അഞ്ചു ദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് ; കായംകുളത്ത് കടുത്ത ആശങ്ക

അഞ്ചു ദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് ; കായംകുളത്ത് കടുത്ത ആശങ്ക

കായംകുളം മാര്‍ക്കറ്റില്‍ നിന്നും മല്‍സ്യം വാങ്ങിയ കുറത്തിക്കാട് സ്വദേശിയായ 52 കാരനായ മീന്‍ കച്ചവടക്കാരനും കോവിഡ് സ്ഥിരീകരിച്ചു
Published on

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അഞ്ചുദിവസത്തിനിടെ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ 68 കാരന്‍, അദ്ദേഹത്തിന്റെ മകള്‍ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പച്ചക്കറി വ്യാപാരിക്കും 46 കാരിയായ മകള്‍ക്കും ജൂണ്‍ 29, 30 തീയതികളിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അടുത്ത മൂന്നുദിവസങ്ങള്‍ക്കിടെയാണ് കുടുംബത്തിലെ മറ്റ് 14 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ വ്യാപാരിയുടെ ബന്ധുവായ എട്ടു വയസ്സും ഒന്നര വയസ്സുമുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

കായംകുളം മാര്‍ക്കറ്റില്‍ നിന്നും മല്‍സ്യം വാങ്ങിയ കുറത്തിക്കാട് സ്വദേശിയായ 52 കാരനായ മീന്‍ കച്ചവടക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 30 നാണ് ഇയാള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇയാളുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇതിനു പിന്നാലെ ഇയാളുടെ ഭാര്യയ്ക്കും മരുമകനും കഴിഞ്ഞ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മാര്‍ക്കറ്റില്‍ നിന്നും രോഗം പകര്‍ന്നത് ആപത്കരമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. പച്ചക്കറി വ്യാപാരിയുമായി സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. മീന്‍ൃ വില്‍പ്പനക്കാരനില്‍ നിന്നും നിരവധി ആളുകള്‍ മീന്‍ വാങ്ങാന്‍ ഇടയായതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

കായംകുളത്ത് സ്ഥിതി ആശങ്കാജനകമാണെന്നും, നിയന്ത്രണങ്ങള്‍ കടുപ്പിച്ചതായും മുനിസിപ്പല്‍  ചെയര്‍മാന്‍ എന്‍ ശിവദാസന്‍ പറഞ്ഞു. നഗരസഭ മുഴുവനായി ഹോട്ട്‌സ്‌പോട്ടായി. പച്ചക്കറി വ്യാപാരിക്ക് തമിഴ്‌നാട്ടില്‍ നിന്നും ലോഡുമായെത്തിയ ലോറി ഡ്രൈവര്‍മാരില്‍ നിന്നും കോവിഡ് പകര്‍ന്നുകിട്ടിയതാകാനാണ് സാധ്യതയെന്നും ശിവദാസന്‍ പറഞ്ഞു. രോഗികളുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക അധികൃതര്‍ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com