

കൊച്ചി: പ്രതിഭകളെ കണ്ടെത്താനും, അതിനെ മികച്ച രീതിയില്‍ വിനിയോഗിക്കാനുമുള്ള മികവ് കൂടിയാണ് റ്റിജെഎസ് ജോര്‍ജ് എന്ന അതികായനെ ഇന്ത്യൻ മാധ്യമ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. ഇത്തരം ഒരു ഇച്ഛാശക്തിയായിരുന്നു സമകാലിക മലയാളം എന്ന വാരികയുടെ പിറവിയിലേക്കും നയിച്ചത്.
എഴുത്തുകാരന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്നത്തെ ജനപ്രിയ സാഹിത്യ-സാംസ്‌കാരിക വാരികയായിരുന്ന കലാ കൗമുദിയില്‍ നിന്ന് പുറത്തുപോയ സമയം. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ഗതി മാറ്റമായിരുന്നു അവിടെ റ്റിജെഎസ് കണ്ടെത്തിയത്. അതിന് വഴികാട്ടിയതായത് സുഹൃത്തും എഴുത്തുകാരനുമായ എം പി നാരായണ പിള്ളയും. 'ജയചന്ദ്രനെ വെറുതെ ഇരിക്കാന്‍ അനുവദിക്കരുത്. എഡിറ്റര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ കഴിവ് ഉപയോഗിക്കണം' എന്ന് ആവശ്യപ്പെട്ട് എം പി നാരായണ പിള്ള റ്റിജെഎസിന് കത്തെഴുതി. തുടര്‍ന്നായിരുന്നു ഇരുവരും ചേര്‍ന്ന് ഒരു പുതിയ വാരികയുടെ ചുമതല ഏറ്റെടുക്കാന്‍ ജയചന്ദ്രന്‍ നായരെ പ്രേരിപ്പിച്ചത്.
1997 മെയ് 16 ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സഹോദര പ്രസിദ്ധീകരണമായി സമകാലിക മലയാളം വാരിക പിറന്നു. ഏറ്റവും മികച്ച വ്യക്തികളെ ജയചന്ദ്രന്‍ നായര്‍ വരികയിലേക്ക് എത്തിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സാഹിത്യ നിരൂപകന്‍ എം. കൃഷ്ണന്‍ നായര്‍, കാലിഗ്രാഫര്‍ നാരായണ ഭട്ടതിരി, പ്രഗദ്ഭരുടെ നീണ്ട നിര സമകാലിക മലയാളത്തിന് ഒപ്പം ചേര്‍ന്നു. റ്റിജെഎസിന്റെ 'ഘോഷയാത്ര' എന്ന ലേഖനം കൂടി എത്തിയതോടെ സമകാലിക മലയാളം അതിന്റെ പൂര്‍ണതയിലേക്ക് വളരുകയായിരുന്നു. ഘോഷയാത്ര എന്ന പേരില്‍ തന്നെ പുറത്തിറങ്ങിയ റ്റിജെഎസ് ജോര്‍ജിന്റെ ആത്മകഥയ്ക്ക് 2009-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.
സമകാലിക മലയാളം മാത്രമായിരുന്നില്ല റ്റിജെഎസ് ജോര്‍ജിന്റെ നിലപാടുകള്‍ പതിഞ്ഞ പ്രസിദ്ധീകരണങ്ങള്‍. ഏഷ്യന്‍ പത്രപ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ഏഷ്യാവീക്കിന് പിന്നിലും റ്റിജെഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. ഹോങ്കോങ്ങില്‍ നിന്നുള്ള പ്രസിദ്ധീകരണത്തിന്റെ എല്ലാ എല്ലാ ലക്കങ്ങളും എറണാകുളത്തെ ഇഎംഎസ് സഹകരണ ലൈബ്രറിക്ക് സംഭാവന ചെയ്യുകയും ചെയ്തു.
1300 ല്‍ അധികം ലേഖനങ്ങള്‍ക്ക് ശേഷം 2022 ലാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ പോയിന്റ് ഓഫ് വ്യൂ എന്ന ലേഖനം റ്റിജെഎസ് അവസാനിപ്പിച്ചത്. Now is the Time to Say Goodbye. 'വിട പറയാനുള്ള സമയമായി' എന്നായിരുന്നു അവസാന ലേഖനത്തിന്റെ തലക്കെട്ട്. ഇതിനെ കുറിച്ച് സമകാലിക മലയാളം എഡിറ്റര്‍ സജി ജെയിംസിനോട് റ്റിജെഎസ് തമാശയെന്നോണം പറഞ്ഞ വാക്കുകള്‍ 'എന്നെ വായിച്ചു വായിച്ച് വായനക്കാര്‍ ക്ഷീണിച്ചുപോയിരിക്കണം,' എന്നായിരുന്നു.
വെള്ളിയാഴ്ച ബെംഗളൂരുവില്‍ വച്ച് 97-ാം വയസ്സില്‍ റ്റിജെഎസ് വിടപറയുമ്പോള്‍ പുസ്തകങ്ങളും, ലേഖനങ്ങളും മാത്രമല്ല, പ്രതിഭകളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ മികവില്‍ വാര്‍ത്തെടുത്ത സമകാലിക മലയാളം വരിക പോലുള്ള സ്ഥാപനങ്ങളെയും ബാക്കിവയ്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates