സര്‍ക്കാരിന് എന്‍എസ്എസിലേക്കു പാലമിട്ടത് വിഎന്‍ വാസവന്‍, മധ്യകേരളത്തിലെ രാഷ്ട്രീയത്തെ മാറ്റിയ 'ചാണക്യതന്ത്രം'

ജി സുകുമാരന്‍ നായരെ 'മണിച്ചേട്ടാ' എന്ന് വിളിക്കാന്‍ അടുപ്പമുള്ള ചുരുക്കം നേതാക്കളില്‍ ഒരാളാണ് വിഎന്‍ വാസവന്‍.
VN VASAVAN
വി എന്‍ വാസവന്‍/ഫയല്‍
Updated on
2 min read

കൊച്ചി: സമുദായ സമവാക്യങ്ങള്‍ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന മധ്യകേരളത്തില്‍ സിപിഎമ്മിന്റെ ചാണക്യതന്ത്രം മെനയുന്ന നേതാവ് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് സഹകരണ, തുറമുഖം, ദേവസ്വം മന്ത്രിയായ വി എന്‍ വാസവന്‍. ആഗോള അയ്യപ്പസംഗമത്തിന് എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും പൂര്‍ണ പിന്തുണ ലഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് വിഎന്‍ വാസവന്‍ എന്ന കോട്ടയത്തെ നേതാവാണ്.

ജി സുകുമാരന്‍ നായരെ 'മണിച്ചേട്ടാ' എന്ന് വിളിക്കാന്‍ അടുപ്പമുള്ള ചുരുക്കം നേതാക്കളില്‍ ഒരാളാണ് വിഎന്‍ വാസവന്‍. അയ്യപ്പസംഗമം മഹാവിജയമായപ്പോള്‍ ആദ്യം പ്രശംസയുമായി എത്തിയത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരായിരുന്നു. ശബരിമലയുടെ വികസനത്തിലും വിശ്വാസ സംരക്ഷണത്തിലും സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

VN VASAVAN
മോഷണക്കേസിൽ പ്രതി; പൊലീസ് പിന്തുടർന്നപ്പോൾ മക്കളെ കാറിനുള്ളിൽ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

നേരത്തെ യുഡിഎഫിന്റെ കോട്ട കാത്ത നേതാക്കളിലൊരാളായ മാണിയെയും പാര്‍ട്ടിയെയും എല്‍ഡിഎഫില്‍ എത്തിക്കുന്നതില്‍ പ്രധാനിയും വാസവന്‍ തന്നെയായിരുന്നു. ഈ ഒരൊറ്റനീക്കം കേരളത്തിലെ രാഷ്ട്രീയ ഭൂപടംതന്നെ മാറ്റി വരച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ഉള്‍പ്പടെയുളള ജില്ലകളില്‍ ഇതിന്റ പ്രതിഫലനം കാണുകയും ചെയ്തു.

എന്‍എസ്എസ്മായുള്ള ഇടതുബന്ധത്തിലെ മഞ്ഞുരുകലിനും കാരണക്കാരന്‍ വാസവന്‍ തന്നെ. 2017ല്‍ നാട്ടകം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ജി സുകുമാരന്‍ നായരുടെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതും വാസവനായിരുന്നു. അടുത്തിടെ ഒരു വീഴ്ചയെ തുടര്‍ന്ന് ചികിത്സയിലായ ജി സുകുമാരന്‍ നായരെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രിയിലെത്തിയപ്പോഴും ഒപ്പം വാസവന്‍ ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെയും കെഎം മാണിയുടെ തട്ടകമായ കോട്ടയത്ത് അവര്‍ക്കൊപ്പം ജനകീയനായ നേതാവ് എന്ന നിലയിലേക്ക് മാറിയിരിക്കുന്നു, ഇതിനകം വാസവന്‍.

VN VASAVAN
'മലയാളത്തിന്റെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നില്‍ തെളിയിച്ചു'; മാതാ അമൃതാനന്ദമയിക്ക് സര്‍ക്കാരിന്റെ ആദരം

സിപിഎം മന്ത്രിമാരില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് വിഎന്‍ വാസവനെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍ പറയുന്നു. ഭൂരിഭാഗം മന്ത്രിമാരും കര്‍ക്കശക്കാരും സാധാരണക്കാര്‍ക്ക് സമീപിക്കാന്‍ കഴിയാത്തവരുമാണ്. അതില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് വാസവന്‍. ജനങ്ങളുമായുള്ള ഇടപെടലാണ് അതിനുകാരണം. കോട്ടയം ജില്ലയില്‍ രാഷ്ട്രീയമായി ഉയര്‍ന്ന നേതാവാകണമെങ്കില്‍ ഒന്നുകില്‍ സുറിയാനി ക്രിസ്ത്യാനിയോ നായരോ ആകണം. ആ പതിവ് തെറ്റിച്ചാണ് ഈഴവനായ വാസവന്‍ മികച്ച സമവായകനായും നേതാവായും മാറിയത്. സിറോ മലബാര്‍ ബിഷപ്പുമാരായാലും, ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളായാലും, വെള്ളാപ്പള്ളി, ഗോകുലം ഗോപാലന്‍ തുടങ്ങിയവരായാലും മികച്ച ബന്ധം പുലര്‍ത്താനും നിലനിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. കോട്ടയം സിപിഎം ജില്ലാ സെക്രട്ടറിയായപ്പോഴും വിഭാഗീയതയ്ക്കപ്പുറം വ്യക്തിപരമായ ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും ജയശങ്കര്‍ പറയുന്നു

മറ്റ് സിപിഎം നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ വാസവന്റെ വളര്‍ച്ച കൂടുതല്‍ ശ്രദ്ധേയമാണെന്ന് മുതിര്‍ന്ന മാധ്യമ ്രപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് പറഞ്ഞു. കഠിനാധ്വാനവും മറ്റുള്ളവര്‍ക്ക് എപ്പോഴും സമീപിക്കാന്‍ കഴിയുന്നതും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും മന്ത്രി എന്ന നിലയില്‍ വാസവന് കഴിഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശനത്തിനെതിരായ സമരത്തില്‍ എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത 2,600-ല്‍ രണ്ടായിരത്തോളം കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ വാസവന്‍ ഉറപ്പുനല്‍കിയിരുന്നു. ബാക്കിയുള്ളവ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ സന്നദ്ധതയും അദ്ദേഹം സമുദായ നേതാക്കളെ അറിയിക്കുകയം ചെയ്തു കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലം തടസ്സങ്ങളില്ലാതെയും അക്രമരഹിതമായും നടന്നതിലും വാസവന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടുതുമുന്നണിയിലേക്ക എത്തിച്ചത് മുതല്‍ സിപിഎമ്മിനോടുള്ള എന്‍എസ്എസ് നിലപാട് മയപ്പെടുത്തിയത് വരെ, അസാധ്യമായത് സാധ്യമാക്കിയത് വാസവന്‍ എന്ന നേതാവിന്റെ ചാണക്യതന്ത്രമാണ്.

Summary

VN Vasavan emerges as CPM’s key bridge builder with NSS, SNDP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com