കണ്ണൂർ: സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. എയർ ആംബുലൻസിൽ ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് മൃതദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ നേതാക്കൾ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
വിമാനത്താവളത്തിൽ നിന്ന് മൃതദേഹം മട്ടന്നൂരിലേക്ക് കൊണ്ടു പോകും. അവിടെ നിന്നായിരിക്കും വിലാപ യാത്ര ആരംഭിക്കുക. മട്ടന്നൂരിൽ നിന്ന് കൂത്തുപറമ്പും കടന്ന് തലശ്ശേരിയിൽ എത്തും. 14 ഇടങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാംമൈൽ, വേറ്റുമൽ, കതിരൂർ, പൊന്ന്യംസ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
മൃതദേഹം വിലാപ യാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടു പോകുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവർ തലശ്ശേരി ടൗൺ ഹാളിൽ അന്ത്യോപചാരമർപ്പിക്കും. ചില മന്ത്രിമാർ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. മറ്റ് മന്ത്രിമാരടക്കമുള്ള നേതാക്കൾ ടൗൺ ഹാളിലും എത്തുമെന്ന് ജയരാജൻ വ്യക്തമാക്കി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും നാളെ രാവിലെ എത്തിച്ചേരും. അവർ കണ്ണൂരിൽ വച്ചായിരിക്കും അഭിവാദ്യം ചെയ്യുന്നതും പുഷ്പചക്രം അർപ്പിക്കുന്നതും. മറ്റ് സംസ്ഥാനങ്ങളിലുള്ള പാർട്ടി നേതാക്കളും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ പലരും ആഗ്രഹിക്കുന്നുണ്ട്. ടൗൺ ഹാളിൽ വച്ചോ, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ വച്ചോ അവർക്കെല്ലാം കാണാൻ അവസരമൊരുക്കും.
പയ്യാമ്പലത്ത് സംസ്കാരം നടത്താനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ എകെജി, ഇകെ നായനാർ, ചടയൻ ഗോവിന്ദൻ, അഴീക്കോടൻ രാഘവൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെ അടക്കം ചെയ്തതിന് സമീപത്ത് കോടിയേരിക്കും ചിതയൊരുക്കും.
സ്വന്തം ആരോഗ്യം നോക്കാതെ പാർട്ടിയുടെ ആരോഗ്യത്തിനായി ജീവിതം ഒഴിഞ്ഞുവച്ച ഇത്തരമൊരു ബഹുജന നേതാവിന് പാർട്ടിയിൽപ്പെട്ടവർ മാത്രമല്ല ഇതര പാർട്ടി നേതാക്കളും കലാ, കായിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപാചാരമർപ്പിക്കാൻ എത്തിച്ചേരുന്നുണ്ട്. അവർക്ക് വേണ്ട സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
വഴിയുടെ ഇരു ഭാഗത്തും നിൽക്കുന്നവർക്കെല്ലാം അവിടെ നിന്ന് മൃതദേഹം കാണാൻ സാധിക്കുമെന്നതാണ് വിലാപ യാത്രക്കായി ഒരുക്കിയ വാഹനത്തിന്റെ പ്രത്യേകത. ആൾക്കൂട്ടമുള്ള സ്ഥലത്ത് ചെറിയ സമയം നിർത്തേണ്ടി വരും. ചിലർ റീത്ത് വയ്ക്കാനും മറ്റും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ അകത്തേക്ക് കയറാൻ സാധിക്കില്ല. പുറത്തു നിന്ന് എല്ലാവർക്കും കാണാൻ സാധിക്കും.
എല്ലാവർക്കും കാണാൻ സൗകര്യം ഒരുക്കിയായിരിക്കും വാഹനം തലശ്ശേരിയിൽ എത്തുക. കുറച്ച് സമയം എടുത്താലും അത് ചെയ്യാതിരിക്കാൻ കഴിയില്ല. ഇന്നും നാളെയുമായി എത്ര ജനങ്ങൾ വന്നാലും നിയന്ത്രിതമായി രണ്ട് സ്ഥലത്തും മൃതദേഹം കാണാനുള്ള അവസരം അവർക്കായി ഒരുക്കും.
തലശ്ശേരി, കണ്ണൂർ, ധർമ്മടം അസംബ്ലി മണ്ഡലങ്ങളിലും അദ്ദേഹം വിദ്യാർത്ഥി ജീവിതം ആരംഭിച്ച മാഹി അസംബ്ലി മണ്ഡലങ്ങളിലും നാളെ ഹർത്താൽ ആചരിക്കും. മൃതദേഹം സംസ്കരിക്കുന്ന ദിവസമായതു കൊണ്ടാണ് മൂന്നിന് ഹർത്താൽ ആചരിക്കാൻ അഭ്യർഥിച്ചിരിക്കുന്നത്. വാഹനങ്ങൾ, അവശ്യ സർവീസുകൾ, ഹോട്ടലുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates