

തിരുവനന്തപുരം:കോങ്ങാട് എം എല്‍ എ കെ വി വിജയദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കര്‍ഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ അകാലവിയോഗം. കര്‍ഷക കുടുംബത്തില്‍ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂര്‍വമായി പ്രവര്‍ത്തിച്ചു. പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കിയ നേതാവായിരുന്നു വിജയദാസ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കി. നിയമസഭയിലെ പ്രവര്‍ത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്‌നങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് സഹകരണ രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് രാത്രി 7.45നാണ് മരിച്ചത്. 61 വയസായിരുന്നു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.ഡിസംബര്‍ 11നാണ് അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് കാരണം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.
യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന കെ വി വിജയദാസ് ജനകീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എപ്പോഴും മുന്‍പന്തിയില്‍ നിന്ന പാതുപ്രവര്‍ത്തകനായിരുന്നു. മികച്ച സഹകാരിയും കര്‍ഷകനുമാണ്. 2011 മുതല്‍ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ വി വിജയദാസ് മണ്ഡലത്തില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
എലപ്പുള്ളിയില്‍ കെ വേലായുധന്റെയും എ. താതയുടെയും ആറ് മക്കളില്‍ മൂത്ത മകനായി 1959 മെയ് 25ന് ജനനം. യുവജനസംഘംടനയായ കെഎസ് വൈഎഫിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാവുന്നത്. 1987 ല്‍ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്തുകള്‍ രൂപീകരിച്ചതോടെ 1995ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി. തുടര്‍ന്നുള്ള അഞ്ച് വര്‍ഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates