

മലപ്പുറം: 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലം 2025ല്‍ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് തിരിച്ചുപിടിക്കുമ്പോള്‍ ജനവിധിയില്‍ നിര്‍ണായകമായി പി വി അന്‍വര്‍. 1987 മുതല്‍ 2011 വരെ കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി വിജയിച്ച നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് ഇറക്കിയ അതേ തുറുപ്പുചീട്ട് ഇത്തവണ മണ്ഡലത്തില്‍ വിജയം കുറിക്കാന്‍ യുഡിഎഫിന് സഹായകമായി. വോട്ടണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പിന്നോട്ട് പോയില്ല. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും പിടിച്ചുനില്‍ക്കാന്‍ യുഡിഎഫിനായി. ഇവിടെ നിര്‍ണായകമായത് പി വി അന്‍വര്‍ എന്ന മുന്‍ എംഎല്‍എയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിത്വം ആയിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ക്രമാനുഗതമായി ലീഡുയര്‍ത്തിയപ്പോള്‍ സമാനമായി മറുവശത്ത് പി വി അന്‍വര്‍ വോട്ടുയര്‍ത്തുകയായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതല്‍ പിവി അന്‍വര്‍ ശക്തമായ സാന്നിധ്യമായി. ഒന്നാം റൗണ്ടില്‍ ആര്യാടന്‍ ഷൗക്കത്ത് 3614 വോട്ടുകള്‍ നേടി. എം സ്വരാജ് - 3195 വോട്ടും നേടി. പി വി അന്‍വര്‍ ഒന്നാം റൗണ്ടില്‍ 1588 വോട്ടുകളായിരുന്നു കരസ്ഥമാക്കിയത്.
നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിപ്പോള്‍ 5539 വോട്ടുകളായിരുന്നു അന്‍വറിന്റെ പെട്ടിയില്‍ വീണത്. ഈ സമയത്ത് എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം 2286 വോട്ടുകള്‍ മാത്രമായിരുന്നു. ഒൻപതാം റൗണ്ട് എണ്ണിപ്പൂര്‍ത്തിയാക്കുമ്പോള്‍ പി വി അന്‍വര്‍ സ്വന്തം അക്കൗണ്ടില്‍ പതിനായിരം വോട്ടുകള്‍ ചേര്‍ത്തു. പതിനഞ്ചാം റൗണ്ടിലെത്തുമ്പോള്‍ പിവി അന്‍വറിന്റെ വോട്ടുകള്‍ 15,696 എന്ന നിലയില്‍ എത്തിയിരുന്നു. വോട്ടണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ പി വി അന്‍വര്‍ 19946 വോട്ടാണ് സ്വന്തമാക്കിയത്.
നിലമ്പൂരില്‍ പി വി അന്‍വര്‍ ഒരു വെല്ലുവിളിയല്ലെന്ന് ആവര്‍ത്തിച്ച എല്‍ഡിഎഫ് - യുഡിഎഫ് നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ് ഈ മുന്നേറ്റം. വന്‍വിജയം പ്രതീക്ഷിച്ച യുഡിഎഫിനും വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന് ഉറച്ച് വിശ്വസിച്ച് സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിച്ച എല്‍ഡിഎഫിനും ഒരു പോലെ വെല്ലുവിളിയാകാന്‍ പി വി അന്‍വറിനായി എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
വോട്ടണ്ണല്‍ എകദേശം അന്‍പത് ശതമാനം പിന്നിട്ടപ്പോള്‍ തന്നെ പി വി അന്‍വര്‍ സ്വന്തമാക്കിയ വോട്ട് പതിനായിരം പിന്നിട്ടിരുന്നു. പിന്നാലെ മാധ്യമങ്ങളെ കണ്ട പി വി അന്‍വര്‍ നടത്തിയ പ്രതികരണം തന്റെ ദൗത്യം വിജയം കണ്ടെന്ന നിലയിലായിരുന്നു. താന്‍ പിടിച്ച വോട്ടുകള്‍ എല്‍ഡിഎഫില്‍ നിന്നാണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
''പിണറായിസത്തിനെതിരെയാണ് പോരാട്ടം. പിടിച്ചത് എല്‍ഡിഎഫില്‍ നിന്നുള്ള വോട്ടാണെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായിസം കേരളത്തില്‍ നിലനില്‍ക്കുന്നു. മലയോര കര്‍ഷകരുടെ വിഷയം പരിഗണിക്കാതെ ഒരു മുന്നണിക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. ഇക്കാര്യം യുഡിഎഫ് ഗൗരവമായി വിലയിരുത്തണം. കര്‍ഷക സംഘടനകളെ ഒപ്പം ചേര്‍ത്ത് ഈ വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ സജീവ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരും''- എന്നായിരുന്നു പി വി അന്‍വര്‍ ആദ്യ പ്രതികരണം.
തള്ളിപ്പറഞ്ഞ ഇരുമുന്നണികള്‍ക്കും ശക്തമായ താക്കീതാകാന്‍ പി വി അന്‍വറിന് കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യുദ്ധം പ്രഖ്യാപിച്ച് എല്‍ഡിഎഫ് വിട്ട പി വി അന്‍വറിനെ അപ്രസക്തനായി കാണാനാകില്ലെന്ന് യുഡിഎഫിനും തെരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പ് നല്‍കുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണവും ഈ സൂചന നല്‍കുന്നുണ്ട്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കരുത്തുകാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിലും അന്‍വറിനോടുള്ള താത്പര്യം പ്രകടമാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യട്ടെ എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി വി അന്‍വറിന്റെ യുഡിഎഫ് പ്രവശനത്തെ ശക്തമായി എതിര്‍ന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെ നിലപാടില്‍ മാറ്റം വരുത്തേണ്ടിവന്നേക്കാം എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനയാണ് പി വി അന്‍വര്‍ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും സജീവമായ വിഷയമാണ് മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍. സമാന ചിന്താഗതിക്കാരെ ഒപ്പം ചേര്‍ത്ത് ശക്തമായ പ്രതിരോധം സൃഷ്ടിക്കും. ഇതിനായി പ്രവര്‍ത്തിക്കും. ഈ വിഷയം പരിഗണിക്കാത്ത മുന്നണി കേരളത്തില്‍ അധികാരത്തില്‍ എത്തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
PV Anvar played crucial role in the 2025 UDF's bid to regain the Nilambur by election.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates