

തൃശൂര്‍: കലുങ്ക് സംവാദം നിരന്തരം വിവാദമാകുന്നതിനിടെ എസ്ജി കോഫീ ടൈമുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും രംഗത്ത്. തൃശൂര്‍ അയ്യന്തോളിലും പുതൂര്‍ക്കരയിലും ഞായറാഴ്ച പരിപാടി നടക്കും. കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പഴയ പരിപാടിയുമായി വീണ്ടും രംഗത്തെത്തിയതെന്നാണ് വിവരം.
കേന്ദ്രമന്ത്രി സുരേഷ്ഗോപി അടുത്തിടെ ആരംഭിച്ച കലുങ്ക് സംവാദ പരിപാടി പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെ പലപ്പോഴും വെട്ടിലാക്കിയിരുന്നു. ചേര്‍പ്പിലും ഇരിങ്ങാലക്കുടയിലും സഹായാഭ്യര്‍ഥനയുമായി എത്തിയവരെ അപമാനിക്കും വിധം പരിഹസിച്ചത് ഇടതുപാര്‍ട്ടികള്‍ മുതലെടുക്കുകയും ചെയ്തു. ഇതോടെയാണ് കലുങ്ക് സംവാദത്തിനു പകരം 2023ല്‍ തുടങ്ങിവച്ച എസ്ജീസ് കോഫീ ടൈം പുനരവതരിപ്പിക്കുന്നത്. 2023ല്‍ എസ്ജീസ് കോഫീടൈം എന്ന സുരേഷ് ഗോപിയുടെ പരിപാടി വലിയ വിജയമായിരുന്നു.
നഗരത്തിലെ റോഡുകളുടെ വികസനവും ഡ്രെയിനേജും സംബന്ധിച്ച് മേയറുമായി സുരേഷ് ഗോപി ചര്‍ച്ച നടത്തിയിരുന്നു. അവസരം ലഭിച്ചാല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അക്കാര്യം പരിഗണിക്കുമെന്നും മണ്ണുത്തി ചൂണ്ടല്‍ എലിവേറ്റഡ് പാത തന്റെ സ്വപ്ന പദ്ധതിയാണ് തുടങ്ങി നിരവധി കാര്യങ്ങള്‍ അന്ന് സുരേഷ് ഗോപി പങ്കുവച്ചിരുന്നു. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ അറിയാനാണ് ഇത്തരം ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും വികസനവും പ്രശ്‌നങ്ങളും മാത്രമാണ് ചര്‍ച്ചയെന്നുമായിരുന്നു സുരേഷ് ഗോപി അന്ന് പറഞ്ഞത്. കേന്ദ്രമന്ത്രിയായതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും എസ്ജി കോഫീ ടൈമുമായി രംഗത്തുവരുന്നത്. സുരേഷ് ഗോപിയുമായി സംസാരിക്കാം നമുക്ക് പറയാം എല്ലാവര്‍ക്കും കേള്‍ക്കാം എന്നാണ് പരിപാടിയുടെ തലവാചകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
