

തിരുവനന്തപുരം: തലസ്ഥാന നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മൃഗശാല നെയ്യാർ വനമേഖലയോട് ചേർന്ന ഭാഗത്തേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ കച്ചവട താത്പര്യങ്ങളാണെന്ന സിപിഎം ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സിപിഎമ്മിന്റെ രാഷ്ട്രീയ എതിർപ്പുകൾ നിലനിൽക്കെത്തന്നെ മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പദ്ധതികളുമായി സർക്കാർ സുഗമമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൃഗങ്ങൾക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അമൂല്യമായ ഭൂമി തട്ടിയെടുക്കാൻ റിയൽ എസ്റ്റേറ്റ്-കച്ചവട താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തുകയായിരുന്നു. അതേസമയം, മൃഗശാല മാറ്റാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് ബിജെപി നേതാവും തിരുവനന്തപുരം മേയറുമായ വി.വി. രാജേഷും നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് വഴി മൃഗങ്ങൾക്ക് വിശാലമായി വിഹരിക്കാനുള്ള തുറസ്സായ ഇടം ലഭിക്കുമെന്നും ഇത് തിരുവനന്തപുരത്തിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കില്ലെന്നും മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. "പണ്ട് തൃശൂർ മൃഗശാല നഗരത്തിൽ നിന്ന് മാറ്റിയപ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടായോ? അതുകൊണ്ട് തൃശൂരിന്റെയോ അവിടുത്തെ മൃഗശാലയുടെയോ പ്രാധാന്യം കുറഞ്ഞോ? ഇല്ല. ഇവിടെ കനകക്കുന്നിലെയും നിശാഗന്ധിയിലെയും വലിയ മൈക്ക് ശബ്ദങ്ങളും ബഹളങ്ങളും അവിടുത്തെ മിണ്ടാപ്രാണികൾക്ക് സൃഷ്ടിക്കുന്ന അലോസരവും ബുദ്ധിമുട്ടും ചെറുതല്ല. അതുകൊണ്ടുതന്നെ മൃഗങ്ങളെ നെയ്യാർ ഡാമിന് സമീപത്തേക്ക് മാറ്റുന്നത് തന്നെയാണ് ഏറ്റവും ഉചിതമായ കാര്യം," അദ്ദേഹം ചൂണ്ടിക്കാട്ടി. തലസ്ഥാന നഗരത്തിന് അതിന്റേതായ ചരിത്ര പ്രാധാന്യമുണ്ട്. അതിനാൽ നഗരത്തിന് പുറത്തേക്ക് മൃഗശാല മാറ്റുന്നതിൽ യാതൊരു അപാകതയുമില്ല. ഇത്തരം നിർദ്ദേശങ്ങൾ കാലങ്ങളായി ഭരണതലത്തിൽ ചർച്ചയിലുള്ളതാണ്. ഒരു കൂട്ടർ ചെയ്യുമ്പോൾ തെറ്റും മറ്റുള്ളവർ ചെയ്യുമ്പോൾ ശരിയുമാകുന്നത് ശരിയായ രീതിയല്ലെന്നും കൂട്ടായ ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനം പരാതികൾക്കിടയില്ലാതെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുമായി സർക്കാർ ഉറപ്പായും മുന്നോട്ട് പോകുമോ എന്ന ചോദ്യത്തിന്, അതിൽ യാതൊരു സംശയവുമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. "പദ്ധതി നിർദ്ദേശം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അത് നടപ്പിലാക്കി മുന്നോട്ട് പോവുക എന്നത് തന്നെയാണ് സർക്കാരിന് മുന്നിലുള്ളത്. എതിർപ്പുള്ളവർ എതിർക്കട്ടെ, ഈ കാലത്ത് ആളുകൾ എല്ലാത്തിനെയും എതിർക്കാറുണ്ടല്ലോ. വികസന പദ്ധതികളെ എതിർക്കുന്ന കാര്യത്തിലെങ്കിലും അവർ ഒന്നിച്ചുനിൽക്കുന്നുണ്ടല്ലോ," മന്ത്രി പരിഹസിച്ചു. നെയ്യാർ ഡാമിന് സമീപം മൃഗങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ കഴിയാൻ സാധിക്കുന്ന വലിയ ഇടം ലഭിക്കും. ഇത് വിനോദസഞ്ചാര മേഖലയ്ക്കും കൂടുതൽ ഉണർവ്വേകും. പദ്ധതി സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിശദാംശങ്ങൾ മുഖ്യമന്ത്രി തന്നെ പിന്നീട് നേരിട്ട് അറിയിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates