തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ ആളെ നിര്‍ദേശിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. മേയര്‍ എന്ന നിലയില്‍ കത്ത് തയ്യാറാക്കുകയും അതില്‍ ഒപ്പിടുകയും ചെയ്തിട്ടില്ല. കത്ത് ആരെങ്കിലും ബോധപൂര്‍വ്വം നിര്‍മ്മിച്ചതാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ പറയാന്‍ പറ്റു. അത്തരമൊരു കത്ത് കൊടുക്കുന്ന ശീലം സിപിഎമ്മിനില്ല. അങ്ങനെ ഇടപെടല്‍ ഇതുവരെയും നടത്തിയിട്ടില്ല. ഇനി നടത്താന്‍ ഉദ്ദേശിക്കുന്നുമില്ല.- ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മേയര്‍.
മേയറുടെ ഓഫീസില്‍ നിന്ന് വ്യക്തമാക്കിയതുപോലെ അത്തരത്തിലുള്ളൊരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ അത് ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് കൊടുക്കയോ ചെയ്തിട്ടില്ല. അതാണ് സത്യാവസ്ഥ എന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.
തന്റേതല്ലാത്ത കത്തിന്റെ ഉറവിടം എന്താണെന്ന് പരിശോധിക്കണം. അതുപയോഗിച്ച് ചില ഇടങ്ങളില്‍നിന്ന് മേയര്‍ എന്ന നിലയില്‍ തന്നെ അധിക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നു. അതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്നും ആര്യ മാധ്യമങ്ങളോട് പറഞ്ഞു.
കത്തിന്റെ ഒര്‍ജിനല്‍ കോപ്പി ഇതുവരെ കണ്ടിട്ടില്ല. താന്‍ കാണുന്നത് ലെറ്റര്‍ പാഡ് എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒപ്പിന്റെയും പേരിന്റെയും ഭാഗം ഹൈലൈറ്റ് ചെയ്തും ഡേറ്റ് ഭാഗം വരുന്നത് അപ്രധാനമെന്ന തരത്തിലും പ്രചരിക്കുന്ന കത്താണ്. അതുകൊണ്ടാണ് സംശയം വര്‍ധിപ്പിക്കുന്നത്. മാധ്യമങ്ങള്‍ കണ്ട ലെറ്റര്‍ ഹെഡ് മാത്രമാണ് താന്‍ കണ്ടത്. ലെറ്റര്‍ ഹെഡും ഒപ്പും വരുന്ന ഭാഗം വ്യക്തമല്ല.
ഇന്ന് പത്രമാധ്യമങ്ങളില്‍ വന്നത് ഓഫീസിലെ ചിലരെ സംശയിക്കുന്നു എന്നാണ്. അങ്ങനെയൊരു സംശയവുമില്ല. അങ്ങനെ ഒരാളെയും സംശയിക്കേണ്ടതില്ല. നഗരസഭ ജീവനക്കാര്‍ അങ്ങേയറ്റം വിശ്വസിക്കേണ്ടതും പകലും രാത്രിയും ഇല്ലാതെ നമ്മുടെ കൂടെ പ്രവര്‍ത്തിക്കുന്നവരാണ്. നേരത്തെ ചില ജീവനക്കാര്‍ തെറ്റു കാണിച്ചപ്പോള്‍ ഒരു ദയയും ദാക്ഷിണ്യവും നോക്കാതെ, ശരിയെന്തൊണോ
അതിന്റെ കൂടെനിന്ന് നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതിന് മുന്‍പ് എനിക്ക് ഇന്നയാളെ സംശയമുണ്ടെന്ന് പറയുന്നത് ശരിയല്ല.
ഒന്നാംതീയതി എന്ന ഡേറ്റിലാണ് കത്ത് പ്രചരിക്കുന്നത്. അതിന് മുന്‍പ് ഒക്ടോബര്‍ മാസത്തില്‍ തന്നെ ഈ തസ്തികകളിലേക്ക് ഇന്റര്‍വ്യു ക്ഷണിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. വിവാദത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ കാര്യങ്ങള്‍ സുതാര്യമായി ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്തം മാത്രമേ തനിക്കുള്ളുവെന്നും അതുകൊണ്ടാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ സര്‍ക്കാരുമായി ആചോലിച്ച് തീരുമാനമെടുത്തതെന്നും മേയര്‍ വ്യക്തമാക്കി.
തന്നെ പിന്തുടര്‍ന്ന മാധ്യമങ്ങളെയും മേയര്‍ വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ഇടപടെല്‍ കൗതുകമായി തോന്നി, ഏതൊ ഒരു കള്ളനെ പിടിച്ചുകൊണ്ടു വരുന്നതുപോലെയാണ് തുടര്‍ച്ചയായി പിന്തുടര്‍ന്ന് വരുന്നത്. തന്റേതല്ലാത്ത കത്ത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അതിന്റെ പരാതി മുഖ്യമന്ത്രിക്ക് കൊടുക്കണം എന്ന് തീരുമാനിച്ചയാളാണ് താന്‍. മറച്ചുവയ്ക്കാനോ ഒളിച്ചുവയ്ക്കാനോ ഉണ്ടെങ്കില്‍ അങ്ങനെയൊരു നടപടിയിലേക്ക് പോകേണ്ടതില്ലെന്ന അഭിപ്രാമുള്ള ആളാണ്. അങ്ങനെയുള്ള സമയത്ത് ശരിയായ സമീപനമല്ല ചില ആളുകളുടെ ഭാഗത്തുനിന്നുണ്ടായത് എന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates