

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ 10 ശതമാനം വലിപ്പത്തിലേക്ക് ചുരുക്കിയാണ് ഈ ചാനലുകളിലൂടെ നൽകുന്നത്. മൈക്രോ പ്രിന്റ് എന്നാണ് കുട്ടികൾക്കിടയിൽ ഇത് അറിയപ്പെടുന്നത്. അര ലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്.
കഴിഞ്ഞ വർഷവും സമാന രീതിയിലുള്ള കോപ്പിയടി ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇത്ര വ്യാപകമായിരുന്നില്ല. വാട്സ്ആപ്പിലൂടെ കിട്ടുന്നവയുടെ പ്രിന്റ് എടുത്ത് കുട്ടികൾ തന്നെ വിൽക്കുകയും പ്രചരിപ്പിക്കുകയുമാണ് കഴിഞ്ഞ വർഷം ചെയ്തിരുന്നത്. ഇത്തവണ ടെലഗ്രാം ചാനലിൽ ഇവ ലഭിക്കുമെന്നായതോടെ വിഷയവും പാഠ ഭാഗവും ആവശ്യപ്പെട്ടുള്ള രീതിയിലേക്കാണ് മാറിയത്.
ടെലഗ്രാം ചാനലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് സൈബർ പൊലീസിന്റെ സഹായം തേടുമെന്നാണ് റിപ്പോർട്ടുകൾ. ഐടി നിയമത്തിന്റെ വകുപ്പുകൾ കൂടി ഉപയോഗപ്പെടുത്താനാകുമോ എന്ന കാര്യവും വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്.
ഇപ്പോൾ നടക്കുന്ന പരീക്ഷകൾ ഓരോ ദിവസവും അവസാനിക്കുമ്പോൾ സ്‌കൂൾ പരിസരങ്ങളിൽ മൈക്രോ പ്രിന്റുകൾ ഉപേക്ഷിച്ച നിലയിൽ കാണുന്നതായി അധ്യാപകർ പറയുന്നുണ്ട്. ചില ഫോട്ടോസ്റ്റാറ്റ് കടക്കാർ പ്രിന്റ് എടുത്തു നൽകാറില്ല. എന്നാൽ സ്വാധീനമുപയോഗിച്ച് ചില കടക്കാരെക്കൊണ്ട് കോപ്പി എടുപ്പിക്കുകയാണ് ചെയ്യുന്നത്. ലാമിനേറ്റ് ചെയ്ത മൈക്രോ പ്രിന്റുകളും ഇക്കുറി കണ്ടു തുടങ്ങി. ഇക്കൊല്ലം ഉപയോഗിച്ച ശേഷം അടുത്ത കൊല്ലത്തേക്ക് വിൽപ്പനയ്ക്ക് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് കരുതുന്നത്.
ഒരു പേജ് 10 ശതമാനത്തിലേക്ക് ചുരുക്കുമ്പോൾ അക്ഷരങ്ങൾ തീരെ ചെറുതാകും. പക്ഷേ അത് വായിച്ചെടുക്കാനുള്ള വൈദഗ്ധ്യം പരീക്ഷയ്ക്കു മുമ്പ് നേടിയെടുക്കുന്നതാണ് കണ്ടുവരുന്നത്. കഴിഞ്ഞവർഷം എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിൽ 10 പാഠഭാഗങ്ങളുടെ പ്രിന്റുകൾ വരെ ഒരു കുട്ടി കൊണ്ടുവന്നത് പിടികൂടിയിരുന്നു. ഗ്രാമ പ്രദേശങ്ങളിൽ മൈക്രോ പ്രിന്റുകൾ വ്യാപകമല്ല. നഗരങ്ങളിലും നഗര സ്വഭാവമുള്ള ഗ്രാമ പ്രദേശങ്ങളിലും ഇത് വ്യാപകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates