

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് മുന്നേ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പ്രത്യേക ബെഞ്ച് ചോദിച്ചു. ബലാത്സംഗത്തിനും പോക്‌സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടിയെടുത്തില്ലെന്നത് ആശ്ചര്യകരമെന്നും അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോ എന്നും ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ബെഞ്ച് ചോദിച്ചു. മുദ്ര വെച്ച കവറിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് സമര്‍പ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2021 ല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അപ്പോള്‍ ഈ നാലു വര്‍ഷവും എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു. 2021 ഫെബ്രുവരിയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടിയിരുന്നു. ഇത്തരമൊരു പ്രധാന വിഷയത്തില്‍ ഇടപെടേണ്ട ബാധ്യത സര്‍ക്കാരിനില്ലേ?. കുറ്റകൃത്യങ്ങള്‍ വെളിച്ചത്തു വന്നിട്ടും നടപടിയില്ലാത്തത് എന്തു കൊണ്ട്?. സര്‍ക്കാര്‍ രാജ്യത്തെ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. എന്തുകൊണ്ട് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ല?. ഒരു നല്ല ഭരണത്തില്‍ ഇങ്ങനെയല്ല വേണ്ടത്. ഒരു വിഷയം ശ്രദ്ധയില്‍പ്പെട്ടാല്‍ വേഗത്തിലുള്ള നടപടികളാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ നടപടിയെടുക്കാത്തത് അംഗീകരിക്കാനാകില്ല. സിനിമാ നയം രൂപീകരിക്കുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരമാണോ എന്നും ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് ക്രിമിനല്‍ നടപടി സ്വീകരിച്ചില്ലെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റി തന്നെ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് സൂചിപ്പിച്ചിരുന്നു. ഇതുകൊണ്ടാണ് നടപടിയെടുക്കാതിരുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ നടപടി വേണ്ടേയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ഒരു കുറ്റകൃത്യം നടന്നുവെന്ന് അറിഞ്ഞാല്‍ കണ്ണടച്ചിരിക്കാന്‍ സര്‍ക്കാരിന് കഴിയുമോ? . അന്വേഷണത്തിന് തടസ്സമെന്താണെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന് ലഭിച്ച പൂര്‍ണമായ റിപ്പോര്‍ട്ട് അതേപടി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എഫ്‌ഐആര്‍ വേണോയെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണ സംഘം തീരുമാനിക്കണം. സ്വീകരിച്ച നടപടി എന്തെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. നടപടികളില്‍ തിടുക്കം കാട്ടരുത്. റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത പ്രത്യേക അന്വേഷണ സംഘം സൂക്ഷിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates