തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി അന്താരാഷ്ട്ര സാമ്പത്തികസ്ഥാപനങ്ങളായ ജൈക്ക ഉള്‍പ്പെടെ സാമ്പത്തികസഹായം നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട് എഐഐബി, കെഎഫ്ഡബ്ല്യൂ, എഡിബി. എന്നീ ധനകാര്യസ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതിക്കായി ഇത്തരം സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് നിതി ആയോഗും കേന്ദ്ര ധനമന്ത്രാലയവും റെയില്‍വെ മന്ത്രാലയവും അംഗീകാരം നൽകിയിട്ടുണ്ട്. 63,941 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 6085 കോടി രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട നികുതി ഒഴിവാണ്. 975 കോടി രൂപ റെയില്‍വെ ഭൂമിയുടെ വിലയാണ്. ഇതിന് പുറമെ 2150 കോടി രൂപയാണ് കേന്ദ്ര റെയില്‍വെ വിഹിതം.
സംസ്ഥാന സര്‍ക്കാര്‍ 3225 കോടി രൂപയാണ് വഹിക്കുക. 4,252 കോടി രൂപ പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെ സമാഹരിക്കും. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 33,700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യമായി വരിക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്. കിഫ്ബി വഴി 2,100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്.
അലൈൻമെന്‍റ് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ
സാമൂഹ്യപ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പദ്ധതിക്കുള്ള അലൈൻമെന്‍റ് നിശ്ചയിച്ചിരിക്കുന്നത്. ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നത്. 115 കി.മി. പാടശേഖരങ്ങളില്‍ 88 കി.മി. ആകാശപാതയിലൂടെയാണ് കടന്നുപോകുന്നത്. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ പാലങ്ങളും കല്‍വെര്‍ട്ടുകളും നിര്‍മ്മിക്കുന്നതാണ്. ഒരു ഹെക്ടറിന് ഏകദേശം 9 കോടി രൂപ നഷ്ടപരിഹാരമായി കണക്കാക്കിയിരിക്കുന്നു.
ഗ്രാമപ്രദേശങ്ങളില്‍ വിപണി വിലയുടെ പരമാവധി നാലിരട്ടി
പുനരധിവാസ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ വിപണി വിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. 13,265 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി കണക്കാക്കിയിരിക്കുന്നത്.ഇതില്‍ 1,730 കോടി രൂപ പുനരധിവാസത്തിനും 4,460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവെച്ചിരിക്കുന്നത്. ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണ് ബാധിക്കുന്നത്. നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
വികസനപദ്ധതികള്‍ക്കായി കടമെടുക്കാത്ത ഒരു സര്‍ക്കാരും ലോകത്ത് ഇല്ല
പദ്ധതി സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പശ്ചാത്തല സൗകര്യ വികസനപദ്ധതികള്‍ക്കായി കടമെടുക്കാത്ത ഒരു സര്‍ക്കാരും ലോകത്ത് എവിടെയും ഇല്ല. പശ്ചാത്തലസൗകര്യ വികസനം സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതൊടൊപ്പം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുമെന്ന കാര്യം ഏവരും അംഗീകരിക്കുന്നതാണ്. സംസ്ഥാനത്തിനുള്ളിലെ യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത്, ബിസിനസ്സ്, സാങ്കേതിക ടൂറിസം മേഖലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമസ്ത മേഖലകളെയും പരിപോഷിപ്പിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.
പ്രശ്നങ്ങൾ കേൾക്കാൻ പബ്ലിക് ഹിയറിങ് നടത്തും
പദ്ധതിക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോര്ട്ട് SYSTRA എന്ന ഏജന്‍സിയാണ് തയ്യാറാക്കിയിട്ടുള്ളത്. ലോകത്തില്‍ ഏറ്റവും സുരക്ഷിതവും സുഖപ്രദവും അന്തരീക്ഷ മലിനീകരണം കുറഞ്ഞതുമായ ഗതാഗത സംവിധാനമാണ് റെയില്‍വെ. അതുകൊണ്ടുതന്നെയാണ് റെയില്‍വെ പദ്ധതിക്ക് Mo-EFFE യുടെ ഗൈഡ്ലൈന്‍ പ്രകാരം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലാത്തത്.എന്നിരുന്നാലും പരിസ്ഥിതി ആഘാത പഠനം സെന്‍റര്‍ ഫോര്‍ എന്‍വയോന്മെന്‍റ് ആന്‍റ് ഡവലപ്പ്മെന്‍റ് മുഖേന നടത്തിക്കഴിഞ്ഞു. പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകളും പ്രശ്നങ്ങളും കേള്‍ക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും പബ്ലിക് ഹിയറിംഗ് നടത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates