

കൊച്ചി: ''ഡോക്ടര്‍, എന്റെ കുട്ടിയുടെ ശരീരം കീറിമുറിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?'' കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയതിനിടെ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ച എട്ടുവയസ്സുകാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്നപ്പോള്‍ ഒരു ഫോറന്‍സിക് സര്‍ജന് അഭിമുഖീകരിക്കേണ്ടി വന്ന ഹൃദയഭേദകമായ ചോദ്യമാണിത്. പ്രിയപ്പെട്ടവരുടെ ശരീരത്തില്‍ സര്‍ജിക്കല്‍ ബ്ലേഡ് പതിക്കുന്നതും അത് തുന്നിക്കെട്ടുന്നത് കാണുന്നതിലെ വേദനയും മരണത്തിന് ശേഷമുള്ള മതപരമായ വിശ്വാസങ്ങളും എല്ലാം പലപ്പോഴും ഈ കീറിമുറിക്കല്‍ വലിയ ദുഃഖത്തിലാണ് പരിണമിക്കുന്നത്.
ഇത്തരം ആശങ്കകള്‍ക്ക് പരിഹാരമായി കേരളത്തിലെ ഫോറന്‍സിക് വിദഗ്ധര്‍ ആധുനിക മാര്‍ഗം സ്വീകരിക്കുകയാണ്. വെര്‍ച്വല്‍ ഓട്ടോപ്‌സി അഥവാ വിര്‍ട്ടോപ്‌സി. പൊതുമേഖലയില്‍ ഒരു വെര്‍ച്വല്‍ ഓട്ടോപ്‌സി സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. ശരീരം കീറിമുറിക്കാതെ തന്നെ മരണകാരണം കണ്ടെത്താന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയും പൊലീസ് സര്‍ജനുമായ ഡോ. എ. കെ. ഉന്മേഷ് പറയുന്നത്. എല്ലാ കേസുകളിലും വെര്‍ച്വല്‍ ഓട്ടോപ്‌സി പ്രായോഗികമാകില്ലെങ്കിലും, പരമ്പരാഗത രീതിയിലുള്ള പോസ്റ്റ്‌മോര്‍ട്ടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ ഇതിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏതൊരു മനുഷ്യനും ജീവിതത്തിലും മരണശേഷവും മാന്യത അര്‍ഹിക്കുന്നുണ്ടെന്ന് പദ്ധതി രേഖയില്‍ പറയുന്നു. പരമ്പരാഗത പോസ്റ്റ്‌മോര്‍ട്ടം രീതികള്‍ പലപ്പോഴും ബന്ധുക്കള്‍ക്ക് വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കുന്നത്. മൃതദേഹത്തില്‍ അധികം മാറ്റങ്ങള്‍ വരുത്താത്ത പരിശോധനാ രീതികളോടാണ് സമൂഹത്തിന് കൂടുതല്‍ താല്‍പ്പര്യമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വെര്‍ച്വല്‍ ഓട്ടോപ്‌സി ഫോറന്‍സിക് വിദഗ്ധര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ ഒരു ബദല്‍ മാര്‍ഗ്ഗമാണ്. വെര്‍ച്വല്‍ ഓട്ടോപ്‌സിക്ക് പരമ്പരാഗത പോസ്റ്റ്‌മോര്‍ട്ടത്തെ പൂര്‍ണമായി മാറ്റിസ്ഥാപിക്കാനാവില്ല.
സംശയാസ്പദമോ അസ്വാഭാവികമോ ആയ മരണങ്ങളില്‍ നിയമപരമായി പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമാണെങ്കിലും, പരമ്പരാഗത രീതികളില്‍ ശരീരഭാഗങ്ങള്‍ കീറിമുറിക്കുന്നത് മൃതദേഹത്തിന്റെ ബാഹ്യരൂപത്തില്‍ മാറ്റം വരികയും ചെയ്യുന്നു. ഇത് ബന്ധുക്കള്‍ക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നു.
ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍, ഇത് കേരളത്തിലെ ആദ്യത്തെ വെര്‍ച്വല്‍ ഓട്ടോപ്‌സി സെന്റര്‍ എന്ന് മാത്രമല്ല, ദക്ഷിണേന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമായി മാറുമെന്ന് ഡോ. ഉന്മേഷ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'വെര്‍ച്വല്‍ ഓട്ടോപ്‌സി നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടൊപ്പം തന്നെ മരിച്ചയാളുടെ മാന്യത കാത്തുസൂക്ഷിക്കുകയും, ശാസ്ത്രീയ കൃത്യതയും കുടുംബങ്ങള്‍ക്ക് മാനസിക ആശ്വാസവും ഉറപ്പാക്കുകയും ചെയ്യുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ നിയമപ്രകാരം അസ്വാഭാവിക മരണങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നിര്‍ബന്ധമാണ്. സാഹചര്യ തെളിവുകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പോസ്റ്റ്‌മോര്‍ട്ടം കൂടാതെ മൃതദേഹം വിട്ടു നല്‍കുന്നത് വളരെ അപൂര്‍വ്വമായ കേസുകളില്‍ മാത്രമാണ്.
പരമ്പരാഗത പോസ്റ്റ്‌മോര്‍ട്ടം രീതികള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും ഇടയാക്കാറുണ്ട്. നിലവില്‍ ഡല്‍ഹി, ഋഷികേശ്, ഷില്ലോങ്, ബംഗളൂരു തുടങ്ങിയ ഇന്ത്യയിലെ ചില തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി അവതരിപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക് മെഡിസിന്‍, റേഡിയോളജി, നീതിന്യായ വ്യവസ്ഥ, നിയമപാലക ഏജന്‍സികള്‍ എന്നിവ തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് പുതിയ നിര്‍ദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. വെര്‍ച്വല്‍ ഓട്ടോപ്‌സിയുടെ കൃത്യതയെക്കുറിച്ച് ഒരു വിഭാഗം ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, എല്ലാ കേസുകളിലും ഇത് പരമ്പരാഗത പോസ്റ്റ്‌മോര്‍ട്ടത്തിന് പകരമാകില്ലെന്ന് ഡോ. ഉന്മേഷ് വ്യക്തമാക്കി. കേരളത്തിലെ ഏകദേശം 60% കേസുകളിലും ശരീരം കീറിമുറിക്കാതെ വെര്‍ച്വല്‍ ഓട്ടോപ്‌സിയിലൂടെ മാത്രം മരണകാരണവും മറ്റ് കണ്ടെത്തലുകളും നിര്‍ണ്ണയിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു. റോഡപകട മരണങ്ങള്‍, അസാധാരണമായ സാഹചര്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചില സ്വാഭാവിക മരണങ്ങള്‍, ദൃക്സാക്ഷികളുള്ള അപകട മരണങ്ങള്‍ എന്നിവയിലൊക്കെ പരമ്പരാഗത രീതിയിലുള്ള കീറിമുറിക്കലുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സിസ്റ്റം നേരിടുന്ന വെല്ലുവിളികൾ:
ശരീരം കീറിമുറിച്ചുള്ള പോസ്റ്റ്മോർട്ടത്തോടുള്ള മതപരവും സാംസ്കാരികവുമായ എതിർപ്പുകൾ.
ഫോറൻസിക് വിദഗ്ധരുടെ കുറവ് മൂലം കേസുകൾ കെട്ടിക്കിടക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകൾ കോടതിയിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിലെ ബുദ്ധിമുട്ട്.
പരമ്പരാഗത പോസ്റ്റ്‌മോര്‍ട്ടം തെളിവുകൾ കാലക്രമേണ നശിച്ചുപോകുന്നതിനാൽ ദീർഘകാലത്തേക്ക് സൂക്ഷിച്ചുവെക്കുന്നതിലെ പരിമിതികൾ.
എന്തുകൊണ്ട് കേരളത്തിൽ വെർച്വൽ ഓട്ടോപ്സി?
മെഡിക്കോ-ലീഗൽ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നു.
നീതിന്യായ വ്യവസ്ഥയിലെ സുതാര്യത വർദ്ധിപ്പിക്കുന്നു.
മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ മാനസിക വിഷമം കുറയ്ക്കുന്നു.
അപ്പീലുകൾക്കും കേസ് പുനഃപരിശോധനകൾക്കുമായി സ്ഥിരമായ ഡിജിറ്റൽ തെളിവുകൾ നൽകുന്നു.
നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന ഉപകരണങ്ങൾ:
16/32-Slice CT Scanner: അസ്ഥികൾക്കുണ്ടാകുന്ന പരിക്കുകളും ആന്തരിക ആഘാതങ്ങളും കണ്ടെത്തുന്നതിനുള്ള ഹോൾ-ബോഡി സ്കാനിംഗിനായി.
1.5T/3T MRI Scanner: മൃദുവായ കോശങ്ങൾ (soft tissues), മസ്തിഷ്കം, ഹൃദയം എന്നിവയുടെ വിശദമായ പരിശോധനയ്ക്കായി.
3D Image Reconstruction Workstations: ഫോറൻസിക് ദൃശ്യവൽക്കരണത്തിനും വെർച്വൽ ഡിസെക്ഷനും (ശരീരം ഡിജിറ്റലായി കീറിമുറിച്ചുള്ള പരിശോധന) വേണ്ടി.
Forensic Radiology Software: Amira, Mimics, OsiriX MD തുടങ്ങിയ മെഡിക്കോ-ലീഗൽ മൊഡ്യൂളുകളുള്ള ഫോറൻസിക് റേഡിയോളജി സോഫ്റ്റ്‌വെയറുകൾ.
PACS (Picture Archiving and Communication System): സുരക്ഷിതമായ ക്ലൗഡ് ബാക്കപ്പ് സംവിധാനത്തോട് കൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates