

കൊച്ചി: ആഡംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ജയബാലകൃഷ്ണന്‍ മരിച്ച വാഹനാപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കേസില്‍ പ്രതിയായ 17കാരന്‍ ഓടിച്ച ബെന്‍സ് കാര്‍ അമിത വേഗത്തിലായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു. 104 കിലോമീറ്റര്‍ സ്പീഡില്‍ ആണ് കാര്‍ ഓടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. വേഗതയുടെ ദൃശ്യങ്ങള്‍ 17കാരന്റെ മൊബൈലില്‍ കണ്ടെത്തിയിട്ടുണ്ട്.
പതിനേഴുകാരനെതിരെ 181, 183 മോട്ടോര്‍ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതയില്‍ വാഹനം ഓടിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 17കാരന്‍ ആദ്യമായി കാറെടുത്തതാണെന്ന പിതാവിന്റെ വാദം തെറ്റാണെന്നും ജയബാലകൃഷ്ണന്റെ കുടുംബം പറയുന്നു. 17 കാരന്‍ വാഹനം ഓടിച്ചിരുന്ന ചിത്രങ്ങളും 208 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.
ആദ്യമായാണ് അവന്‍ കാറോടിക്കുന്നതെന്നായിരുന്നു ജഡ്ജി അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17 കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
ഇത് വിവാദമായതോടെ രാത്രി വീണ്ടും 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത പതിനേഴുകാരനെ, പന്ത്രണ്ടരയോടെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു. പ്രതിയെ ജാമ്യത്തില്‍ വിട്ടതിനെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവരുന്നതു വരെ സ്റ്റേഷനു മുന്നില്‍ കുത്തിയിരിക്കുമെന്നാണ് ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates