

തിരുവനന്തപുരം: സ്വന്തം വീട്ടിലെ കുറവുകള്‍ കാണാതെ അയല്‍ക്കാരന്റെ വീട്ടിലെ കുറ്റവും കുറവും മുതലെടുക്കാമെന്ന് കണക്കു കൂട്ടുന്ന ഗൃഹനാഥന്റെ റോളിലാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം. സ്വന്തം അണികള്‍ക്ക് പിടിച്ച് നില്‍ക്കാനുള്ളത് തന്റെ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്ക് സ്വന്തം നിലയില്‍ വിജയിക്കാന്‍ കഴിയാത്ത മണ്ഡലത്തില്‍ അടിത്തറ ചോരാതെ നില്‍ക്കാനായെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം.
എങ്കിലും മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുൻപേ കണ്ണുതുറപ്പിക്കുന്ന അനുഭവം കൂടിയായി തെരഞ്ഞെടുപ്പ് ഫലം മാറിയെന്നതാണ് യാഥാര്‍ഥ്യം. 2026 ൽ പല അഗ്നി പരീക്ഷകളും നേരിടുമെന്നതിന്റെ സൂചന കൂടിയാണ് നിലമ്പൂര്‍. പലയിടത്തും മുൻ യുഡിഎഫുകാരെ സ്വതന്ത്രരാക്കി നിർത്തി പരീക്ഷിച്ച് വിജയിച്ചതാണ് സിപിഎം തന്ത്രം. എന്നാൽ, 2006 മുതല്‍ സിപിഎമ്മിനൊപ്പം നില്‍ക്കുന്ന കെടി ജലീല്‍ താനിനി തെരഞ്ഞെടുപ്പ് അങ്കത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ ഒപ്പമുണ്ടായിരുന്ന കാരാട്ട് റസാഖ് സിപിഎമ്മിന്റെ കളംവിടുകയും ചെയ്തു. ഇത്തരമൊരു പരീക്ഷണത്തിന്റെ ഭാഗമായ മറ്റൊരു ജനപ്രതിനിധിയാണ് മന്ത്രി വി അബ്ദുറഹ്മാന്‍. സ്വതന്ത്രര്‍ കളം ഒഴിയുമ്പോള്‍ സ്വന്തമായി വിജയിക്കാന്‍ കഴിവില്ലാത്ത മണ്ഡലങ്ങളിൽ സിപിഎം എന്തു ചെയ്യുമെന്ന ചോദ്യം വരും ദിവസങ്ങളില്‍ നേതൃത്വത്തിന് മുന്നിലുണ്ടാവും.
നിലമ്പൂരില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് സിപിഎം ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎമ്മിന്റെ താഴെ ഘടകങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ഏറെ കാലത്തിന് ശേഷം ഇതാദ്യമായി വസ്തുതകളുമായി പൊരുത്തപ്പെടുന്നതായിരുന്നു. വളരെ ചെറിയ ഭൂരിപക്ഷത്തിനേ ജയം ഉണ്ടെങ്കില്‍ അത് സാധ്യമാവൂയെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ജില്ലാ നേതൃത്വം ആവട്ടെ 2,500 തൊട്ടായിരുന്നു ഭൂരിപക്ഷം മനസിലിട്ട് കൂട്ടിയത്. ഒരു കാര്യത്തില്‍ സിപിഎം വിലയിരുത്തല്‍ ശരിയായി വന്നു. രാഷ്ട്രീയ വോട്ടുകള്‍ സിപിഎമ്മിന് സ്വന്തം പെട്ടിയില്‍ തന്നെ വീഴ്ത്താന്‍ കഴിഞ്ഞു. എന്നാല്‍ അന്‍വര്‍ എന്ന പരീക്ഷണ പ്രതിഭാസത്തിലൂടെ പെട്ടിയിലേക്ക് വന്ന യുഡിഎഫ്, സാമുദായിക വോട്ടുകള്‍ സ്വതന്ത്രന്‍ കളം കാലിയാക്കിയതോടെ മടങ്ങിപ്പോയി. കലഹിച്ച് പോയ അന്‍വര്‍ സിപിഎം വോട്ടുകളും പിടിച്ചുവെന്നും നേതൃത്വം ഫല പ്രഖ്യാപനത്തോടെ തിരിച്ചറിഞ്ഞു. ക്ഷേമപദ്ധതികളും റോഡുമൊക്കെ വോട്ടാകുമെന്ന് കരുതി അതുണ്ടായില്ല. അതിലേറെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍, വിവി പ്രകാശ് ഘടകം. കോണ്‍ഗ്രിന്റെ ജമാ അത്തെ ഇസ്‌ലാമി ബന്ധത്തോടുള്ള വിവിധ മുസലിം സാമുദായിക സംഘടനകളുടെ എതിര്‍പ്പ് എന്നിവ വോട്ട് തങ്ങളുടെ പെട്ടിയിൽ വീഴ്ത്തുമെന്നായിരുന്നു സിദ്ധാന്തം. പക്ഷേ സിദ്ധാന്തം വോട്ടാകില്ലെന്ന് മനസിലാക്കാന്‍ നേതൃത്വം മറന്നുപോയി.
'ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെ പരസ്യമായി എതിര്‍ത്ത മുസ്‌ലീം സാമുദായിക സംഘടനകള്‍ എല്ലാം വോട്ടെടുപ്പ് ദിവസം കൃത്യമായി കോണ്‍ഗ്രസിന് തന്നെ കുത്തി,' മലബാറില്‍ നിന്നുള്ള ഒരു സിപിഎം സംസ്ഥാന സമിതിയംഗം സമകാലിക മലയാളത്തോട് പറഞ്ഞു. 'യഥാര്‍ത്ഥത്തില്‍ നമ്മള്‍ ധരിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഒരു മുസ്ലിം വോട്ട് ധ്രുവീകരണം കോണ്‍ഗ്രസിന് അനുകൂലമായി അവിടെ നടന്നതായാണ് തെളിയുന്നത്,' അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി ഭരിക്കുന്ന ഇടത്പക്ഷ ഭരണ സമിതിക്ക് എതിരായ കടുത്ത ജനരോഷം നിലമ്പൂര്‍ ടൗണില്‍ അടക്കം വോട്ട് വന്‍തോതില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് മറിയാന്‍ ഇടയാക്കിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം നിലമ്പൂര്‍ ബൈപാസ് നിര്‍മ്മാണം വൈകുന്നത്, കോളജിന് വേണ്ടി സ്ഥലമെടുക്കുന്നതിലെ പ്രശ്‌നം, മലയോര മേഖലയില്‍ വന്യമൃഗ ആക്രമണം തടയുന്നതില്‍ വനംവകുപ്പിന്റെ വീഴ്ച തുടങ്ങിയ ഘടകങ്ങളും സിപിഎമ്മിന് വിനയായി. ഒപ്പം ബിഡിജെഎസ് വോട്ടും സിപിഎം വിരുദ്ധത കാരണം കോണ്‍ഗ്രസിലേക്ക് പോയെന്നാണ് സിപിഎം കരുതുന്നത്. അതേസമയം, സ്ഥാനാര്‍ത്ഥി എം സ്വരാജ് അല്ലായിരുന്നുവെങ്കിലും അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തിലും അല്ലായിരുന്നു മല്‍സരമെങ്കില്‍ തിരിച്ചടി കടുത്തേനെയെന്നും നേതാക്കള്‍ പറയുന്നു.
സ്വതന്ത്രര്‍ എന്ന പരീക്ഷണത്തിന് മുതിര്‍ന്ന സംസ്ഥാന നേതൃത്വത്തോട് സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാണ് ആ പരീക്ഷണം പാളുമെന്ന മുന്നറിയിപ്പ് നല്‍കിയത്. 2026 ലെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ രാഷ്ട്രീയ മല്‍സരമാണ് അനിവാര്യമെന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വവും ഒടുവില്‍ അംഗീകരിക്കയാണുണ്ടായത്.
എന്നാല്‍, മലപ്പുറം ജില്ലയില്‍ വിശേഷിച്ച് നിലമ്പൂരില്‍ സിപിഎം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി കൂടി ഉപതെരഞ്ഞെടുപ്പ് തുറന്ന് കാട്ടി. സംഘടനാപരാമയി സിപിഎം എത്രത്തോളം ദുര്‍ബലമാണെ ന്നതിന്റ തെളിവുകൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച വോട്ടില്‍ നിന്ന് ഒരടി മുന്നേറാന്‍ പാര്‍ട്ടിക്ക് നിലമ്പൂരില്‍ കഴിഞ്ഞിട്ടില്ല. 'മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മിലിറ്റന്റ് ആയ പാര്‍ട്ടി സംവിധാനം ഇല്ലെന്നതാണ് നിലമ്പൂരില്‍ സിപിഎം നേരിടുന്ന വെല്ലുവിളികളിലൊന്ന്,' ഒരു മുതിര്‍ന്ന സിപിഎം നേതാവ് സമകാലിക മലയാളത്തോട് പറഞ്ഞു. 'സഖാവ് കുഞ്ഞാലിയോട് തോന്നിയ വീരാരാധന അന്‍വര്‍ സൃഷ്ടിച്ച് എടുത്തപ്പോഴും നമ്മള്‍ അപകടം തിരിച്ചറിഞ്ഞില്ല. ഒടുവില്‍ വൈകിയും പോയി,' അദ്ദേഹം പറഞ്ഞു.
'Theories' did not convert into votes, CPM analysing reasons for defeat in Nilambur by-election
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates