'ആരിഫ് മുഹമ്മദ് ഖാന്‍ ജന്മിയെ പോലെയായിരുന്നു, പുതിയ ഗവര്‍ണര്‍ വന്നത് ആശ്വാസം': ആര്‍ ബിന്ദു- വിഡിയോ

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപേക്ഷിച്ച് ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കാര്യങ്ങളെ സമചിത്തതയോടെ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു
The new governor makes an effort to understand things' - R. Bindu
ആരിഫ് മുഹമ്മദ് ഖാന്‍, രാജേന്ദ്ര ആര്‍ലേക്കര്‍ഫയൽ
Updated on
1 min read

തിരുവനന്തപുരം: മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപേക്ഷിച്ച് ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കാര്യങ്ങളെ സമചിത്തതയോടെ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. 'ആര്‍എസ്എസ് രാഷ്ട്രീയം അദ്ദേഹത്തിന് ഉണ്ടായിരിക്കാം. പക്ഷേ ഞങ്ങളോടുള്ള പെരുമാറ്റത്തില്‍ ആ രാഷ്ട്രീയം കാണിച്ചിട്ടില്ല. പരസ്പര ബഹുമാനത്തോട് കൂടിയാണ് അദ്ദേഹം പെരുമാറിയത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒരു നയതന്ത്ര ബന്ധമാണ് വേണ്ടത്.'- ആര്‍ ബിന്ദു പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍പത്തെ ഗവര്‍ണറില്‍ നിന്ന് ആ സമീപനം ആയിരുന്നില്ല. കീഴ് നിലയിലുള്ള ആളുകളോട് പെരുമാറുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ജന്മിത്വ രീതിയിലാണ് അദ്ദേഹം പെരുമാറിയിരുന്നത്. എന്നാല്‍ നിലവിലെ ഗവര്‍ണര്‍ അതില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് സ്വകാര്യ സര്‍വകലാശാല ബില്ലില്‍ ഒപ്പുവെയ്ക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി ആര്‍ ബിന്ദു പ്രത്യാശ പ്രകടിപ്പിച്ചു.

'എന്നെ ആദ്യം കാണുമ്പോള്‍ തന്നെ മുന്‍ ഗവര്‍ണര്‍ മുന്‍വിധിയോട് കൂടിയാണ് സംസാരിച്ചത്. പറയുന്നത് ഒന്നും ശ്രദ്ധിക്കില്ല. അംഗീകരിക്കില്ല എന്നതായിരുന്നു നിലപാട്. അദ്ദേഹം ഏകപക്ഷീയമായി പറയുന്നത് ഞങ്ങള്‍ കേള്‍ക്കുന്നതായിരുന്നു അന്നത്തെ പതിവ്. അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. അദ്ദേഹത്തിന് മലയാളം അറിയില്ലല്ലോ. ഒരാള്‍ക്ക് അവരുടെ അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. ജനാധിപത്യരാജ്യത്ത് അതിനുള്ള അവകാശമുണ്ട്. എന്നാല്‍ വലിയ രീതിയില്‍ ഒരു സര്‍ക്കാരിനെ ഇകഴ്ത്തി കാട്ടുന്ന സമീപനം ഒരു ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാാവാന്‍ പാടില്ല. മുഖ്യമന്ത്രിയെയും എന്നെയും ക്രിമിനല്‍ എന്ന് വിളിക്കുക. എല്ലാ മന്ത്രിസഭാംഗങ്ങളും ക്രിമിനലുകള്‍ ആണെന്ന് പറയുക. അതൊന്നും എവിടെയും രാജ്യചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ പരമാവധി സംയമനം പാലിക്കുകയാണ് ചെയ്തത്. പ്രകോപനപരമായ ഒരു സമീപനവും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ അതില്‍ മാറ്റം വന്നു. ആരിഫ് മുഹമ്മദ് ഖാന് പകരം പുതിയ ഗവർണർ വന്നത് വലിയ ആശ്വാസമാണ്. മാധ്യമങ്ങളില്‍ അഭിരമിക്കുന്ന ആളല്ലെന്നും മറ്റുള്ളവര്‍ പറയുന്നതിന് അനുസരിച്ച് തീരുമാനമെടുക്കുന്ന വ്യക്തിയല്ലെന്നുമാണ് പുതിയ ഗവര്‍ണര്‍ പറഞ്ഞത്.'- മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com