

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇടതുമുന്നണിയെ സ്‌നേഹിക്കുന്നവരല്ല വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നില്‍. എല്‍ഡിഎഫില്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍, മുന്നണിയില്‍ ചില കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വമായി ചില ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനമാണിത്.
അവരുടെ ലക്ഷ്യം എന്താണെന്ന് വരും ദിവസങ്ങളില്‍ മനസ്സിലാക്കാന്‍ പറ്റും. ഏതായാലും ഇപ്പോള്‍ ഈ വിഷയവുമായിട്ടുള്ള ചര്‍ച്ചയ്ക്ക് ഒരു പ്രസക്തിയുമില്ല. എല്‍ഡിഎഫ് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സമയാസമയം ചര്‍ച്ച ചെയ്യും. 20 ന് ഇടതുമുന്നണി യോഗം ചേരാനിരിക്കുകയാണ്. രണ്ടുമാസങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യേണ്ട വിഷയം, മാസങ്ങള്‍ക്ക് മുമ്പേ ചര്‍ച്ച ചെയ്യുന്ന പതിവ് എല്‍ഡിഎഫിനും ഇല്ല, സിപിഎമ്മിനും ഇല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
'മാധ്യമസൃഷ്ടിയുടെ പിന്നില്‍ ചില ശക്തികളുണ്ട്'
ഇപ്പോഴത്തെ ചര്‍ച്ച മാധ്യമസൃഷ്ടി മാത്രമാണെന്ന് പറയുന്നില്ല. പക്ഷേ ആ മാധ്യമസൃഷ്ടിയുടെ പിന്നില്‍ ചില ശക്തികളുണ്ട്. ധാരണ ഉണ്ടെങ്കില്‍ മാറേണ്ടി വരും. രണ്ടര വര്‍ഷം ആണ് കാലാവധിയെങ്കില്‍ അതിനു മുമ്പേ മാറിയാല്‍ മാത്രമേ, നേരത്തെ മാറ്റി എന്ന ആക്ഷേപം വരേണ്ട കാര്യമുള്ളൂ. എത്രകാലം മന്ത്രിയായിരിക്കണം, ഏതു വകുപ്പ് ഏതു മന്ത്രി കൈകാര്യം ചെയ്യണം എന്നതൊക്കെ തീരുമാനിക്കുന്നതില്‍ എല്‍ഡിഎഫിന് ഒരു ബുദ്ധിമുട്ടുമില്ല.
മന്ത്രിസഭാ രൂപീകരണ വേളയില്‍ ഒരുപാട് ആശങ്കകളും ഒരുപാട് വാര്‍ത്തകളുമെല്ലാം പ്രചരിച്ചിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും അടിസ്ഥാനമുണ്ടായിരുന്നില്ല. സമയാസമയങ്ങളില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനും, എല്‍ഡിഎഫിന് കോട്ടം തട്ടാത്ത തീരുമാനങ്ങള്‍ എടുക്കാനും കരുത്തുള്ള മുന്നണിയാണിത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനങ്ങള്‍ മുന്നണി കൈക്കൊള്ളും.
'സംഭവിക്കാന്‍ പോകുന്നത് പ്രവചിക്കാന്‍ കഴിയില്ല'
കേരള രാഷ്ട്രീയത്തില്‍ ഓരോ കാലഘട്ടത്തിലും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നു പ്രവചിക്കാന്‍ കഴിയില്ല. രണ്ടു മാസങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യേണ്ട കാര്യം ഇപ്പോഴേ ചര്‍ച്ച ചെയ്യേണ്ടതില്ല. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയായിരിക്കണമെന്നില്ല, അപ്പോഴത്തെ സാഹചര്യം. ആ രാഷ്ട്രീയ കാലാവസ്ഥയും കൂടി എല്ലാ തീരുമാനങ്ങള്‍ക്കും ഒരു ഘടകമായിരിക്കും.
മധുര കോട്ടയില്‍ കയറുന്നതിന് ഇവിടുന്നേ കുനിയേണ്ട കാര്യമില്ലല്ലോയെന്നും ആന്റണി രാജു പറഞ്ഞു. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ കാര്യങ്ങള്‍, ഭരണപരമായ മികവ് തുടങ്ങിയവയാണ് പരിഗണിക്കുന്നത്. അല്ലാതെ ജാതി, മതം തുടങ്ങിയവ നോക്കി തീരുമാനമെടുക്കുന്ന മുന്നണിയല്ല എല്‍ഡിഎഫ്. പെര്‍മോഫന്‍സ് എന്നത് ഒരു മന്ത്രിയുടേതോ, ഒരു വ്യക്തിയുടേതോ അല്ല, പകരം മുന്നണിയുടെ പെര്‍ഫോമന്‍സാണ്. ഒരുമന്ത്രിക്ക് മികച്ച പെര്‍ഫോമന്‍സ്, മറ്റൊരു മന്ത്രിക്ക് മോശം പെര്‍ഫോമന്‍സ് എന്നിങ്ങനെയില്ലെന്നും ആന്റണി രാജി പറഞ്ഞു.
'എത്രകാലം മന്ത്രിയായിരിക്കുന്നു എന്നതല്ല കാര്യം'
'ഓരോരുത്തരും എത്രകാലം മന്ത്രിയായിരിക്കുന്നു എന്നതല്ല, ഇരിക്കുന്ന കാലം എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞതാണ്. മന്ത്രിസഭയുടെ തുടക്കത്തില്‍ തന്നെ മന്ത്രിയാകാന്‍ ആഗ്രഹിച്ച ആളല്ലെന്ന് ഞാന്‍ പരസ്യമായി പറഞ്ഞ ആളാണെന്നും' ആന്റണി രാജു വ്യക്തമാക്കി. മന്ത്രിസ്ഥാനം ആര്‍ക്കും സ്ഥിരമല്ല, വരും പോകും. ഇരിക്കുന്ന കാലത്തോളം ജനങ്ങളുടെ താല്‍പ്പര്യം മാനിച്ച് ജനാഭിലാഷം മാനിച്ച് പ്രവര്‍ത്തിക്കുക എന്നതു മാത്രമേയുള്ളൂ.
ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അങ്ങനെ ഒരു കാര്യത്തിലും പൂര്‍ണ സംതൃപ്തി ലഭിക്കില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. കഴിവിന്റെ പരമാവധി താന്‍ പരിശ്രമിക്കുന്നുണ്ട്. കെബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി താനല്ല അഭിപ്രായം പറയേണ്ടത്. അത് ഇടതുപക്ഷ മുന്നണിയാണ്. എല്‍ഡിഎഫ് കൂട്ടായിരുന്ന് എല്ലാക്കാര്യവും ചര്‍ച്ച ചെയ്യും.
'നയിക്കുന്നത് കരുത്തനായ മുഖ്യമന്ത്രിയാണ്'
മന്ത്രിസഭാ രൂപീകരണ സമയത്ത് മാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്ത പോലെയല്ലല്ലോ സര്‍ക്കാര്‍ രൂപീകരിച്ചത്. എല്ലാം മാറിമറിഞ്ഞില്ലേയെന്നും ആന്റണി രാജു ചോദിച്ചു. രാഷ്ട്രീയത്തില്‍ തീരുമാനങ്ങള്‍ ഇരുമ്പുലക്കയല്ല, എല്ലാ കാര്യങ്ങളിലും കാലാകാലങ്ങളിലുള്ള രാഷ്ട്രീയ സമവാക്യങ്ങളും പൊതു സാഹചര്യങ്ങളും വിലയിരുത്താന്‍ കരുത്തുള്ള മുന്നണിയാണ്. അതിനെ നയിക്കുന്നത് കരുത്തനായ മുഖ്യമന്ത്രിയാണ്. മന്ത്രിമാര്‍ ആരായിരിക്കണമെന്ന് അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ആണെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates