

കണ്ണൂർ: കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന സംഭവങ്ങളിൽ കൊലയ്ക്ക് പിന്നിലെ ലക്ഷ്യം തെളിയിക്കുക പ്രയാസമാണെന്ന് വി കുഞ്ഞികൃഷ്ണൻ എം എൽഎ. സിപിഎം പ്രവർത്തകൻ സി വി ധനരാജ് വധക്കേസിൽ കോടതി വിധിക്ക് പിന്നാലെ, പയ്യന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗൂഡാലോചന കുറ്റം തെളിഞ്ഞില്ലെങ്കിലും നടന്നില്ലെന്ന് പറയാനാവില്ല. ഗൂഢാലോചന തെളിഞ്ഞാൽ മാത്രമേ ലക്ഷ്യവും കൃത്യമായി തെളിയിക്കാനാകൂവെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതും അവർക്ക് ശിക്ഷ ഉറപ്പായതും ആശ്വാസം നൽകുന്ന കാര്യമാണ്. ധനരാജ് വധകേസിൽ വെറുതേ വിട്ട 16 പ്രതികളുടെ കാര്യത്തിൽ വിധിപ്പകർപ്പ് പൂർണമായും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാൻ പ്രോസിക്യൂഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിധിപ്പകർപ്പ് പരിശോധിച്ചാലേ ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറയാൻ സാധിക്കു എന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഗൂഢാലോചനക്കുറ്റം നിയമപരമായി തെളിയിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കൃത്യമായ രേഖാപരമായ തെളിവുകളോ ദൃക്സാക്ഷി മൊഴികളോ ഇതിന് അനിവാര്യമാണ്. ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ലെന്നും വി. കുഞ്ഞികൃഷ്ണൻ എം എൽ എ ചൂണ്ടിക്കാട്ടി. ധനരാജ് രക്തസാക്ഷിത്വ ഫണ്ടിലെ ക്രമക്കേട് ആരോപിച്ചാണ് മുൻ ജില്ലാ കമ്മിറ്റിയംഗമായ വികുഞ്ഞികൃഷ്ണൻ പാർട്ടി വിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates