

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ ഒട്ടേറെ നിഗൂഢതകളുണ്ടെന്ന് ഹൈക്കോടതി. പണം എവിടെനിന്നു വന്നുവെന്നോ എന്തിനുവേണ്ടി കൊണ്ടുവന്നുവെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ ഒന്നാംപ്രതിയടക്കം 10 പേരുടെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടു കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് കെ ഹരിപാലിന്റെ വിലയിരുത്തല്‍.
വാഹനം തടഞ്ഞുനിര്‍ത്തി 3.5 കോടി രൂപ തട്ടിയെടുത്തത് ഏപ്രില്‍ മൂന്നിനാണ്. 25 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ 3.5 കോടി തട്ടിയതായി മനസ്സിലായി. മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണം തട്ടിയെടുത്തതെന്നാണു മനസ്സിലാകുന്നത്. അതിനായി ഗൂഢാലോചനയും നടത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
കേസിലെ പല കാര്യങ്ങളും പുറത്തുവരേണ്ടതുണ്ടെന്ന്, ജാമ്യ ഹര്‍ജി തള്ളുന്നതിനു കാരണമായി കോടതി ചൂണ്ടിക്കാട്ടി. പണം എവിടെനിന്നു വന്നുവെന്നോ എന്തിനുവേണ്ടി കൊണ്ടുവന്നുവെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആരോപണവിധേയരില്‍ ചിലരെ ഇപ്പോഴും പിടിക്കാനായിട്ടില്ല. ഒട്ടേറെ സാക്ഷികളെയും ചോദ്യംചെയ്യേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
ഒന്നാംപ്രതി മുഹമ്മദ് അലി, അഞ്ചാംപ്രതി അരീഷ്, ആറാംപ്രതി മാര്‍ട്ടിന്‍, ഏഴാംപ്രതി ലബീബ്, ഒന്‍പതാംപ്രതി ബാബു, 10ാം പ്രതി അബ്ദുള്‍ ഷാഹിദ്, 11ാം പ്രതി ഷുക്കൂര്‍, 14ാം പ്രതി റഹിം, 17ാം പ്രതി റൗഫ്, 19ാം പ്രതി ടി.എം. എഡ്വിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. അന്വേഷണം പാതിവഴിയിലാണെന്നും ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് ചെലവഴിക്കാന്‍ കൊണ്ടുവന്ന കള്ളപ്പണമാണിതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates