അലക്കിയ തുണി എടുക്കാൻ പുറത്തിറങ്ങി; വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

വയനാട്ടിൽ ഇടിമിന്നലേറ്റ് മരണം
സിമി
സിമി
Updated on
1 min read

വയനാട്: വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി സ്വദേശി ചെമ്പോത്തറ കൊല്ലിവെയിൽ ഊരിലെ സിമിയാണ് മരിച്ചത്. വൈകുന്നേരം അതിശക്തമായ മഴയോടു കൂടിയുണ്ടായ ഇടിമിന്നലേറ്റിലാണ് അപകടം. യുവതിയെ ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനു മുകളിൽ ഉണക്കാനിട്ട തുണികൾ എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. 

ജൂൺ ഒന്നിന് തൊടുപുഴയിൽ മിന്നലേറ്റ് ഒരു പാറമടത്തൊഴിലാളി മരിച്ചിരുന്നു. പൂപ്പാറ സ്വദേശി രാജ ചികിത്സയിലിരിക്കേ മരിച്ചത്. 11 തൊഴിലാളികൾക്കായിരുന്ന ഇവിടെ ഇടിമിന്നലേറ്റത്. കനത്ത മഴയെ തുടർന്ന് പാറമടയിൽ തൊഴിലാളികൾക്കു വിശ്രമിക്കാൻ നിർമിച്ച താൽക്കാലിക ഷെഡിൽ നിൽക്കുമ്പോഴായിരുന്നു തൊഴിലാളികൾക്ക് മിന്നലേറ്റത്. 

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

പൊതു നിര്‍ദ്ദേശങ്ങള്‍

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  • ജനലും വാതിലും അടച്ചിടുക.
  • ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
  • ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
  • കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
  • വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
  • പട്ടം പറത്തുവാൻ പാടില്ല.
  • തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌
  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

  • ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com