

കൊച്ചി: കമ്പനികള്‍ ഉല്പന്നത്തിന്റെ നിര്‍മാണം അവസാനിപ്പിച്ചാലും വിറ്റഴിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാക്കേണ്ടത് നിര്‍മാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഉപകരണം റിപ്പയര്‍ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിച്ച സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സ് 96,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടു. ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡര്‍ ആയിരുന്ന എറണാകുളം സ്വദേശി കീര്‍ത്തി എം കുര്യന്‍സ് സമര്‍പ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്.
2016 ജൂലൈ മാസത്തില്‍ 72,000 രൂപ നല്‍കി സാംസങ് ഇലട്രോണിക്സിന്റെ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ വാങ്ങി. എന്നാല്‍ 2021 മുതല്‍ റഫ്രിജറേറ്ററിന്റെ കൂളിങ് ശേഷിക്ക് തകരാര്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് കമ്പനി നിയോഗിച്ച ടെക്നിഷ്യന്‍ പലവിധ റിപ്പയറിങ് നടത്തിയിട്ടും പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍, 15 ശതമാനം വിലക്കുറവോടെ പുതിയ ഫ്രിഡ്ജ് വാങ്ങാനുള്ള കൂപ്പണ്‍ കമ്പനി വാഗ്ദാനം ചെയ്തു.
കമ്പനിയുടെ ഈ വാഗ്ദാനം പര്യാപ്തമല്ലാത്തതിനാലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഒരു വര്‍ഷ വാറണ്ടി കാലാവധി പൂര്‍ത്തിയായെന്നും ഫ്രിഡ്ജിന് നിര്‍മ്മാണ വൈകല്യം ഇല്ലെന്നും, പരാതിക്കാരന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കാത്തതാണ് തകരാറിന് കാരണമെന്നും എതിര്‍കക്ഷി വാദിച്ചു. ഫ്രിഡ്ജ് റിപ്പയര്‍ ചെയ്യാന്‍ കഴിയില്ലെന്നും സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭ്യമല്ലെന്നും കോടതി നിയോഗിച്ച വിദഗ്ദ്ധന്‍ റിപ്പോര്‍ട്ട് നല്‍കി.
വലിയ വില കൊടുത്ത് ഉപഭോക്താവ് ഒരു ഉപകരണം വാങ്ങുന്നത് വാറണ്ടി കാലയളവില്‍ മാത്രം ഉപയോഗിക്കാനല്ല. ഉല്‍പ്പന്നത്തിന്റെ ഏതെങ്കിലും ഘടകം പ്രവര്‍ത്തന രഹിതമായാല്‍ അത് മാറ്റി പ്രവര്‍ത്തനക്ഷമമാക്കാനുള്ള അവകാശം നിഷേധിക്കുകയും കൂടിയ വിലകൊടുത്ത് പുതിയ ഉത്പന്നം വാങ്ങാന്‍ കമ്പനി ആവശ്യപ്പെടുകയും ചെയ്യുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍ അധാര്‍മിക വ്യാപാര രീതിയും ഇലക്ട്രോണിക് മാലിന്യങ്ങളുടെ വര്‍ദ്ധനവിന് ആക്കം കൂട്ടുന്ന പ്രവര്‍ത്തിയുമാണെന്ന് കോടതി വിലയിരുത്തി.
ഫ്രിഡ്ജിന്റെ അഞ്ചുവര്‍ഷത്തെ തേയ്മാനം കണക്കിലെടുത്ത് എതിര്‍ കക്ഷി 36,000 രൂപ ഒരു മാസത്തിനകം ഉപഭോക്താവിന് നല്‍കണം. കൂടാതെ നഷ്ടപരിഹാരം, കോടതി ചെലവ് എന്നീ ഇനങ്ങളില്‍ അറുപതിനായിരം രൂപയും 9 ശതമാനം പലിശയും എതിര്‍കക്ഷി നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കി. കമ്മീഷന്‍ അദ്ധ്യക്ഷന്‍ അഡ്വ. ഡി ബി ബിനു, മെമ്പര്‍ മാരായ അഡ്വ. വൈക്കം രാമചന്ദ്രന്‍ , അഡ്വ. ടി എന്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന ബെഞ്ചാണ് ഉത്തരവിട്ടത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates