

കൊച്ചി: പൂട്ടിക്കിടന്ന വീട്ടിൽ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം താമസിക്കുന്നതായി പരാതി. അമേരിക്കയിൽ താമസിക്കുന്ന അജിത് കെ വാസുദേവനാണ് ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നൽകിയത്. വൈറ്റില ജനതാ റോഡിലാണ് അജിത്തിന്റെ ഉടമസ്ഥതയിലുള്ള വീടുള്ളത്. ഇത് വാടകയ്ക്കു നൽകിയിരുന്നില്ല. ഗെയ്റ്റ് ഉൾപ്പെടെ പൂട്ടിയിരുന്നതാണ്. 2023ൽ ഒഴികെ എല്ലാവർഷവും അജിത് നാട്ടിൽ വന്നിരുന്നു.
ഇക്കഴിഞ്ഞ രണ്ട് തവണകളായി 5000ത്തിനു മുകളിൽ വൈദ്യുതി ബിൽ വന്നപ്പോൾ അതിലെ അപാകം പരിശോധിക്കാൻ കെഎസ്ഇബിക്ക് പരാതി നൽകി. അതിനിടെ ബിൽ കൂടാൻ കാരണമെന്താണെന്നു അന്വേഷിച്ചറിയാൻ ചെലവന്നൂർ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചു. അപ്പോഴാണ് അവിടെ താമസക്കാരുണ്ടെന്നു മനസിലായത്.
വീട് നോക്കാൻ വന്നവർ ചിത്രങ്ങളെടുത്തപ്പോൾ അതു തടയാൻ താമസക്കാർ ശ്രമിച്ചതായും പറയുന്നു. വീടിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്.
അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു ഉടമ പരാതിയിൽ പറയുന്നു. പരാതി മരട് പൊലീസിനു കൈമാറി. സംഭവത്തിൽ ഇന്ന് മുതൽ അന്വേഷണം ആരംഭിക്കുമെന്നു മരട് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates