തിരുവനന്തപുരം :നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം. എന്‍എസ്എസ് ആര്‍എസ്എസിന്റെ വാലാകാന്‍ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാടിനൊപ്പം സമുദായാംഗങ്ങള്‍ ഉണ്ടാകില്ല. ഇത് വോട്ടെണ്ണി കഴിയുമ്പോള്‍ മനസിലാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ആര്‍എസ്എസുമായി സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ ശ്രമിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താല്‍പര്യത്തിന് എതിരാണെന്ന് സുകുമാരന്‍ നായരെ പോലുള്ള നേതാക്കള്‍ മനസിലാക്കണം. സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കില്ല.
മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ ഉള്‍പ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്. വര്‍ഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്‌ക്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എന്‍എസ്എസ് നോക്കുന്നില്ല. സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണം. പരിധി വിടുമ്പോഴാണ് പ്രശ്‌നമെന്നും ലേഖനത്തില്‍ വിജയരാഘവന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍എസ്എസ് നേതൃത്വം സ്വീകരിച്ചത് തെറ്റായ നിലപാടാണ്. എന്‍എസ്എസ് സ്ഥാപകന്‍ മന്നത്തു പത്മനാഭനും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. വിമോചന സമരത്തില്‍ പ്രതിലോമശക്തികള്‍ക്കൊപ്പം സമുദായ സംഘടനകള്‍ ചേര്‍ന്നെന്നാണ് വിമര്‍ശനം. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ദേശാഭിമാനിയില്‍ മന്നത്തെ പുകഴ്ത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates