

കൊച്ചി: ചരിത്രപ്രസിദ്ധമായ കടവന്ത്ര കടവുംഭാഗം സിനഗോഗിന് തീവെച്ച കേസിലെ മുഖ്യപ്രതി എബിന് ബി പോളിന്റെ പശ്ചാത്തലം അന്വേഷണ ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിക്കുന്നു. ഒറ്റപ്പെട്ട ജീവിതരീതിയും പുറത്തേക്ക് ശാന്തനായ പെരുമാറ്റവുമുള്ള അന്തര്മുഖനായ ഈ 32കാരന്റെ നീക്കത്തിനു പിന്നില് വന് ഗൂഢാലോചനകളും അന്താരാഷ്ട്ര ബന്ധങ്ങളും ഉണ്ടെന്നാണ് പൊലീസിന്റെ സംശയം.
യുകെയില് ഉപരിപഠനത്തിനായി പോയെങ്കിലും കോഴ്സ് പൂര്ത്തിയാക്കാതെ നാട്ടില് തിരിച്ചെത്തിയ ആളാണ് എബിന്. നിലവില് ജോലിയൊന്നുമില്ലാത്ത ഇയാള് പുത്തന്കുരിശില് കുടുംബത്തോടൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആളുകളുമായി ഇടപഴകാന് മടിയുള്ള, ആരോടും മുഖത്ത് നോക്കി സംസാരിക്കാത്ത, ഒതുങ്ങിക്കൂടിയ സ്വഭാവക്കാരനാണ് എബിന് എന്നാണ് പൊലീസ് നല്കുന്ന വിവരണം. എന്നാല്, ഇയാളുടെ ഈ നിശ്ശബ്ദതയ്ക്ക് പിന്നില് വലിയൊരു ഡിജിറ്റല് ലോകമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില് വ്യക്തമായി.
തീവെപ്പ് സംഭവത്തിന് പിന്നില് 'ബോസ്' എന്ന് വിശേഷിപ്പിക്കുന്ന അജ്ഞാതനായ ഒരാളാണെന്ന് പൊലീസ് സംശയിക്കുന്നു. ടെലഗ്രാം വഴി ഈ 'ബോസു'മായി എബിന് നിരന്തരം ബന്ധപ്പെട്ടിരുന്നു. ഡല്ഹിയിലും ഉത്തര്പ്രദേശിലുമുള്ള ചില സ്ഥലങ്ങള് ലക്ഷ്യമിടാനും ആയുധങ്ങള് സംഘടിപ്പിക്കാനുമുള്ള പദ്ധതികള് ഇവര് ചര്ച്ച ചെയ്തിരുന്നതായാണ് സൂചന.
സിനഗോഗ് പരിസരത്ത് തീവെപ്പ് നടത്തിയതിന്റെയും, മൂവാറ്റുപുഴയില് ഉപയോഗിച്ച കാര് കത്തിച്ച മറ്റൊരു സംഭവത്തിന്റെയും ദൃശ്യങ്ങള് എബിന് തന്റെ ഫോണില് പകര്ത്തിയിരുന്നു. ആക്രമണങ്ങളുടെ തെളിവായി ദൃശ്യങ്ങള് അജ്ഞാതനായ 'ബോസിന്' അയച്ചുകൊടുത്തതായും പൊലീസ് കരുതുന്നു. ഇവര് തമ്മില് സാമ്പത്തിക ഇടപാടുകള് നടന്നതിന്റെ ലക്ഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച പുലര്ച്ചെ സിനഗോഗിന് സമീപത്തെ ബ്ലോസം നഴ്സറിക്ക് തീയിട്ട ശേഷം എബിന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് പൊലീസ് വീട്ടിലെത്തിയപ്പോള് ഇയാള് മുറിക്കുള്ളില് പൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. അറസ്റ്റിന് പിന്നാലെ ഇയാളുടെ വീട്ടില് നടത്തിയ പരിശോധനയില് എട്ടുതരം ലഹരി വസ്തുക്കളും കണ്ടെടുത്തു. ഇത് സ്വന്തം ആവശ്യത്തിനാണോ അതോ മറ്റ് ഗൂഢാലോചനകളുടെ ഭാഗമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
സംഭവത്തിന് പിന്നില് അന്താരാഷ്ട്ര ബന്ധങ്ങളും ഭീകരവാദ ബന്ധങ്ങളും ഉണ്ടോ എന്നറിയാന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര് അരുണ് കെ പവിത്രന്റെ നേതൃത്വത്തിലുള്ള പൊലീസിനൊപ്പം എന്ഐഎയും മറ്റ് കേന്ദ്ര ഏജന്സികളും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എബിന്റെ ഡിജിറ്റല് ഉപകരണങ്ങള് ഫോറന്സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കേസില് നിര്ണായക വിവരങ്ങള് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates