

കൊച്ചി: നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വിഐപിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനും അപകടപ്പെടുത്താനും ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും സഹോദരനും സഹോദരീ ഭര്‍ത്താവിനുമെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസില്‍ ആറാം പ്രതി കൂടിയാണ് ഈ വിഐപി. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവെട്ടണം, ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തണം തുടങ്ങിയ പ്രസ്താവനകള്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നടത്തിയ ഘട്ടത്തില്‍ വിഐപിയും അവരോടൊപ്പമുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. പ്രതി ചേര്‍ത്തെങ്കിലും ആളുടെ പേരോ വിവരങ്ങളോ പൊലീസിനും അറിയില്ല.
ഉന്നത രാഷ്ട്രീയനേതാക്കളുമായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള 'വിഐപി' എന്നു മാത്രമാണ് ബാലചന്ദ്രകുമാര്‍ പൊലീസിനോട് പറഞ്ഞത്. ഇയാളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ബാലചന്ദ്രകുമാര്‍ അറിയിച്ചിട്ടുണ്ട്. ഉന്നതബന്ധങ്ങളുള്ള 'വിഐപി'യുടെ സാന്നിധ്യം നല്‍കിയ ആത്മവിശ്വാസത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനെക്കുറിച്ച് ദിലീപ് സംസാരിക്കുന്നതെന്നാണ് ശബ്ദരേഖയിലെ സംഭാഷണത്തില്‍ നിന്നും അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
'ബാലു നമ്മുടെയാളാണെന്ന്' ദിലീപ്
വിദേശയാത്ര കഴിഞ്ഞു കൊച്ചി രാജ്യന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ഉടന്‍ വിഐപി നേരിട്ടു ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് എത്തിയതായാണ് ബാലചന്ദ്രകുമാര്‍ പൊലീസിനോട് പറഞ്ഞത്. ഇയാള്‍ വീട്ടിലേക്കു കയറിയ ഉടന്‍ ദിലീപും ബന്ധുക്കളും ആദരവോടെ ചുറ്റും കൂടിയതായും മൊഴിയിലുണ്ട്. അപരിചിതനായിരുന്ന തന്റെ സാന്നിധ്യം വിഐപിയെ അലോസരപ്പെടുത്തി. ഇയാള്‍ ആരാണെന്നു തന്റെ നേരെ വിരല്‍ചൂണ്ടി ദിലീപിനോടു തിരക്കി. 'ബാലു നമ്മുടെയാളാണെന്ന്' പറഞ്ഞു ദിലീപ് പരിചയപ്പെടുത്തിയെന്നും മൊഴി നല്‍കിയിട്ടുണ്ട്.
അപ്പോള്‍ ആ വീട്ടിനുള്ളിലുണ്ടായിരുന്ന താനൊഴികെയുള്ള മുഴുവന്‍ പേര്‍ക്കും വിഐപിയുടെ പേരും മറ്റുവിവരങ്ങളും അറിയാമെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദുബായില്‍ നിന്നെത്തിയ വിഐപി തന്റെ സാന്നിധ്യത്തില്‍ നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ടാബ് ദിലീപിന് കൈമാറി. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോ എന്നുചോദിച്ച് ദിലീപ് ദൃശ്യങ്ങള്‍ കാണാന്‍ ക്ഷണിച്ചതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വിഐപി മടങ്ങിയ ശേഷം അതാരാണെന്നു ബാലചന്ദ്രകുമാര്‍ ചോദിച്ചറിഞ്ഞിട്ടുണ്ടാകാമെന്നും പേരു വെളിപ്പെടുത്താനുള്ള ഭയമാകും കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തി
കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന കൊച്ചി മുൻ സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ് ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പറയുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവർ അടക്കം ആറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.
ബാലചന്ദ്ര കുമാറിനെ ഇന്ന് ചോദ്യം ചെയ്യും
സംവിധായകൻ ബാലചന്ദ്ര കുമാറിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. എഡിജിപി സന്ധ്യ, ഐജി എ വി ജോർജ്, എസ്പിമാരായ സോജൻ, സുദർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനെക്കുറിച്ച് തൻറെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിൻറെ മൊഴി. ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷയും കോടതിയിൽ നൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates