

കൊല്ലം: സ്ത്രീശക്തി ലോട്ടറിയില്‍ ഒരേ നമ്പറില്‍ രണ്ട് ലോട്ടറി ടിക്കറ്റുകള്‍. പെരിനാട് ചെറുമൂട് അഖി ലോട്ടറി ഏജന്‍സീസ് നടത്തുന്ന ആര്‍ സന്തോഷിനാണ് ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ ലഭിച്ചത്.
ഇന്നു നറുക്കെടുപ്പ് നടക്കേണ്ട, ഒരുകോടി രൂപ ഒന്നാം സമ്മാനമുള്ള സ്ത്രീശക്തിയുടെ എസ്സി 817746 എന്ന നമ്പര്‍ ടിക്കറ്റാണ് ഒരു കെട്ടില്‍ അടുത്തടുത്തായി കണ്ടെത്തിയത്. 30ന് കൊല്ലം ലോട്ടറി ഓഫീസില്‍ നിന്നാണ് സ്ത്രീശക്തിയുടെ 300 ടിക്കറ്റുകള്‍ സന്തോഷ് വാങ്ങിയത്. 25 ടിക്കറ്റുകളാണ് ഒരു കെട്ടില്‍ വരുന്നത്.
ഞായറാഴ്ച വൈകീട്ട് കടയില്‍ നിന്നു സ്ഥിരം വാങ്ങുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നതിനു ബില്‍ തയാറാക്കുന്നതിനിടെയാണു പിഴവ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ലോട്ടറി വകുപ്പിന്റെ ആപ്പില്‍ രണ്ട് ടിക്കറ്റുകളും സ്‌കാന്‍ ചെയ്തപ്പോള്‍ ടിക്കറ്റിന്റെ വിവരങ്ങളും തന്റെ ഏജന്‍സിയുടെ പേരും രജിസ്‌ട്രേഷന്‍ നമ്പറും കണ്ടതോടെ അച്ചടിപ്പിശകാണെന്നു മനസ്സിലായി. തുടര്‍ന്ന് ഇന്നലെ ജില്ലാ ലോട്ടറി ഓഫീസര്‍ക്കും ലോട്ടറി ഡയറക്ടര്‍ക്കും പരാതി നല്‍കി.
ഈ ടിക്കറ്റുകള്‍ക്ക് സമ്മാനം അടിച്ചാല്‍ എങ്ങനെ തിരിച്ചറിയാന്‍ കഴിയുമെന്ന ആശങ്കയിലാണ് സന്തോഷ്. വ്യാജ ടിക്കറ്റ് ആകാമെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും സന്തോഷ് പറഞ്ഞു. അതേസമയം, ഒരേ നമ്പറിലെ ടിക്കറ്റുകള്‍ക്ക് സമ്മാനമടിച്ചാല്‍ രണ്ടിനും സമ്മാനത്തുക നല്‍കാന്‍ ഉത്തരവ് ഉണ്ടെന്നു തിരുവനന്തപുരം ജില്ലാ ലോട്ടറി ഓഫീസര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates