

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പുതിയ നിര്‍ദേശവുമായി മന്ത്രിസഭാ ഉപസമിതി. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമി മത്സ്യത്തൊഴിലാളി ഭവനപദ്ധതിക്ക് വിട്ടു നല്‍കും. മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കര്‍ ഭൂമിയാണ് വിട്ടുനല്‍കുക. തിരുവനന്തപുരം നഗരസഭയുടെ രണ്ടേക്കര്‍ ഭൂമി കൂടി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനായി നല്‍കും.
പത്ത് ഏക്കറിലാകും ഭവന സമുച്ചയം നിര്‍മ്മിക്കുക 3000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാകും ഫ്ലാറ്റ് നല്‍കുക. ആദ്യം 335 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും. ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്കാും മുന്‍ഗണന നല്‍കുക. ഇവരെയെല്ലാം വാടക വീടുകളിലേക്ക് മാറ്റും. വീടുകളുടെ വാടക സര്‍ക്കാര്‍ നല്‍കാനും മന്ത്രിസഭ ഉപസമിതി യോഗത്തില്‍ തീരുമാനിച്ചു.
മുട്ടത്തറയിലെ ഭൂമി വിട്ടുനല്‍കുന്നതിന് പകരമായി മൃഗസംരക്ഷണ വകുപ്പിന് ജയില്‍ വകുപ്പിന്റെ ഭൂമി നല്‍കാനും ധാരണയായിട്ടുണ്ട്. ഉപസമിതി യോഗത്തില്‍ മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എം വി ഗോവിന്ദന്‍, കെ രാജന്‍, ചിഞ്ചുറാണി എന്നിവർ പങ്കെടുത്തു. മന്ത്രിസഭാ ഉപസമിതി നാളെ സമരക്കാരുമായി ചര്‍ച്ച നടത്തും. തുടര്‍ന്നാകും മുഖ്യമന്ത്രിയും സമരസമിതിയും തമ്മിലുള്ള ചര്‍ച്ച തീരുമാനിക്കുക.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം കടുപ്പിച്ചതോടെ, രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍, മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. സമരവും നിലവിലെ സാഹചര്യങ്ങളും മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. പൂന്തുറ ഇടവകയുടെ നേതൃത്വത്തില്‍ നടന്ന സമരം ഒരുപോലെ കരയും കടലും വളഞ്ഞുകൊണ്ടായിരുന്നു നടത്തിയത്. കരയിലൂടെയും കടലിലൂടെയും പ്രതിഷേധക്കാരെത്തി. സമരം അവസാനിപ്പിക്കാനായി കഴിഞ്ഞദിവസം മന്ത്രി അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates