

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശബരിമലയില്‍ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റും പ്രതികരിച്ചിരിക്കുന്നത്. പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.
തീര്‍ഥാടനം പൂര്‍ത്തിയാക്കാതെ നിരവധി പേര്‍ മടങ്ങിയതായും വിഡി സതീശന്‍ പറഞ്ഞു. ദര്‍ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണെന്നും സതീശന്‍ പറഞ്ഞു.
ശബരിമലയുടെ വികസനമെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം. സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. തിരക്ക് നിയന്ത്രിക്കാനും തീര്‍ത്ഥാടനം സുഗമമാക്കാനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ദേവസ്വത്തിന്റെ സര്‍ക്കാരിന്റെയും അലംഭാവത്തെ തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ 'ഭയാനക സാഹചര്യം' ഉണ്ടായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates