കേക്കില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം!; ഇന്ത്യയില്‍ ക്രിസ്മസ് കേക്ക് എത്തിയ കഥ 

ഇന്ത്യയില്‍ കേക്ക് എത്തിച്ചതിന് പിന്നിലെ പങ്ക് കേരളത്തിനാണ് എന്ന് പറഞ്ഞാല്‍ അതിശയകരമായി തോന്നിയേക്കാം
മമ്പള്ളി ബേക്കറി, ഫെയ്‌സ്ബുക്ക്‌
മമ്പള്ളി ബേക്കറി, ഫെയ്‌സ്ബുക്ക്‌
Updated on
2 min read

ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. വൈനും കേക്കുമില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം എന്ന് ചിന്തിക്കുന്നവരാണ് ഏറെ ആളുകളും. എന്നാല്‍ ഇന്ത്യയില്‍ കേക്ക് എങ്ങനെയാണ് എത്തിയത് എന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഇന്ത്യയില്‍ കേക്ക് എത്തിച്ചതിന് പിന്നിലെ പങ്ക് കേരളത്തിനാണ് എന്ന് പറഞ്ഞാല്‍ അതിശയകരമായി തോന്നിയേക്കാം. എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ കേക്കുണ്ടാക്കിയത് കണ്ണൂര്‍ തലശേരിയിലാണ് എന്നാണ് അവകാശവാദം. ബേക്കറി രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി തലയെടുപ്പോടെ നില്‍ക്കുന്ന മമ്പള്ളി ബേക്കറിയാണ് ആദ്യമായി ഇന്ത്യക്കാര്‍ക്ക് കേക്ക് പരിചയപ്പെടുത്തിയതെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് മമ്പള്ളി പറയുന്നു. 

പ്രകാശ് മമ്പള്ളിയുടെ വാക്കുകള്‍:

'1883ല്‍ തലശേരിയിലെ ഒരു ബേക്കറി നടത്തിപ്പുകാരനായിരുന്ന മമ്പള്ളി ബാപ്പു ആണ് ആദ്യമായി ഇന്ത്യയില്‍ കേക്ക് ഉണ്ടാക്കിയത്. മമ്പള്ളി ബാപ്പുവിന്റെ അനന്തരവന്‍ ആണ് എന്റെ മുത്തച്ഛന്‍ ഗോപാല്‍ മമ്പള്ളി.

1883ല്‍ ക്രിസ്മസിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് തോട്ടം ഉടമ മര്‍ഡോക്ക് ബ്രൗണ്‍ എന്ന സായിപ്പ് റോയല്‍ ബിസ്‌കറ്റ് ഫാക്ടറിയില്‍ എത്തി. ക്രിസ്മസ് ആഘോഷത്തിനായി ഒരു കേക്ക് ഉണ്ടാക്കി തരാമോ എന്ന് ചോദിച്ചായിരുന്നു സായിപ്പ് മമ്പള്ളി ബാപ്പുവിനെ സമീപിച്ചത്്. കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന കാര്യം മര്‍ഡോക്ക് വിശദമായി പറഞ്ഞു കൊടുത്തു.

ബര്‍മയിലെ( ഇന്ന് മ്യാന്മാര്‍) ബിസ്‌കറ്റ് ഫാക്ടറിയില്‍ ജോലി ചെയ്തത് വഴി ബ്രെഡും ബിസ്‌കറ്റും ഉണ്ടാക്കാനുള്ള വൈദഗ്ധ്യം  മമ്പള്ളി ബാപ്പുനേടിയിരുന്നു. എന്നാല്‍ കേക്ക് ഇതുവരെ ഉണ്ടാക്കിയിരുന്നില്ല. മര്‍ഡോക്ക് പറഞ്ഞു കൊടുത്ത ടിപ്പ്‌സിന്റെ സഹായത്തോടെ ഒരു കേക്ക് ഉണ്ടാക്കാനുള്ള വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു. 

ഈത്തപ്പഴം, ഉണക്കമുന്തിരി, മാഹിയില്‍ നിന്നുള്ള ഫ്രഞ്ച് ബ്രാണ്ടി, കൊക്കോ പൗഡര്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ രുചികരമായ കേക്കിന് ബദലാണ് പരീക്ഷിച്ചത്.   ധര്‍മ്മടത്തെ ഫാമുകളില്‍ നിന്നും ശേഖരിച്ച സുഗന്ധവ്യഞ്ജനങ്ങളും ബ്രാണ്ടിക്ക് പകരം കശുവണ്ടിയും, കദളിപ്പഴം, വാഴപ്പഴം എന്നിവയെല്ലാം മിക്‌സ് ചെയ്ത് ഒരു ഗംഭീര  കേക്ക് ആണ് മമ്പള്ളി ബാപ്പു തയ്യാറാക്കിയത്.

10 ദിവസത്തിന് ശേഷം മമ്പള്ളിയുടെ കേക്ക് വാങ്ങാന്‍ മര്‍ഡോക്ക് എത്തി. ഒറിജിനല്‍ പ്ലം കേക്ക് പോലെയായിരുന്നില്ലെങ്കിലും, മമ്പള്ളി ബാപ്പുവിന്റെ കേക്കില്‍ മര്‍ഡോക്ക് വീണു. അതോടെ വലിയൊരു ചരിത്രത്തിന് അവിടെ തുടക്കമാവുകയായിരുന്നു. വലിയ ഒരു ഓര്‍ഡര്‍ നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.'

ഈ കഥയ്ക്ക് ഔദ്യോഗിക പരിവേഷം നല്‍കാനുള്ള തെളിവുകള്‍ ഒന്നും ഇല്ല. മമ്പള്ളി ബാപ്പു തുടക്കമിട്ട ബേക്കറി ബിസിനസിന്റെ പെരുമ ഇന്നും തലശേരിയില്‍ നിറഞ്ഞുനില്‍ക്കുന്നു. മമ്പള്ളി ബാപ്പുവിന്റെ പിന്‍തലമുറക്കാര്‍ ഈ പാരമ്പര്യത്ത നെഞ്ചിലേറ്റി ബിസിനസ് ഭംഗിയായി കൊണ്ടുപോകുന്നു. ഇന്ത്യക്കാരുടെ ഇടയില്‍ ബ്രിട്ടീഷ് ഭക്ഷണത്തിന്റെ സ്വാദ് ജനകീയമാക്കുന്നതില്‍ മമ്പള്ളി ബാപ്പു വലിയ സംഭാവന നല്‍കിയതായും പ്രകാശ് മമ്പള്ളി അവകാശപ്പെടുന്നു.

ഒന്നാം ലോകമഹായുദ്ധ കാലത്ത് കേക്കുകളും മധുരപലഹാരങ്ങളും മമ്പള്ളി ബാപ്പു കയറ്റുമതി ചെയ്തു. പിന്നീട് മമ്പള്ളി കുടുംബം വിവിധ പേരുകളിലായി നിരവധി ബേക്കറി ഷോപ്പുകള്‍ വിവിധയിടങ്ങളിലായി തുടങ്ങമിട്ടതായും പ്രകാശ് മമ്പള്ളി പറയുന്നു. നിലവില്‍ കേക്ക് സ്‌നേഹികളുടെ ഇഷ്ട സ്ഥലമാണ് ഈ ബേക്കറികള്‍.

മമ്പള്ളി കുടുംബത്തിന്റെ ആദ്യ ബേക്കറി തലശേരിയിലാണ് തുടങ്ങിയത്. തന്റെ മുത്തച്ഛന്‍ ഗോപാല്‍ മമ്പള്ളിക്കാണ് പിന്തുടര്‍ച്ചാവകാശമായി ഇത് ലഭിച്ചത്. ഗോപാല്‍ മമ്പള്ളിയുടെ പതിനൊന്ന് മക്കളും കുടുംബ ബിസിനസില്‍ ചേര്‍ന്നതായും പ്രകാശ് മമ്പള്ളി പറയുന്നു. തലശേരിയില്‍ ചെറിയ ഷോപ്പായി തുടങ്ങിയ മമ്പള്ളി ബേക്കറി വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ച് വലിയൊരു ബിസിനസ് ശൃംഖലയായി മാറിയതായും അദ്ദേഹം പറഞ്ഞു.

ഗുണമേന്മയില്‍ ഇപ്പോഴും ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് കേക്ക് നിര്‍മ്മിക്കുന്നത്. നിലവില്‍ പലതരത്തിലുള്ള കേക്കുകളാണ് ഉണ്ടാക്കുന്നത്. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്നതായും കുടുംബം പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com