒരു ഡ്രോപ്പ്, പിന്നെ ഡാൻസ്, അതോടെ കഴിഞ്ഞു. എന്തെങ്കിലുമൊക്കെ എഴുതുക എന്നുള്ളതിനപ്പുറത്ത് ഒന്നുമില്ല.

Singer Athul Narukara criticizes Ramesh Chennithala on reel controversy
ചിരിയെ പേടിക്കുന്ന രാജ്യം ആത്മവിശ്വാസമില്ലാത്ത രാജ്യമാണ്

പണ്ടത്തെ പൊട്ടൻ തെയ്യം "എങ്കളെ കൊത്ത്യാലൊന്നല്ലേ ചോര, നിങ്ങളെ കൊത്ത്യാലൊന്നല്ലേ ചോര" എന്നാണ് ചോദിച്ചത്. പണ്ടുകാലത്ത് ജന്മിക്കെതിരെ പൊട്ടൻ സമുദായത്തിൽനിന്നുള്ള പാട്ടുകാരൻ പാടുന്നതാണ്. അവർക്ക് നേരിട്ട് പറയാൻ പറ്റാത്ത അവസ്ഥയാണ് പാട്ടിലൂടെ പറയുന്നത്. പാട്ടിലൂടെ പറയുമ്പോ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. പൊളിറ്റിക്കൽ അല്ലാത്ത രീതിയിൽ ഹിപ്ഹോപ് കേൾക്കുമ്പോൾ അതിനെ രാഷ്ട്രീയമായും ഉപയോഗിക്കാമെന്ന് ചിന്തിക്കും.

നമുക്കൊരു സ്പേസ് ഉണ്ടാവുമ്പോൾ അതിൽ രാഷ്ട്രീയം സംസാരിക്കേണ്ടതുണ്ട് എന്നല്ലേ?

പിന്നെ അല്ലാതെ? പാട്ടുകളെ പേടിക്കുന്ന ഒരുപാട് മനുഷ്യരില്ലേ?

Summary

Singer Athul Narukara criticizes Ramesh Chennithala's reel controversy : Interview

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com