

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ സ്ഥാപിച്ച ഭാരത് മാതാവിന്റെ ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കം പുതിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അടുത്തിടെയായി ചുമതലയേറ്റ ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കറാണ് ആര്‍എസ്എസ് (RSS) പരിപാടികളില്‍ മാത്രം കണ്ടുവരുന്ന ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ സ്ഥാപിച്ചത്. പരിസ്ഥിതി ദിനത്തിന്റ ഭാാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ഈ ചിത്രം മാറ്റില്ലെന്ന് രാജ്ഭവന്‍ നിലപാട് എടുത്തതോടെയാണ് ചൂടേറിയ രാഷ്ട്രീയ വിവാദത്തിന് കാരണമായത്. ഇതേതുടര്‍ന്ന് കൃഷി വകുപ്പ് സര്‍ക്കാര്‍ പരിപാടിയുടെ വേദി മാറ്റുകയും ഗവര്‍ണറുടെ നിലപാടിനെതിരെ രൂക്ഷമായി രംഗത്ത് എത്തുകയും പരിപാടി സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇത് രാജ്യത്തിന്റെ അടയാളമാണെന്നും ആര്‍എസ്എസിന്റെ കാര്യാലയം ഇറക്കിയ ചിത്രമല്ലെന്നുമാണ് കാവിക്കൊടിയേന്തിയ ചിത്രത്തെ അനുകൂലിക്കുന്നവരുടെ വാദം.
ഭാരത് മാതാവിന്റെ ഉടമസ്ഥാവകാശം ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ കഴിയുമെങ്കില്‍ അത് ബംഗാളിന്റെ അഭിമാനമായ ബങ്കിംചന്ദ്ര ചാറ്റര്‍ജിക്കും അബനീന്ദ്രനാഥ ടാഗോറിനും മാത്രമാണ്. ആര്‍എസ്എസ് രൂപികരിക്കുന്നതിന് മുന്‍പ് തന്നെ ഭാരത് മാതാ എന്ന സങ്കല്‍പം കൊണ്ടുവന്നത് ഇവരാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ചാറ്റര്‍ജിയുടെ ആനന്ദമഠം വായിച്ചതിന്റെ പ്രേരണയാലാണ് രബിന്ദ്രനാഥ ടാഗോറിന്റെ മരുമകനായ അബനീന്ദ്രനാഥ് ഭാരത് മാതാവിന് മുഖവും രൂപവും നല്‍കിയത്. കാളിയുടെയും ദുര്‍ഗയുടെയും സൗമ്യഭാവമാണ് ചിത്രത്തിന് നല്‍കിയത്. അബനീന്ദ്രനാഥ് വരച്ച ചിത്രം ഇപ്പോഴും കൊല്‍ക്കത്തിയിലെ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നുണ്ട്.
എന്നാല്‍ ഇന്നത്തെ രാജ്ഭവനിലെ പരിപാടിയില്‍ വെച്ചത് കാവികൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമാണ്. ഇത് ആര്‍എസ്എസ് പരിപാടിയില്‍ മാത്രം കാണുന്നതാണെന്നാണ് കൃഷി മന്ത്രി പി പ്രസാദിന്റെ വാദം. ഭാരതാംബയോട് അല്ല വിയോജിപ്പെന്നും അര്‍എസ്എസിന്റെ ഈ ചിത്രത്തോടാണ് യോജിക്കാനാകാത്തതെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാവിരുദ്ധമായ ചിത്രം സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റാനാകില്ലെന്ന് ഗവര്‍ണര്‍ നിലപാട് എടുത്തതോടെയാണ് വേദി മാറ്റിയതെന്നും മന്ത്രി പി പ്രസാദ് വിശദീകരിച്ചു. ഗവര്‍ണറും മന്ത്രിയും രണ്ട് തട്ടിലായതോടെ വിവാദം കൊഴുത്തു. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും നിലപാടിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തുവന്നു. ആര്‍എസ്എസ് പരിപാടിയില്‍ മാത്രം ഉപയോഗിക്കുന്ന ചിത്രമല്ലെന്നും ഭാരതാംബയുടെ ചിത്രം ഇതാണെന്നുമാണ് ആര്‍എസ്എസ് അനുഭാവമുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ അബനീന്ദ്രനാഥ ടാഗോറിന്റെ ഭാരതാംബയുടെ ചിത്രം തികച്ചും വ്യത്യസ്തമാണ്. അബനീന്ദ്രനാഥ ടാഗോറിന്റെ ഭാരത് മാതായ്ക്ക് നാല് കൈകളുണ്ട് - ഒന്നില്‍ ഒരു പുസ്തകം വഹിക്കുന്നു, മറ്റൊന്നില്‍ ഒരു മാല, മൂന്നാമത്തേതില്‍ ഒരു നെല്ലിന്റെ കറ്റയും നാലാമത്തേതില്‍ ഒരു വെളുത്ത തുണിയും മാത്രമാണ് ഉള്ളത്. അത് ശിക്ഷയെയും ദീക്ഷയെയും അന്നത്തെയും വസ്ത്രത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ആര്‍എസ്എസിന്റെ ഭാരാതംബയില്‍ ഇന്ത്യയുടെ ഭൂപടത്തിന് മുന്നില്‍ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയാണ് ഉള്ളത്. സമീപത്തായിരുന്നു ഒരു സിംഹത്തെയും കാണാം. അബനീന്ദ്രനാഥ് ടാഗോര്‍ വരച്ച ചിത്രത്തില്‍ ഒരു കൊടിയും വരച്ചിട്ടില്ലെന്നതാണ് വസ്തുത.
ഭാരാതാംബയുടെ ചിത്രം പുറത്തുവന്ന് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരത് മാതാവിന് രാജ്യത്ത് ഒരുക്ഷേത്രം പണിതത്. വാരാണസിയിലെ ആ ക്ഷേത്രം ഉദ്ഘാടനം ചെയ്തത് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയായിരുന്നു. അവിടെ വിഗ്രഹങ്ങള്‍ക്ക് പകരം അവിഭക്ത ഇന്ത്യയുടെ ഭൂപടമായിരുന്നു വച്ചിരുന്നത്. നാനാത്വത്തില്‍ ഏകത്വത്തിന് സമര്‍പ്പിച്ചുകൊണ്ട് ഇത് എല്ലാ ജാതിമതവിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുത്തു. ഇതാണ് പഴയ ഭാരതാംബയുമായി ബന്ധപ്പെട്ട ചരിത്രം.
അതേസമയം രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത് രാജ്യത്തിന്റെ അടയാളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് പൂക്കള്‍ അര്‍പ്പിച്ചാണ് രാജ്ഭവനില്‍ ഗവര്‍ണര്‍ പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
