

മലപ്പുറം: ഈ 'അങ്കിള്‍' ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. സിനിമ കാണാൻ തിയേറ്ററിലേക്ക് അങ്കിളിനെ മാതാവ് വിളിച്ചുവരുത്തിയതാണെന്നും എടപ്പാളില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ കൗൺസിലറോടാണ് ഒൻപതു വയസ്സുകാരി, വിഷയത്തിന്റെ ഗൗരവമറിയാതെ, നിഷ്‌കളങ്കമായി കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
വീട്ടില്‍നിന്ന് പുറപ്പെട്ട സമയം മുതലുള്ള അനുഭവങ്ങളാണ് അവള്‍ കൗണ്‍സലറോട് പറഞ്ഞത്. സിനിമകാണാന്‍ തുടങ്ങിയ സമയം മുതല്‍ അയാള്‍ ഏതെല്ലാം തരത്തില്‍ ഉപദ്രവിച്ചെന്നും കുട്ടി വിവരിച്ചു. വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതല്‍ ബലംപ്രയോഗിച്ചു. ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കെടുത്തു.
ആദ്യമായാണ് കുട്ടി പ്രതിയായ മൊയ്തീന്‍കുട്ടിയെ കാണുന്നതെന്ന മാതാവിന്റെ മൊഴിയും കുട്ടി നിഷേധിച്ചു. ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്ന് അവള്‍ പറഞ്ഞു. കുട്ടി നല്‍കിയ വിവരങ്ങള്‍ പ്രകാരം ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നത്. ഗൗരവമായ ലൈംഗികപീഡനമെന്ന വകുപ്പ് ചുമത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ കുട്ടി അങ്ങനെ മൊഴിതന്നിട്ടില്ലെന്നായിരുന്നു പോലീസ് പറഞ്ഞതെന്ന് കൗൺസലിംഗ് നടത്തിയ ശിശുക്ഷേമ സമിതിയിലെ അഡ്വ. കവിതാശങ്കര്‍ വ്യക്തമാക്കി.
പിന്നീട് പലരും സ്വാധീനിച്ചതിന്റെ ലക്ഷണങ്ങളും കുട്ടിയുടെ മൊഴിയില്‍ കണ്ടു. കുട്ടി മാനസികമായി ഉല്ലാസവതിയായതിന് ശേഷം ശിശുക്ഷേമസമിതി ഒരിക്കല്‍കൂടി മൊഴിയെടുക്കും. കൗണ്‍സലിങ് റിപ്പോര്‍ട്ട് കൂടി പരിശോധിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരേ ചുമത്തണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടു. നിലവില്‍ ആറ്, ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരമാവധി ഏഴുവര്‍ഷം തടവാണ് ഇതുപ്രകാരം ലഭിക്കുക. അഞ്ച്-എം വകുപ്പില്‍ പത്തുവര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates