

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന കനഗോലു സര്‍വേ ആണ് ശശി തരൂരുമായി സമവായത്തിലെത്താന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്. തരൂരുമായി ഇടഞ്ഞുനിന്നാല്‍ യുവാക്കളും സ്ത്രീകളുമടക്കമുള്ള ഒരുവലിയ വിഭാഗം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിന്റെ വീണ്ടുവിചാരത്തിന് കാരണമായി. സാധാരണനിലയില്‍ പത്തുമിനിറ്റ് മാത്രം സമയം അനുവദിച്ചിരുന്ന രാഹുല്‍ ഗാന്ധി ഇത്തവണ തരൂരുമായുള്ള കൂടിക്കാഴ്ചക്ക് അനുവദിച്ചത് രണ്ടുമണിക്കൂറിലേറെ നേരമാണ്.
പാര്‍ട്ടിക്കുള്ളിലെ ഐക്യവും ഏകോപനവും ഉറപ്പാക്കുന്നതായിരുന്നു ഇന്നത്തെ ചര്‍ച്ചയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തരൂരിന് പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കിയാതായാണ് വിവരം. ഖാര്‍ഗെ - രാഹുല്‍ ഗാന്ധി - തരൂര്‍ കൂടിക്കാഴ്ച രണ്ടുമണിക്കൂറിലധികം നേരം നീണ്ടു. ഇതിനിടെ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പടെ മറ്റ് വിഷയങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടിയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് തരൂര്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
തരൂരിന്റെ സേവനം കോണ്‍ഗ്രസിന് അത്യാവശ്യമാണെന്നും പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോല്‍ തരൂരിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നു രാഹുല്‍ പറഞ്ഞു. ഇതിനുമുമ്പ് 5 മുതല്‍ 10 മിനിറ്റ് വരെ മാത്രം തരൂരിന് സമയം അനുവദിച്ചിരുന്ന രാഹുല്‍ ഗാന്ധി, ആദ്യമായാണ് ഇത്രയും സമയം ചെലവഴിച്ചതെന്നും കൂടിക്കാഴ്ചയില്‍ തരൂര്‍ തികഞ്ഞ സംതൃപ്തനാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. തരൂരിനോട് എതിര്‍പ്പുള്ള കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായ സന്ദേശം നല്‍കാന്‍ ഈ കൂടിക്കാഴ്ച സഹായിക്കും.
തരൂരിന്റെ ജനപ്രീതിയും സ്വാധീനവും പാര്‍ട്ടിക്ക് ഗുണകരമാണെന്നും അദ്ദേഹം പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തിരിച്ചടിയാകുമെന്നും ഹൈക്കമാന്‍ഡ് കരുതുന്നു. മുന്‍പ് മോദിയെ പ്രകീര്‍ത്തിച്ച തരൂരിന്റെ ചില പരാമര്‍ശങ്ങളില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും, തന്റെ നിലപാടുകള്‍ അന്താരാഷ്ട്ര നയതന്ത്രത്തിന്റെ പശ്ചാത്തലത്തിലുള്ളതാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളില്‍ നിന്ന് താന്‍ മാറിയിട്ടില്ലെന്നും തരൂര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
'ഞാന്‍ എന്റെ നേതാക്കളുമായി സംസാരിച്ചു, എല്ലാം ശുഭകരം, ഞങ്ങള്‍ ഒരേ മനസ്സോടെ ഒത്തൊരുമിച്ച് മുന്നോട്ട് പോകും. ഇതില്‍ കൂടുതല്‍ എന്ത് പറയാനാണ്?' -കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പരാതിയുണ്ടോ എന്ന ചോദ്യത്തിന്, താന്‍ പുതിയ സ്ഥാനങ്ങള്‍ ഒന്നും ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് തന്നിലുള്ള വിശ്വാസമാണ് വലുതെന്നുമായിരുന്നു മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates