

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസിൽ കോടതിയിൽ നിലപാട് മാറ്റി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണപ്പാളികൾ കടകംപള്ളി മറിച്ചു വിറ്റെന്നോ അതിൽ അദ്ദേഹത്തിനു പങ്കുണ്ടെന്നോ സതീശൻ പറഞ്ഞിട്ടില്ലെന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് തുടർ വാദത്തിനായി ഈ മാസം 29ലേക്ക് മാറ്റി.
സ്വർണപ്പാളി വിവാദത്തിൽ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. വിവാദത്തിൽ കടകംപള്ളി സുരേന്ദ്രനു പങ്കുണ്ടെന്നും സതീശൻ പറഞ്ഞിട്ടില്ല. അന്നത്തെ ദേവസ്വം മന്ത്രിയെന്ന നിലയിൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നു മാത്രമാണ് ഉദ്ദേശിച്ചത്. അത് സതീശന്റെ വ്യക്തിപരമായ അഭിപ്രായമല്ല. മറിച്ച് പാർട്ടിയുടേയും മുന്നണിയുടേയും നിലപാടാണെന്നു സതീശന്റെ അഭിഭാഷകൻ വാദിച്ചു.
വിഷയത്തിൽ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നു അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണെങ്കിലും അംഗങ്ങളെ നിയോഗിക്കുന്നത് സർക്കാർ ആയതിനാൽ വകുപ്പ് മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിനു ഉത്തരവാദിത്വമുണ്ട്.
സതീശന്റെ ആരോപണങ്ങൾ കാരണം കടകംപള്ളിക്ക് എന്തു മാനനഷ്ടമാണ് ഉണ്ടായത്. എത്ര പേർ അദ്ദേഹത്തെ സംശയിച്ചു. അതിന്റെ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരനു സാധിക്കണം. സമാനമായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ കേസ് നൽകാതെ സതീശനെതിരെ മാത്രം നടപടി സ്വീകരിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates