

ആലപ്പുഴ: ജനലക്ഷങ്ങളുടെ ഹൃദയാഭിവാദ്യങ്ങളേറ്റുവാങ്ങി കേരളത്തിന്റെ വിപ്ലവ സൂര്യന്‍ ഒടുവില്‍ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തി. കളിച്ചു വളര്‍ന്ന വീട്ടില്‍ അവസാനമായി വി എസ് എത്തിയപ്പോള്‍, സ്ത്രീകളും കുട്ടികളും വൃദ്ധരും, സാമൂഹിക-സാംസ്‌കാരിക-മത നേതാക്കളുമടക്കം അന്തിമോപചാരം അര്‍പ്പിക്കാനായി പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. കണ്ണേ കരളേ വിയെസ്സേ.... പുന്നപ്രയിലെ ധീരനായകാ... ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ...നിങ്ങള്‍ പിടിച്ച ചോരച്ചെങ്കൊടി ഞങ്ങളീ വാനില്‍ ഉയര്‍ത്തിക്കെട്ടും.. ഇന്‍ക്വിലാബ് സിന്ദാബാദ് എന്നിങ്ങനെ കടലിരമ്പം പോലെ മുദ്രാവാക്യങ്ങളാല്‍ നിറഞ്ഞു.
വീടിനകത്ത് ആദ്യത്തെ 10 മിനിറ്റ് കുടുംബാംഗങ്ങള്‍ക്ക് മാത്രം അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കുക. വീട്ടില്‍ വിഎസിന്റെ പത്‌നി വസുമതി, മകള്‍ ആശ, വി എസിന്റെ സഹോദരി ആഴിക്കുട്ടി തുടങ്ങിയ കുടുംബാംഗങ്ങളുണ്ട്. വീട്ടുകാരുടെ അന്തിമോപചാരത്തിന് ശേഷം വീടിന് പുറത്തെ പന്തലില്‍ പൊതു ദര്‍ശനം. വീട്ടില്‍ എത്തിയ എല്ലാവരെയും വിഎസിനെ കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും അനുവദിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തുടര്‍ന്ന് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഡി സി ഓഫീസിലെ പൊതുദര്‍ശനം ഒരു മണിക്കൂറില്‍ നിന്നും അര മണിക്കൂറായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
തുടര്‍ന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകീട്ട് പോരാളികളുടെ മണ്ണായ ആലപ്പുഴ വലിയചുടുകാട്ടിലാണ് വി എസിന്റെ സംസ്‌കാരം നടക്കുക. അനന്തപുരിയില്‍ നിന്നും വിപ്ലവമണ്ണായ പുന്നപ്രയിലേക്ക് ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ് വിഎസിന്റെ വിലാപയാത്ര ആരംഭിച്ചത്. മൂന്നു ജില്ലകളിലായി, 151 കിലോമീറ്റര്‍ ദൂരം നീളുന്ന വിലാപയാത്ര 22 മണിക്കൂര്‍ പിന്നിട്ട്, ഇന്നുച്ചയ്ക്ക് 12.22 നാണ് വിഎസിന്റെ ഭൗതികദേഹം പുന്നപ്രയിലെ ജന്മനാട്ടിലേക്കെത്തിയത്. വേലിക്കകത്ത് വീടിന് സമീപം ആയിരക്കണക്കിന് ആളുകളാണ് പ്രിയ സഖാവിനെ ഒരുനോക്കു കാണാനായി തടിച്ചു കൂടിയിട്ടുള്ളത്.
സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദന്‍, സിപിഎം നേതാക്കള്‍, മന്ത്രിമാര്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, കോണ്‍ഗ്രസ് നേതാവ് എം ലിജു, മുന്‍മന്ത്രി ജി സുധാകരന്‍ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ വിഎസിന്റെ വേലിക്കകത്ത് വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിച്ചേര്‍ന്നിരുന്നു. തിരുവനന്തപുരത്തു നിന്നും പുന്നപ്ര വരെ, രാത്രിയും മഴയും വകവെക്കാതെ വഴിയോരങ്ങളില്‍ കാത്തുനിന്ന ജനസഹസ്രങ്ങളുടെ ഹൃദയാഞ്ജലി ഏറ്റുവാങ്ങിയാണ് വി എസിന്റെ അന്ത്യയാത്രയെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates