

പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി മരണസുബിന്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് അതിജീവിത. കഴുത്തില്‍ കത്തിവച്ചായിരുന്നു പീഡനം. സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഗുണ്ടകള്‍ക്ക് ഒപ്പം നിന്നതായും പ്രതി ഫോണില്‍ വിഡിയോ ചിത്രീകരിച്ചതായും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ സംഭവത്തിന് പിന്നില്‍ ക്വട്ടേഷനെന്ന് സ്പാ ഉടമ ഡോ. സഞ്ജയ് പറഞ്ഞു. ക്വട്ടേഷന്‍ നല്‍കിയത് മറ്റൊരു സ്പാ ഉടമയാണ്. തന്റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഗുണ്ടാപിരിവ് പൊലീസിന്റെ കഥയാണ്. പൊലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. പൊലീസില്‍ പ്രത്യേക പരാതി നല്‍കുമെന്നും സഞ്ജയ് പറഞ്ഞു.
കേസിലെ പ്രതിയായ മരണസുബിന്‍ എന്ന സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താനാണ് പൊലീസ് നീക്കം. കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ബലാത്സംഗ കേസ് അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
മരണസുബിനും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. 50,000 രൂപ നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയും എന്നായിരുന്നു ഭീഷണി എന്നും പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates