

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി.
ആത്മാഭിമാനമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ പിന്നീടത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരാണ് പരാതി നല്‍കിയത്. പ്രസ്താവന സ്ത്രീകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കലാണെന്ന് സലീം പരാതിയില്‍ പറയുന്നു.
ഐപിസി 305, 306, 108 വകുപ്പുകള്‍ പ്രകാരം മുല്ലപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ഐപിസി 305 പ്രകാരം 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചാല്‍ വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കുന്ന കുറ്റമാണ്. മുതിര്‍ന്ന സ്ത്രീകളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചാല്‍ പത്തു വര്‍ഷം തടവും ലഭിക്കും.
നിയമത്തില്‍ ഒരു വ്യക്തി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ മുല്ലപ്പള്ളി പ്രായഭേദമന്യേ ഒരു സമൂഹത്തെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്. മുന്‍ കേന്ദ്ര അഭ്യന്തര സഹമന്ത്രിയും നിരവധി തവണ എംപിയും കെപിസിസി പ്രസിഡന്റുമായ ഉന്നതനായ വ്യക്തി ഇങ്ങനെ പറയുന്നത് ഗൗരവമേറിയ കുറ്റകൃത്യമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ അപമാനിച്ചെന്ന് കാണിച്ച് സോളാര്‍ കേസ് പ്രതി വനിതാ കമ്മീഷന് പരാതി നല്‍കി. തീര്‍ത്തും മ്ലേച്ഛമായ പരാമര്‍ശങ്ങളാണ് കെപിസിസി അധ്യക്ഷന്‍ നടത്തിയതെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. മോശം പരാമര്‍ശത്തിന് ശേഷം ഖേദം പ്രകടിപ്പിച്ചത് കൊണ്ട് എന്തു കാര്യമാണുള്ളതെന്നും യുവതി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates