

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആറില്‍ പേര് നീക്കം ചെയ്തവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റേതാണ് നിർദേശം. പരാതിക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. രേഖാമൂലം ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് ഉചിതമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ഉത്തര്‍പ്രദേശ്, കേരളം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 'എസ്‌ഐആര്‍' ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേരളത്തില്‍ എസ്‌ഐആറിന്റെ ഭാഗമായി പേരു നീക്കം ചെയ്യപ്പെട്ടവര്‍ക്ക്, പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് ( ഒക്ടോബര്‍ 30) അവസാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ അഭിഭാഷകന്‍ ജി പ്രകാശ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് പരാതിയുള്ളവര്‍ക്ക് തുടര്‍ന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
കേരളത്തിലെയും ഛത്തീസ്ഗഡിലെയും എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡി എസ് നായിഡു കോടതിയെ അറിയിച്ചു. ഉത്തര്‍പ്രദേശിനെ സംബന്ധിച്ചിടത്തോളം, വന്‍തോതില്‍ 'ഫോം 7' സമര്‍പ്പിക്കപ്പെട്ടെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ അവ വ്യാജമാണെന്ന് കണ്ടെത്തി. അതില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട് എന്നും അഭിഭാഷകന്‍ നായിഡു അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates