'നിങ്ങളുടെ ചോരക്ക് എണ്ണിയെണ്ണി പകരം ചോദിക്കും'; മുഖ്യമന്ത്രിയുടേത് കലാപാഹ്വാനം, സത്യപ്രതിജ്ഞാലംഘനമെന്ന് പിണറായി വിജയന്‍

പിണറായി വിജയന്‍
പിണറായി വിജയന്‍
Author:
Updated on: 
2 min read

തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടേത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ്, സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണിതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി 'പകരം ചോദിക്കും', 'എണ്ണിയെണ്ണി ചോദിക്കും' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനത്തില്‍ കുറഞ്ഞ ഒന്നുമല്ലെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസ് പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമര്‍ശം. 'സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്ത് മര്‍ദനമേറ്റുവാങ്ങിയ ചോരപ്പുഴതാണ്ടിവന്ന അനുജന്മാരോടും അനുജത്തിമാരോടും ഞാന്‍ പറയുന്നു നിങ്ങളുടെ ചോരയില്‍ പിറന്നതാണ് ഈ സര്‍ക്കാര്‍. നിങ്ങളെ സങ്കടപ്പെടുത്തില്ല. നിങ്ങളുടെ ചോരക്ക് ഞങ്ങള്‍ പകരം ചോദിക്കും, എണ്ണിയെണ്ണി പകരം ചോദിക്കും. വിട്ടുവീഴ്ചയുണ്ടാവില്ല. അതിന്റെ പേരിലുള്ള ഗ്ലാമറൊന്നും വേണ്ട. അന്വേഷണങ്ങള്‍ നടക്കുന്നത് അതിന്റെ പേരിലാണല്ലോ, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമുണ്ടായത് അതിന്റെ പേരിലാണ്. അവസാനം വരെ പോരാടും' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കണ്ണൂരില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദ്വേഷ പ്രസംഗം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി 'രാഗദ്വേഷങ്ങള്‍ കൂടാതെ' പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ്. ഇതിന് വിരുദ്ധമായി 'പകരം ചോദിക്കും', 'എണ്ണിയെണ്ണി ചോദിക്കും' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനത്തില്‍ കുറഞ്ഞ ഒന്നുമല്ല.

പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചാണെന്ന തരത്തിലുള്ള പ്രസ്താവന അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നു. ഇത് പൊലീസിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മേലുള്ള പരസ്യമായ രാഷ്ട്രീയ സമ്മര്‍ദ്ദമാണ്. നാടിന്റെ മുഴുവന്‍ ഭരണാധികാരി എന്ന പക്വതയ്ക്ക് പകരം, അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുന്നത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനിടയാക്കും. ഇതിന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ആയിരിക്കും.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ അനിവാര്യമായും കാണിക്കേണ്ട മര്യാദയും സംയമനവും മുഖ്യമന്ത്രിക്ക് തന്നെ കൈവിട്ടു പോയാല്‍ മന്ത്രിമാരും ഉദ്യോഗസ്ഥര്‍ വൃന്ദവും അതേ വഴിയിലാണ് സഞ്ചരിക്കുക. കണ്ണൂരില്‍ മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി പ്രസംഗത്തിന്റെ ശ്രോതാക്കളായി രണ്ടു മന്ത്രിമാരും ഉണ്ടായിരുന്നു എന്നത് വിഷയത്തിന്റെ ഗൗരവം കൂടുതല്‍ വര്‍ധിപ്പിക്കുന്നു.

പിണറായി വിജയന്‍
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊ​ല​യ്ക്ക് പി​ന്നി​ലെ ല​ക്ഷ്യം തെ​ളി​യി​ക്കു​ക പ്ര​യാ​സം : വി കുഞ്ഞികൃഷ്ണൻ എം എൽഎ
പിണറായി വിജയന്‍
വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പ്രമോഷന്‍; ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കെതിരെ നടപടി വേണം, ആഭ്യന്തരവകുപ്പിന് കത്തയച്ച് ആരോഗ്യമന്ത്രി
പിണറായി വിജയന്‍
കാലിക്കറ്റ് സര്‍വകലാശാല പ്രോ വിസി നിയമനം: റഷീദ് അഹമ്മദിന്റെ ഡെപ്യൂട്ടേഷന് മുന്‍കാല പ്രാബല്യത്തോടെ അനുമതി
Summary

V.D. Satheesan’s speech in Kannur; Pinarayi Vijayan says the Chief Minister’s actions amount to an incitement to violence and a violation of oath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER