കൊച്ചി: കേരളം തീവ്ര മഴയെ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, അമേരിക്കയിലെ മിയാമി യൂണിവേഴ്സിറ്റി, ഇന്ത്യൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളജി എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ പഠനത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
2018ലും 2019ലുമുണ്ടായ പ്രളയത്തെ അധികരിച്ചാണ് പഠനം നടത്തിയത്. 2019ലേതു പോലുള്ള തീവ്ര മഴ കേരളത്തിൽ ഉണ്ടായാൽ വൻ നാശത്തിനു വഴിവെക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. തീവ്ര മഴ തുടർന്നാൽ അത് പശ്ചിമഘട്ടത്തിലെ അതിലോല പരിസ്ഥിതിക്ക് പരിക്കേല്പിക്കും. ഇത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, സോയിൽ പൈപ്പിങ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമാകാം.
കേരളത്തിലെ മഴപ്പെയ്ത്തിൻറെ സ്വഭാവമാറ്റം കൂടുതൽ ശ്രദ്ധയോടെ നിരീക്ഷണ വിധേയമാക്കണം. മഴപ്പെയ്ത്തിന്റെ സ്വഭാവമാറ്റം വിലയിരുത്തി അത് സൃഷ്ടിക്കാൻ പോകുന്ന ആഘാതം മനസ്സിലാക്കണം. ഇതിലൂടെ ഭാവിയിൽ അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങൾ ആവിഷ്കരിക്കാൻ കഴിയണം എന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ പേരുടെ മരണത്തിന് ഇടയാക്കിയതും 2018ലെ പ്രളയമായതിനാലാണ് ഇത്. താരതമ്യേന തീവ്രത കുറഞ്ഞ പ്രളയമായാണ് 2019ലെ പ്രളയത്തെ കാണുന്നത്. എന്നാൽ 2019ലെ പ്രളയമഴയുടെ സ്വഭാവമാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നതാണെന്നാണ് പഠന റിപ്പോർട്ടിലുള്ളത്. 2018, 2019 വർഷങ്ങളിൽ സംസ്ഥാനത്ത് മൺസൂൺ സീസണിൽ ആകെ കിട്ടിയ മഴയുടെ അളവിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.
2019 ഓഗസ്റ്റ് എട്ടിനു പെയ്ത മഴയ്ക്ക് ഉത്തരേന്ത്യയിൽ പലപ്പോഴും സംഭവിക്കുന്ന മേഘ വിസ്‌ഫോടനത്തിൻറെ സ്വഭാവമായിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓഗസ്റ്റ് 8ന് പെയ്ത മഴയാണ് മഴപ്പെയ്ത്തിന്റെ സ്വഭാവ മാറ്റത്തെ സൂചിപ്പിക്കുന്നത്.
തീവ്രതയിൽ അല്പം കുറഞ്ഞതും അസാധാരണമായി കൂടുതൽ പ്രദേശങ്ങളെ ബാധിക്കുന്നതുമായ മേഘ വിസ്‌ഫോടനം ആയിരുന്നു ഇതെന്നാണ് ഗവേഷകർ കണ്ടെത്തിയത്. 15-20 സ്ക്വയർ കിലോമീറ്റർ പരിധിയിലാണ് സാധാരണ മേഘ വിസ്‌ഫോടനം ഉണ്ടാവുക. എന്നാൽ കേരളത്തിൽ
ഇത് അനുഭവപ്പെട്ടത് വിസ്തൃതിയേറിയ പ്രദേശത്താണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates