മലങ്കള്‍ട്ടിന് എന്താണ് കുഴപ്പം..?; വിനോയ് തോമസ് ചോദിക്കുന്നു, കുറിപ്പ്

താന്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലക്കാരെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല എന്നും സാംസ്‌കാരിക കേരളത്തിന് ഉണ്ടായിട്ടുള്ളതെന്ന് വിനോയ് തോമസ്
sunny joseph, vinoy thomas
സണ്ണി ജോസഫ്, വിനോയ് തോമസ് vinoy thomas facebook
Updated on
3 min read

കണ്ണൂര്‍: മലയോരത്ത് വളര്‍ന്ന സാധാരണക്കാരനായ ഒരു കോണ്‍ഗ്രസുകാരന്‍ കെപിസിസി പ്രസിഡന്റ് ആയപ്പോള്‍, മലയോരത്തു നിന്നുള്ളവരെ എന്നും മാറ്റിനിര്‍ത്തിയിട്ടുള്ള സാംസ്‌കാരികപ്രഭുക്കള്‍ വെട്ടുകിളി വിഷപ്രയോഗവുമായി ഇറങ്ങിയിരിക്കുകയാണെന്ന് എഴുത്തുകാരന്‍ വിനോയ് തോമസ് (vinoy thomas). താന്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലക്കാരെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല എന്നും സാംസ്‌കാരിക കേരളത്തിന് ഉണ്ടായിട്ടുള്ളതെന്ന് വിനോയ് തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ''ഞാനുള്‍പ്പെട്ട ആ കുടിയേറ്റവിഭാഗം കുഴപ്പംപിടിച്ചവരാണെന്ന് എന്തുകൊണ്ടോ അവര്‍ കരുതിയിരിക്കുന്നു. കാട് കൈയേറിയവര്‍, വേട്ടയാടി മൃഗങ്ങളെ കൊല്ലുന്നവര്‍, ആദിവാസി സമൂഹങ്ങളെ നശിപ്പിച്ചവര്‍, കപ്പയും റബ്ബറും നാടിനുവേണ്ട മറ്റ് ഉത്പന്നങ്ങളും കൃഷിചെയ്യുക എന്ന കൊടുംപാതകം നടത്തുന്നവര്‍, ബുദ്ധിജീവി വേഷംകെട്ടലുകളോട് വലിയ ബഹുമാനമില്ലാത്തവര്‍, കാല്പനികമായ രാഷ്ട്രീയ തത്വശാസ്ത്രങ്ങളില്‍ കാര്യമായ വിശ്വാസമില്ലാത്തവര്‍, പൈങ്കിളിക്കാര്‍, പരിസ്ഥിതി വിരുദ്ധര്‍, സര്‍വ്വോപരി കോണ്‍ഗ്രസുകാര്‍...'' - കുറിപ്പില്‍ പറയുന്നു.

വിനോയ് തോമസിന്റെ കുറിപ്പ്:

പുതിയ കെപിസിസി പ്രസിഡണ്ട് എന്നെപ്പോലെ തന്നെ ഒരു മലയോരക്കാരനാണ്. അദ്ദേഹത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വന്ന നിരവധി കമന്റുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം ഞാന്‍ ആലോചിച്ചു. കേരളത്തിന്റെ സാംസ്‌കാരികരംഗം തനി മലയോരക്കാരെ എങ്ങനെയാണ് പരിഗണിക്കുന്നത്.

പലപ്പോഴും കേരളത്തിന്റെ പൊതു സാംസ്‌കാരിക സമൂഹമെന്ന് നമ്മള്‍ കരുതുന്ന കൂട്ടം എന്നെ കാണുന്നത് ഒരു മലയോര ക്രിസ്ത്യന്‍ സംവരണ എഴുത്തുകാരനായാണ്. മലയോരം എന്ന ആ ലേബല്‍ കൊണ്ട് എനിക്ക് ചില സ്‌പെഷ്യല്‍ കരുതലുകള്‍ കിട്ടാറുണ്ട്. പക്ഷെ ആ കരുതല്‍ അനുഭവിക്കുമ്പോഴൊക്കെ എനിക്ക് തോന്നുക ഞാന്‍ ഒരു പ്രത്യേക വിഭാഗക്കാരനായി മാറിപ്പോയല്ലോ എന്നാണ്.

ആലോചിക്കുമ്പോള്‍ ആ വിഭാഗത്തെ പറ്റി അത്രനല്ല അഭിപ്രായമല്ല സാംസ്‌കാരികലോകത്തിന് പൊതുവേയുള്ളതെന്ന് മനസ്സിലാകും. ഞാനുള്‍പ്പെട്ട ആ കുടിയേറ്റവിഭാഗം കുഴപ്പംപിടിച്ചവരാണെന്ന് എന്തുകൊണ്ടോ അവര്‍ കരുതിയിരിക്കുന്നു. കാട് കൈയേറിയവര്‍, വേട്ടയാടി മൃഗങ്ങളെ കൊല്ലുന്നവര്‍, ആദിവാസി സമൂഹങ്ങളെ നശിപ്പിച്ചവര്‍, കപ്പയും റബ്ബറും നാടിനുവേണ്ട മറ്റ് ഉത്പന്നങ്ങളും കൃഷിചെയ്യുക എന്ന കൊടുംപാതകം നടത്തുന്നവര്‍, ബുദ്ധിജീവി വേഷംകെട്ടലുകളോട് വലിയ ബഹുമാനമില്ലാത്തവര്‍, കാല്പനികമായ രാഷ്ട്രീയ തത്വശാസ്ത്രങ്ങളില്‍ കാര്യമായ വിശ്വാസമില്ലാത്തവര്‍, പൈങ്കിളിക്കാര്‍, പരിസ്ഥിതി വിരുദ്ധര്‍, സര്‍വ്വോപരി കോണ്‍ഗ്രസുകാര്‍...

sunny joseph, vinoy thomas
'എന്നെ മാറ്റിയത് തെറ്റല്ല, ശരിയുമല്ല; സണ്ണി ജോസഫ് എന്‍റെ നോമിനിയല്ല'

അച്ചന്‍മാര്‍, കന്യാസ്ത്രീകള്‍, പള്ളി ജീവനക്കാര്‍, കശാപ്പുകാര്‍, കര്‍ഷകര്‍, വാറ്റുകുടിക്കുന്നവര്‍, അശ്ലീലം പറയുന്നവര്‍, പള്ളിയില്‍ പോകുന്നവര്‍, അദ്ധ്വാനിക്കുന്നവര്‍ എന്നിങ്ങനെ ഒട്ടുമേ സാഹിത്യപൊലിമയില്ലാത്ത കഥാപാത്രങ്ങളായി ജീവിക്കുന്ന ഈ സമൂഹം കേരളീയജീവിതത്തിന്റെയോ മലയാളസാഹിത്യത്തിന്റെയോ ഭാഗമാണെന്ന് ഇവിടുത്തെ സാംസ്‌കാരികപ്രമാണിമാര്‍ ആരും തന്നെ ഇതുവരെ അംഗീകരിച്ചിട്ടില്ല.

വെറുതെയങ്ങ് ജീവിച്ചുപോകാന്‍ മാത്രമുള്ളവര്‍ എന്നു കണക്കാക്കപ്പെടുന്ന ആ വിഭാഗത്തില്‍ പെട്ട ഞാന്‍ മലയാള സാഹിത്യരംഗത്ത് എത്തപ്പെടുന്നത് ഡിസി ബുക്‌സ് നടത്തിയ നോവല്‍മത്സരത്തിലൂടെയാണ്. നൂറ്റിനാല്‍പത്തഞ്ചുപേരോട് മത്സരിച്ചു വിജയിച്ചിട്ടാണ് എന്റെ ആദ്യനോവല്‍ വെളിച്ചം കാണുന്നത്. പിന്നീട് ഈ നിമിഷംവരെ വിവരിക്കാനാവാത്തത്ര കഠിനാധ്വാനം ചെയ്തിട്ടാണ് ഞാന്‍ സാഹിത്യരംഗത്ത് നിലനില്‍ക്കുന്നത്.

കരിക്കോട്ടക്കരി എന്ന നോവല്‍ എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു പുതിയ ലോകം എനിക്ക് തുറന്നുകിട്ടി. അതോടെ നാല്‍പതുവയസ്സുവരെ ഞാന്‍ അനുഭവിച്ച ജീവിതം, അതിന്റെ വേദനകള്‍, അപമാനങ്ങള്‍, മുറിവുകള്‍, എന്റെ ചുറ്റിലുമാടിയ കഥാപാത്രങ്ങള്‍, ഞാന്‍ കണ്ട കാഴ്ചകള്‍, എന്റെ മതം, എന്റെ രാഷ്ട്രീയം, എന്റെ കാമനകള്‍, എന്റെ പിടിവിട്ട ഭാവനകള്‍, എല്ലാത്തിനെക്കുറിച്ചും എഴുതുകതന്നെ എന്ന് ഞാന്‍ തീരുമാനിച്ചു. ആ തീരുമാനം നടപ്പിലാക്കാന്‍ എത്രമാത്രം പ്രയാസമുണ്ടെന്ന് എഴുത്ത് എന്ന പ്രക്രിയയുടെ ദുരിതപര്‍വ്വത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് ഏത് മഹാസാഹിത്യകാരനേയും പോലെ എനിക്കും എന്റെ എഴുത്ത് പ്രധാനപ്പെട്ടതാണ്.

എന്റെ സാഹിത്യത്തിന്റെ ഗുണദോഷങ്ങളേക്കുറിച്ച് ഒന്നും പറയാതെ മലയാളത്തിലെ കുടിയേറ്റസംവരണം എന്ന വിഭാഗത്തിലേക്ക് എന്റെ കൃതികളെ ഒതുക്കുന്ന ചിലരുണ്ട്. അവര്‍ക്ക് അതിന് ഒറ്റ കാരണമേയുള്ളൂ, ഞാനൊരു മലയോരക്കാരനായി ജനിച്ചുപോയി. സാംസ്‌കാരിക തമ്പുരാക്കന്‍മാരെ സംബന്ധിച്ച് കേരളത്തില്‍ പെടാത്ത ഒരു സ്ഥലമാണ് മലയോരം. അവിടുന്നുണ്ടാകുന്ന സാഹിത്യം അവര്‍ക്ക് മലയാളത്തിന്റെ മുഖ്യധാരയില്‍ പെടുത്താന്‍ ഒരിക്കലും കഴിയില്ല. അതുകൊണ്ട് ഞങ്ങള്‍ മലയോര സാഹിത്യകാരന്‍മാര്‍ നന്നായി എഴുതിയാല്‍ മാത്രം പോരാ, ഞങ്ങളുടെ മതം, ജാതി, ജന്മസ്ഥലം എന്നിവയൊക്കെ വരേണ്യമായ മറ്റൊരു അവസ്ഥയിലേക്ക് മാറ്റിയെടുത്തെങ്കില്‍ മാത്രമേ സ്വീകാര്യത കിട്ടുകയുള്ളൂ. തങ്ങളുടെ ജീവിതത്തെ അങ്ങനെ മാറ്റിയെടുത്തവരുടെ കഥയാണ് ഞാന്‍ കരിക്കോട്ടക്കരിയില്‍ പറഞ്ഞത്.

സാഹിത്യരംഗത്ത് മാത്രമാണ് ഈ അവസ്ഥ എന്ന് വിചാരിക്കരുതേ. മലയോരത്ത് വളര്‍ന്ന സാധാരണക്കാരനായ ഒരു കോണ്‍ഗ്രസുകാരന്‍ കെപിസിസി പ്രസിഡന്റ് ആയപ്പോഴും ഈ സാംസ്‌കാരികപ്രഭുക്കള്‍ വെട്ടുകിളി വിഷപ്രയോഗവുമായി ഇറങ്ങിയിട്ടുണ്ട്. സണ്ണിജോസഫ് ഒരുരൂപ മെമ്പര്‍ഷിപ്പുള്ള വെറുമൊരു കോണ്‍ഗ്രസുകാരന്‍ മാത്രമായിരുന്ന കാലം മുതല്‍ക്കേ എനിക്ക് അദ്ദേഹത്തെ അറിയാം. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് വോട്ടു ചെയ്ത് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കാന്‍ അവസാനമായി അവസരം കിട്ടിയത് 1991 ലാണ്. ആ സംഘടനാതെരഞ്ഞെടുപ്പില്‍ എന്റെ നാടായ ഉളിക്കല്ലിലെ കോണ്‍ഗ്രസുകാര്‍ ഇതാണ് ഞങ്ങളുടെ നേതാവ് എന്ന് പറഞ്ഞ് ഡിസിസി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തയച്ച ആളുടെ പേരാണ് സണ്ണിജോസഫ്. അന്നുമുതല്‍ ഒരു പ്രലോഭനത്തിനും വഴങ്ങാതെ പാര്‍ട്ടിക്കും നാടിനും വേണ്ടി അദ്ദേഹം ചെയ്ത കഠിനാധ്വാനത്തിന്റെ അംഗീകാരമാണ് ഈ കെപിസിസി പ്രസിഡന്റ് സ്ഥാനം. അവഹേളിക്കുന്നവരേക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള മാര്‍ഗ്ഗം കഠിനാദ്ധ്വാനമാണ് എന്നു വിശ്വസിക്കുന്ന ഞങ്ങളുടെ രീതിയേക്കുറിച്ച് ഫോണെടുത്ത് വിരലു ചലിപ്പിക്കുക എന്നത് മാത്രം ശീലിച്ച ഈ കമന്റ് കമ്പനികള്‍ക്ക് അറിയില്ലായിരിക്കാം.

സണ്ണിജോസഫ് എന്ന മനുഷ്യനുമായി അടുത്തിടപഴകിയ ആദ്യത്തെ സന്ദര്‍ഭം ഞാന്‍ ഓര്‍മ്മിക്കുന്നു. അന്ന് മട്ടന്നൂര്‍ കോടതിയിലെ ഏറ്റവും തിരക്കുള്ള വക്കീലന്മാരില്‍ ഒരാളായ സണ്ണിജോസഫിന് ജില്ലാകേന്ദ്രത്തിലെ രാഷ്ട്രീയ ഉത്തരവാദിത്വം കിട്ടിയപ്പോള്‍ തലശ്ശേരിയിലേക്ക് താമസംമാറേണ്ടി വന്നു. മലയോരത്ത് താമസിച്ച് ജില്ലാ രാഷ്ട്രീയത്തില്‍ സജീവമാകുക എന്നത് അക്കാലത്ത് നടക്കുന്ന കാര്യമല്ല. തലശ്ശേരിയില്‍ നല്ലയൊരു വീട് വാങ്ങാനുള്ള കാശ് അദ്ദേഹത്തിന്റെ കയ്യിലില്ല. അതുകൊണ്ട് താമസ യോഗ്യമല്ലാത്ത ഒരു പഴയവീടാണ് അദ്ദേഹം വാങ്ങിയത്. ബെന്നിച്ചേട്ടന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ അഞ്ചാറു സുഹൃത്തുക്കള്‍ ഒരു മാസത്തോളം തലശ്ശേരിയില്‍ താമസിച്ച് പെയിന്റടിച്ചും റിപ്പയര്‍ ചെയ്തും വൃത്തിയാക്കിയിട്ടാണ് അദ്ദേഹത്തിനും കുടുംബത്തിനും അവിടെ താമസിക്കാന്‍ പറ്റിയത്.

sunny joseph, vinoy thomas
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍, യാത്രയയപ്പ് പോലും തന്നില്ല; പൊട്ടിത്തെറിച്ച് കെ സുധാകരന്‍

ആ ഒരുമാസം കൊണ്ട് സണ്ണിജോസഫ് ആരാണെന്ന് എനിക്ക് വ്യക്തമായി. സാമൂഹ്യ വിഷയങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ്, പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് പടിപടിയായി അതിന്റെ കുരുക്കഴിക്കുന്ന ബുദ്ധികൂര്‍മ്മത, ചെറിയ കാര്യങ്ങളില്‍ പോലുമുള്ള കഠിനാധ്വാനം, നര്‍മ്മബോധം, ഷോ ഇറക്കാതെ നാടിനു ഗുണമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നുള്ള മനോഭാവം എന്നിവയൊക്കെ ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞു. എന്തായാലും അന്നുതൊട്ടേ എന്റെ മനസ്സിലെ മാതൃകാരാഷ്ട്രീയനേതാവ് സണ്ണിജോസഫാണ്.

എനിക്ക് അദ്ദേഹം അങ്ങനെയാണെങ്കില്‍ മറ്റു പലര്‍ക്കും മറ്റു പലതുമാണ്. ചിലര്‍ക്ക് കെ കെ ശൈലജ ടീച്ചര്‍ എന്ന ജനപ്രിയ എംഎല്‍എയെ പേരാവൂര്‍ മണ്ഡലത്തില്‍ മലര്‍ത്തിയടിച്ച് കേരള നിയമസഭയിലേയ്ക്ക് കന്നിയങ്കം ജയിച്ച രാഷ്ട്രീയ എതിരാളി, ചിലര്‍ക്ക് ഇരിട്ടി താലൂക്കിന്റെ ശില്പി, ചിലര്‍ക്ക് തലശ്ശേരി വളവുപാറ റോഡ് കൊണ്ടുവന്ന എംഎല്‍എ, അങ്ങനെ പലതും. പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം, അദ്ദേഹം ആര്‍ക്കും ശത്രുവല്ല. എന്നിട്ടും ഇത്രയധികം അധിക്ഷേപം അദ്ദേഹം കേള്‍ക്കേണ്ടിവരുന്നത് എന്തുകൊണ്ടായിരിക്കാം? കാരണം ഒന്നേയുള്ളൂ, അദ്ദേഹം ഒരു കുടിയേറ്റക്കാരനാണ്.

ഇങ്ങനെയൊക്കെ ഞങ്ങളെ കാണുന്നവരോട് ഒറ്റ കാര്യമേ പറയാനുള്ളൂ. ഇത്രയും കാലം കുടിയേറ്റക്കാര്‍ എന്ന പേരില്‍ നിങ്ങള്‍ ഞങ്ങളോട് കാണിച്ച കരുതലില്‍ പൊതിഞ്ഞ ആ അവഗണനയുണ്ടല്ലോ, അതിന്റെ കൊമ്പ് ചവിട്ടിയൊടിച്ചിട്ടാണ് ഞങ്ങളില്‍ ചിലരൊക്കെ വന്ന് ഇവിടെയിങ്ങനെ നില്‍ക്കുന്നത്. ആ നില്‍പ്പു കാണുമ്പോള്‍ തെറി വിളിക്കാന്‍ തോന്നുന്നവരോടും എനിക്ക് സ്‌നേഹം മാത്രം. കാരണം നമ്മളെ അവഹേളിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്ന് എന്നെ പഠിപ്പിച്ചത് മണ്ണിനേയും കൃഷിയേയും മനുഷ്യരേയും സ്‌നേഹിച്ച് കുടിയേറ്റമേഖലയില്‍ പുതിയൊരു ലോകം സൃഷ്ടിച്ച എന്റെ പൂര്‍വ്വികരും അവരോടൊപ്പം വളര്‍ന്ന സണ്ണിജോസഫ് എന്ന രാഷ്ട്രീയ നേതാവാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com