

കൊച്ചി: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ പേജില്‍ ആളുകളുടെ വിമര്‍ശന കമന്റുകള്‍. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മറ്റു ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞാണ് കലക്ടറുടെ പേജില്‍ അറിയിപ്പ് വന്നത്. പിള്ളേരൊക്കെ ഉറങ്ങുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെ എന്നാണ് കലക്ടറുടെ പേജില്‍ ആളുകള്‍ കമന്റായി കുറിച്ചത്.
'ഇതൊക്കെ പിള്ളേര് ഉറങ്ങുന്നതിനു മുന്‍പ് പ്രഖ്യാപിക്കണ്ടേ, ഇതിപ്പോ..പ്രധാനമന്ത്രി രാത്രി ലൈവില്‍ വരുന്ന പോലെ ആയല്ലോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ആവശ്യം പരിഗണിച്ച് അവധി തന്ന കലക്ടര്‍ക്ക് ദീര്‍ഘായുസും ആരോഗ്യവും ആശംസിച്ചും ചിലരെത്തുന്നുണ്ട്. ഇതൊക്കെ നേരത്തേ അറിയാനുള്ള സെന്‍സും സെന്‍സിബിലിറ്റിയും വേണമെന്ന ഉപദേശവും ചിലര്‍ നല്‍കുന്നുണ്ട്.
കുട്ടികളുടെ കാര്യങ്ങള്‍ക്കനുസരിച്ച് പല തരത്തിലുള്ള തയാറെടുപ്പുകളും മാതാപിതാക്കള്‍ക്ക് നടത്താനുണ്ടെന്നും അല്‍പം കൂടി നേരത്തേ അവധി പ്രഖ്യാപനം പരിഗണിക്കണമെന്നുമാണ് കലക്ടറോട് ആളുകള്‍ ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 12 ജില്ലകളിലാണ് ഇതുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ രാവിലെയോടെയാണ് അവധി പ്രഖ്യാപനം. എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് ഉണ്ട്. കോട്ടയം ഇടുക്കി എറണാകുളം ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വൈകിട്ടോടെ മഴയുടെ ശക്തി കുറയും. വീണ്ടും അഞ്ചാം തീയതി മുതല്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി. ജലവുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരവും നിരോധിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates