

പത്തനംതിട്ട: റാന്നിയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ബീനയ്ക്കാണ് സാരമായ പരിക്കേറ്റത്. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മന്ദിരംപടിയില്‍ ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു.
സൂപ്പര്‍മാര്‍ക്കറ്റിന്റെ ചില്ലു തകര്‍ത്താണ് കാട്ടുപന്നി അകത്തു കയറിയത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യമുണ്ടെങ്കിലും കടയ്ക്കുള്ളില്‍ കയറി ആക്രമണം നടത്തുന്നത് ആദ്യമാണ്. രാവിലെ സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് അല്‍പസമയത്തിനുള്ളില്‍ കാട്ടുപന്നി ഉള്ളിലേക്ക് കയറുകയായിരുന്നു.
സാധനങ്ങള്‍ അടുക്കിക്കൊണ്ടുനിന്ന ബീനയുടെ നേരെ പാഞ്ഞടുത്ത പന്നി അവരെ തേറ്റകൊണ്ട് ആക്രമിച്ചു. കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈയ്ക്ക് പരിക്കേറ്റത്. രക്ഷപ്പെടാന്‍ പുറത്തോക്കോടിയ ബീനയുടെ പിന്നാലെ പന്നിയും പാഞ്ഞെത്തി. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെയാണ് പന്നി പിന്മാറിയത്.
ആക്രമണം നടക്കുമ്പോള്‍ ബീനയുടെ മകനും സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായിരുന്നു. എന്നാല്‍ കുട്ടിക്ക് പരിക്കേറ്റില്ല. ബീനയുടെ കൈയില്‍ തുന്നലിട്ടിട്ടുണ്ട്. ആക്രമണം നടത്തിയ പന്നിയെ പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തുകയും വെടിവയ്ക്കുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates