സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാതപ മുന്നറിയിപ്പ് 

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സ് 12 ആണ്. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ പാലക്കാടാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മറ്റൊരു പ്രദേശം കൊല്ലം പുനലൂരാണ്.കടുത്ത ചൂട് അനുഭവപ്പെടുന്ന 12 മുതല്‍ രണ്ടുമണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈസമയത്ത് പുറത്തിറങ്ങുന്നത് സൂര്യാതപമേല്‍ക്കാന്‍ കാരണമാകും. നന്നായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് ഭൂമിയില്‍ ഭൗമ കാന്തിക കൊടുങ്കാറ്റ് അനുഭവപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. സൂര്യനില്‍ നിന്ന് പുറന്തള്ളപ്പെട്ട അത്യധികം ചൂടുള്ള കണങ്ങള്‍ നാളെ ഭൂമിയില്‍ പതിക്കുന്നതിനാലാണിത്.

സൂര്യന്റെ ഉപരിതലത്തില്‍ നിന്നുള്ള ഏറ്റവും വലിയ സ്‌ഫോടനങ്ങളിലൊന്നാണ് കൊറോണല്‍ മാസ് എജക്ഷന്‍. ഈ കണങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനെയാണ് ഭൗമ കാന്തിക കൊടുങ്കാറ്റ് എന്ന് വിളിക്കുന്നത്. ഇവ ഉയര്‍ന്ന വേഗതയില്‍ ഭൂമിയിലേക്ക് സഞ്ചരിക്കുകയാണെന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ഇത് സഞ്ചാരപാതയിലെ ഉപഗ്രഹങ്ങളെയും, പവര്‍ ഗ്രിഡുകള്‍ തുടങ്ങിയ മനുഷ്യനിര്‍മ്മിത ഘടനകളെയും തകര്‍ക്കും. ഭൂമിയില്‍ പതിക്കുമ്പോള്‍ നമ്മുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തുക വരെ ചെയ്തേക്കും.

'മാര്‍ച്ച് 28ന് സൂര്യന്റെ 12975, 12976 എന്നീ മേഖലകളില്‍ നിന്ന് സൗരജ്വാലകള്‍ പുറത്തുവന്നു. ഈ തീജ്വാലകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ പതിക്കുന്നതിനാല്‍ കൊറോണല്‍ മാസ് എജക്ഷന്‍ മുലമുണ്ടാകുന്ന നേരിയ ഭൂകാന്തിക കൊടുങ്കാറ്റുകള്‍ക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 31ന് 496 മുതല്‍ 607 കിലോമീറ്റര്‍/സെക്കന്‍ഡ് വേഗതയില്‍ ഇത് ഭുമിയില്‍ പതിക്കുമെന്നാണ് കരുതുന്നത്', ബഹരാകാശ ശാസ്ത്ര സെന്ററിലെ ഗവേഷകര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com