'സമരോജ്ജ്വലം'; പോരാട്ട ജീവിതത്തിന്റെ നൂറാണ്ട്

ലോകത്തില്‍ അത്ഭുതങ്ങള്‍ നിരവധിയുണ്ടെങ്കിലും ഏറ്റവും വലിയ അത്ഭുതം മനുഷ്യനാണെന്നായിരുന്നു വിഎസിന്റെ പക്ഷം.
വിഎസ് അച്യുതാനന്ദന്‍
വിഎസ് അച്യുതാനന്ദന്‍
Updated on
2 min read


ഇടതുപക്ഷത്തെ
ജനകീയപക്ഷമാക്കിയ സമരവീര്യമാണ് വിഎസ്. മലയാളി ഭുമിയിലുള്ളിടത്തോളം കാലം ഈ കമ്യൂണിസ്റ്റ് ഓര്‍മിക്കപ്പെടും. നിസ്വരായ ഒരു ജനതയുടെ സ്വപ്‌നങ്ങളിലും ഹൃദയങ്ങളിലുമാണ് ഇദ്ദേഹം പ്രത്യാശയുടെ കിരണങ്ങള്‍ പടര്‍ത്തിയത്. സത്യത്തിന്റെയും നീതിയുടെയും ശബ്ദമാണ് കേരളം വിഎസിലൂടെ കേട്ടത്. 

മനുഷ്യനോട് സത്യസന്ധത പുലര്‍ത്തിയ ഭരണാധികാരിയായിരുന്നു വിഎസ്. ലോകത്തില്‍ അത്ഭുതങ്ങള്‍ നിരവധിയുണ്ടെങ്കിലും ഏറ്റവും വലിയ അത്ഭുതം മനുഷ്യനാണെന്നായിരുന്നു വിഎസിന്റെ പക്ഷം. അതിലപ്പുറം ഒരു ചുക്കുമില്ലെന്ന് കട്ടായം. മനുഷ്യമുന്നേറ്റത്തിന്റെ നിരന്തരപ്രയാണത്തില്‍ ലക്ഷ്യനിര്‍ദേശം ചെയ്യുന്ന ഒരു പ്രകാശ ഗോപുരം. കേരളത്തിന്റെ പോരാട്ട ചരിത്രത്തിലെ വിപ്ലവ സൂര്യന്‍. 

തനിക്കനൂകൂലമായ വിധത്തില്‍ ജനങ്ങളെ മാറ്റുന്ന നേതാവാകാന്‍ വിഎസ് ഒരിക്കലും ശ്രമിച്ചില്ല. ഞങ്ങളാണ് ശരിയെന്ന ഒരു കൂട്ടര്‍ ശഠിക്കുമ്പോള്‍ നമ്മളാണ്, അഥവാ ജനങ്ങളാണ് ശക്തിയെന്ന് തിരിച്ചറിഞ്ഞ നേതാവ്. സഖാവ് എകെജിയെപ്പോലെ... 

ആധുനിക കേരളീയ ജീവിതത്തെ അത്രമേല്‍ സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്ത നിലപാട്. എങ്കിലും സംഘടിതമായ അഭിപ്രായത്തിന് പകരം വ്യക്തിതാത്പര്യങ്ങള്‍ രാഷ്ട്രീയശരികളാകുന്ന പ്രത്യയശാസ്ത്രത്തെ വിഎസ് പൂര്‍ണമായി എതിര്‍ത്തിരുന്നുവോ എന്നത് സംശയമാണ്. 

ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ആയിരുന്നു ജനനം. 1939-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി എസ് 1940ല്‍ പതിനേഴാം വയസ്സിലാണ് നിരോധിത കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. സഖാവ് പി കൃഷ്ണപിള്ളയാണ് വിഎസിനുളളിലെ കമ്യൂണിസ്റ്റുകാരനെയും അദ്ദേഹത്തിന്റെ നേതൃപാടവവും തിരിച്ചറിഞ്ഞത്. സഖാവിന്റെ നിര്‍ദേശാനുസരണം ബ്രിട്ടീഷ് ഭരണത്തില്‍ കയര്‍-കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് ഉജ്വല സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊടിയ മര്‍ദനങ്ങള്‍ക്കും ജയില്‍വാസത്തിനും വിധേയനായി.

സിപിഎമ്മിന്റെസ്ഥാപക നേതാക്കളിലൊരാളായ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. പുന്നപ്ര വയലാര്‍ സമരനായകന്‍, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സംസ്ഥാന സെക്രട്ടറി. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 1964 ല്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍. 

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദന്‍ ഒട്ടേറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി. അഴിമതി, വനം കയ്യേറ്റം, മണല്‍ മാഫിയ എന്നിവയ്ക്കതെതിരെ വീട്ടവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ജനകീയ നേതാവായി. ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി, 2006 മെയ് പതിനെട്ടിന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രായം 83 ആയിരുന്നു.

പാര്‍ട്ടിക്കകത്ത് ഒരേസമയം നായകനും പ്രതിനായകനുമായപ്പോള്‍ പലതവണ പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായി. പിണറായിക്കെതിരെ ലാവ്‌ലിന്‍ പോരാട്ടത്തെ തുടര്‍ന്ന് വിഎസിനെ പിബിയില്‍ നിന്ന് പുറത്താക്കി. സംഘടനാതത്വങ്ങളും അച്ചടക്കവും ലംഘിച്ചെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നായിരുന്നു വിശദീകരണം.
എന്റെ രാഷ്ട്രീയ സുതാര്യത മനഃസാക്ഷിക്കനുസരിച്ചുള്ള പ്രവര്‍ത്തനമാണ്. അപ്പോള്‍ എങ്ങനെ ഈ പ്രശ്‌നത്തില്‍ മനഃസാക്ഷിയെ മാറ്റിനിര്‍ത്തും? അതു ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. പിബി അംഗീകരിച്ചില്ല. എന്നെ പുറത്താക്കിയെന്നായിരുന്നു വിഎസിന്റെ പ്രതികരണം.

ചതിയുടെ രാഷ്ട്രീയ അടവുകള്‍ ആര്‍ക്കെതിരെയും പ്രയോഗിച്ചിട്ടില്ലെന്ന ആത്മവിശ്വാസമാണ് തന്റെ രാഷ്ട്രീയ ജീവിത സമ്പത്ത് എന്ന് വിഎസ് ആവര്‍ത്തിച്ച് പറയുമായിരുന്നു. ജനകീയ ഇടപെടലില്‍ നിന്ന് പുതുജീവന്‍ നേടുന്ന നേതാവ്. വിഎസ് എന്നാല്‍ വിശ്വസ്തനായ സഖാവ് എന്നുകൂടി ചുരുക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com