'ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ലെന്ന് ഇഡി മനസിലാക്കട്ടെ'; തോമസ് ഐസക്
തിരുവനന്തപുരം: എന്‍ഫോഴ്‌സമെന്റ് ഡയറ്കടറേറ്റിനെതിരെ മുന്‍ ധനമന്ത്രി ടിഎം തോമസ് ഐസക്. കിഫ്ബി കേസില്‍ സര്‍വശക്തരായ ഇഡിക്ക് അടി തെറ്റുകയാണ്. മസാല ബോണ്ട് നിയമവിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു ഈ സ്ഥാപനത്തെ ഇല്ലാതാക്കന്‍ ഇഡി തുനിഞ്ഞിറങ്ങിയത്.
ആര്‍ബിഐയുടെ എന്‍ഒസി നേടിയാണ് മസാലബോണ്ടിറക്കിയതെന്ന് ഇപ്പോള്‍ വ്യക്തമായെന്നും പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്ക് കൃത്യമായി നല്‍കുന്നുവെന്നും മനസിലായി. ഇവിടെ ആരും കുനിഞ്ഞുതരില്ലെന്ന് ഇഡി മനസിലാക്കട്ടെയെന്നും ഐസക് പറഞ്ഞു. ആര്‍ബിഐ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് ഐസകിന്റെ പ്രതികരണം
തോമസ് ഐസകിന്റെ സാമൂഹിക മാധ്യമക്കുറിപ്പ്
കിഫ്ബി കേസില്‍ സര്‍വ്വ ശക്തരായ EDയ്ക്ക് അടി തെറ്റുകയാണ്. മസാല ബോണ്ട് നിയമ വിരുദ്ധമാണ് എന്നു പറഞ്ഞാണല്ലോ ഈ ധനകാര്യ സ്ഥാപനത്തെ ഞെരുക്കി ഇല്ലാതാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുനിഞ്ഞിറങ്ങിയത്. കഴിഞ്ഞ 2 കൊല്ലമായി കിഫ്ബിയുടെ വിശ്വാസ്യത ഇല്ലാതാക്കാനാണ് ഈ ഏജന്‍സികള്‍ ശ്രമിക്കുന്നത്. ആദ്യം ഓഡിറ്റ് സംബന്ധിച്ച വിവാദം. പിന്നെ ആദായ നികുതി, ഒടുവിലാണ് കേന്ദ്രം വജ്രായുധം ഇറക്കിയത്. ED എന്ന കുപ്രസിദ്ധ അന്വേഷണ എജെന്‍സിയെ ഇറക്കി കിഫ്ബിയെ പൂട്ടാനുള്ള ശ്രമം. ഉദ്യോഗസ്ഥരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുക, ഒരേ രേഖകള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുക, അന്വേഷണം എന്ന പേരില് സംശയ നിഴല്‍ നിരന്തരം നിലനിര്‍ത്തുക എന്ന തീര്‍ത്തൂം ഗൂഡമായ ശ്രമം. ഇതിങ്ങനെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നു എന്ന അവസ്ഥയിലാണ് കേരള ഹൈക്കോടതിയെ സമീപിക്കുന്നത്.
ED-യുടേത് രാഷ്ട്രീയക്കളിയാണ് എന്നു തെളിയിക്കുന്നതായിരുന്നു എനിക്കെതിരെയുള്ള സമന്‍സ്. മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പദവിയുടെ ഭാഗമായി കിഫ്ബി വൈസ് ചേയര്‍മാനായിരുന്ന ഞാന്‍ സകലമാന കണക്കും കൊണ്ടു ചെല്ലാനായിരുന്നു ഇവരുടെ ഉത്തരവ്. പിന്നീട് അത് മാറ്റി മറ്റൊന്ന് തന്നു. കുടുംബാംഗങ്ങളുടെയും മന്ത്രിയായിരിക്കെ ഡയറക്ടര്‍ ആയ കമ്പനികളുടെ കണക്കുകളും മറ്റും കൊണ്ടു ചെല്ലണം. കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചു.
കോടതി സമന്‍സ് തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു. മറുപടി സമര്‍പ്പിക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടി വന്നു. ഒടുക്കം കോടതി ഒന്നു കടുപ്പിച്ചപ്പോള്‍ മറുപടി കൊടുത്തു. മസാലബോണ്ട് പണം നിഷിദ്ധമായ മേഖലകളില്‍ മുടക്കുന്നുണ്ട് എന്നതായി അന്വേഷണ വിഷയം. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കുന്ന പ്രതിമാസ സ്റ്റേറ്റ്‌മെന്റ് കൃത്യമായി കൊടുക്കുന്നുണ്ട്. അതിന്റെ ED-യ്ക്കും നേരത്തെ കൊടുത്തിട്ടുണ്ട്.
മസാല ബോണ്ട് പണം ആര്‍ക്ക്, എന്തിന് കൊടുത്തു, ഏതു ബാങ്ക് അക്കൌണ്ടില്‍ നിന്നും ആരുടെ ബാങ്ക് അക്കൌണ്ടിലേക്കു നല്കി, ഇതെല്ലാമുള്ള നിശ്ചിത ഫോറത്തിലുള്ള, ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കും വിധം സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്‌മെന്റ് ആണ് കൊടുക്കുന്നത്. ഒരു തര്‍ക്കവും ആരും പറഞ്ഞിട്ടില്ല. ഇനി ഇതു തന്നെ EDയ്ക്കും കൊടുത്തല്ലോ? അവര്‍ എന്തെങ്കിലും കണ്ടു പിടിച്ചോ? ഇല്ല. വീണ്ടും അതു കോടതിയിലും സമര്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് കോടതി ആര്‍ബിഐ യെ സ്വമേധയാ കക്ഷി ചേര്‍ത്തത്. മാസം മൂന്നു നാലായി. ഇപ്പോഴാണ് സത്യവാങ്മൂലം വന്നത്.
രണ്ടു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന്, കിഫ്ബി ആര്‍ബിഐ ചട്ട പ്രകാരം നല്കിയ എന്‍ഓസി അനുസരിച്ചാണ് മസാലബോണ്ട് വഴി പണം സമാഹരിച്ചത്. അതിനു ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ കാര്യം മുകളില്‍ പറഞ്ഞ സ്റ്റേറ്റ്‌മെന്റ് സംബന്ധിച്ചാണ്. ECB-2 എന്ന ഫോമില്‍ മസാല ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകള്‍ കൃത്യമായി നല്‍കുന്നുണ്ട് എന്ന് ആര്‍ബിഐ വ്യക്തമാക്കി. മസാല ബോണ്ട് ഇറക്കുന്ന സമയത്തെ വിദേശ വാണിജ്യ വായ്പ്പ നടപടിക്രമം അനുസരിച്ച് ഈ പണത്തിന്റെ വിനിയോഗം ചട്ടം പാലിച്ചാണോ എന്നതടക്കം ബന്ധപ്പെട്ട ബാങ്ക് സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്‌മെന്റാണ് ECB-2.
അപ്പോള്‍ ആര്‍ബിഐ കാര്യം വ്യക്തമാക്കിയിരിക്കുന്നു. ഇനി എന്താണ് ED-യുടെ നീക്കം എന്നു നോക്കാം. കോടതി ഒരു സുപ്രധാന കാര്യം ED-യോടു ചോദിച്ചിരുന്നു. മസാല ബോണ്ട് ഇറക്കി രാജ്യത്ത് മറ്റേതെങ്കിലും സ്ഥാപനം വായ്പ്പ എടുത്തിട്ടുണ്ടോ? അവരെക്കുറിച്ച് നിങ്ങള്‍ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ? പലവട്ടം കോടതി ചോദിച്ചിട്ടും മിണ്ടിയിട്ടില്ല. അത് പറയുക തന്നെ വേണം എന്നു കോടതി പറഞ്ഞിട്ടുമുണ്ട്. എന്താണ് പറയുക എന്നു നോക്കാം.
അപ്പോള്‍ പലയിടത്തും നടത്തുന്ന പയറ്റ് അത്ര ഫലിക്കില്ല, ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ല എന്നതു ED മനസിലാക്കട്ടെ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

