

മലപ്പുറം: മലപ്പുറത്ത് നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനം മാറ്റിവച്ചു. സമസ്ത നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സമ്മേളനം മാറ്റിവച്ചത്. സിപിഎം വേദിയില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധിച്ചാണ് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
സമ്മേളനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നേതൃത്വം വ്യാഴാഴ്ച രാവിലെ സംഘാടക സമിതിക്ക് കത്ത് നല്‍കി. സമ്മേളനവുമായി ബന്ധപ്പെട്ട് ലീഗ് അനുകൂലികള്‍ നടത്തുന്ന എല്ലാ നീക്കങ്ങളും നിര്‍ത്തിവയ്ക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം, സമ്മേളനത്തിന്റെ സംഘാടക സമിതി ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ പരിപാടി താല്‍ക്കാലികമായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. സമസ്ത നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
23ന് ചേരുന്ന മുശാവറ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. നടപടി സ്വീകരിക്കുകയോ അല്ലെങ്കില്‍ ഞങ്ങള്‍ നിശ്ചയിച്ച യോഗവുമായി മുന്നോട്ടുപോകുകയോ ചെയ്യും. സമസ്ത നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നിലവില്‍ സമ്മേളനം മാറ്റിവച്ചതെന്ന് സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എം സി മാഹിന്‍ ഹാജി പറഞ്ഞു.
വെള്ളിയാഴ്ച മലപ്പുറത്ത് വഖഫ് വിശദീകരണ സമ്മേളനം നടത്താനാണ് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, സമ്മേളനം സമസ്തയിലെ വിഭാഗീയത കൂടുതല്‍ രൂക്ഷമാക്കുമെന്ന സാഹചര്യത്തിലാണ് നേതൃത്വം ഇടപെട്ടത്.
വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരിനെയും മുസ്ലിം ലീഗിനെയും വിമര്‍ശിച്ച് ഉമര്‍ ഫൈസി മുക്കം നടത്തിയ പരാമര്‍ശങ്ങളാണ് ലീഗ് കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച വഖഫ് വിശദീകരണ യോഗത്തിലായിരുന്നു സമസ്ത സെക്രട്ടറി കൂടിയായ ഉമര്‍ ഫൈസിയുടെ രൂക്ഷ വിമര്‍ശനം.
ഇതിന് പിന്നാലെയാണ് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം അതേ വേദിയില്‍ വഖഫ് വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയാണ് പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates