

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ഇരുപത് മണ്ഡലങ്ങളിലും ഒന്നിച്ചു വോട്ടെടുപ്പു നടക്കുന്ന കേരളത്തില്‍ ഇടതുമുന്നണി മുന്നില്‍ എന്ന സൂചനകള്‍ പ്രകടം. സ്ഥാനാര്‍ത്ഥികളെ നേരത്തേ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് തുടക്കം മുതല്‍ എല്‍ഡിഎഫ് മുന്‍തൂക്കം നേടിയിരുന്നു. അതില്‍ നിന്നു പിന്നോട്ടു പോകാതിരിക്കാന്‍ ഓരോ ഘട്ടത്തിലും ശ്രദ്ധിച്ചതിന്റെ ഫലം കൂടിയാണിത്. എല്ലാ മണ്ഡലങ്ങളിലും ഒന്നിച്ചു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയാതിരുന്ന യുഡിഎഫ് രാഹുല്‍ ഗാന്ധി തരംഗത്തില്‍ അമിതപ്രതീക്ഷ വച്ചതിന് പൂര്‍ണഫലം ഉണ്ടാകില്ല. ഗവര്‍ണര്‍ പദവി രാജിവയ്പിച്ച് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്തും തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെ സുരേന്ദ്രനെ പത്തനംതിട്ടയിലും വയനാട്ടിലേക്ക് പോയ തുഷാര്‍ വെള്ളാപ്പള്ളിക്കു പകരം സുരേഷ് ഗോപിയെ തൃശൂരിലും ഇറക്കിയ ബിജെപി അമിത്ഷാ നല്‍കിയ ടാര്‍ഗറ്റിന്റെ മുള്‍മുനയില്‍. ഒരു സീറ്റിലെങ്കിലും വിജയിച്ചേ പറ്റൂ എന്നാണ് താക്കീത്. മുഴുവന്‍ മണ്ഡലങ്ങളിലും സഞ്ചരിച്ച് വോട്ടര്‍മാരുമായും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരുമായും തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിങ്ങില്‍ സജീവമായി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരുമായും സംസാരിച്ചു തയാറാക്കിയ വിലയിരുത്തലാണ് ചുവടെ. പ്രചാരണ രംഗത്തെ പ്രവണതകളും മാറിമാറി വരുന്ന വിഷയങ്ങളുടെ സ്വാധീനവും സൂക്ഷ്്മ വിശകലനം ചെയ്തു.
ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, വടകര, കാസര്‍കോട് എന്നീ അഞ്ചു മണ്ഡലങ്ങളിലാണ് വ്യക്തമായ ഇടതു മുന്‍തൂക്കം. കൊല്ലം, മലപ്പുറം, വയനാട് എന്നീ മൂന്നു മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. ഇവിടങ്ങളിലെല്ലാം അങ്ങേയറ്റം വാശിയേറിയ പോരാട്ടമാണെങ്കിലും ബാക്കി പന്ത്രണ്ടു മണ്ഡലങ്ങളിലാണ് ഒരു മുന്നണിക്കും പിടികൊടുക്കാത്ത ഇഞ്ചോടിഞ്ച് മല്‍സരം. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്, പൊന്നാനി, കണ്ണൂര്‍ എന്നിവയാണ് ആ മണ്ഡലങ്ങള്‍. ഇതില്‍ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രതീക്ഷ വളരെ വലുതാണ്. ഇവിടെ മാത്രമാണ് അവര്‍ ആത്മവിശ്വാസത്തോടെ ജയം അവകാശപ്പെടുന്നത്. എന്നാല്‍ സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നു കോണ്‍ഗ്രസ് ഉറപ്പ് പറയുന്നു. അതേ ഉറപ്പില്‍ ഇടതുകേന്ദ്രങ്ങള്‍ സി ദിവാകരന്റെ വിജയത്തേക്കുറിച്ചു സംസാരിക്കുന്നുമില്ല. തരൂര്‍ അല്ലെങ്കില്‍ കുമ്മനം എന്നതാണു സ്ഥിതി. ഈ പന്ത്രണ്ടില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, കോഴിക്കോട് മണ്ഡലങ്ങള്‍ക്ക് നേരിയ ചായ്വ് ഇടത്തേക്കാണ്. തിരുവനന്തപുരത്തിനു പുറമേ മാവേലിക്കര, എറണാകുളം, തൃശൂര്‍, പൊന്നാനി, കണ്ണൂര്‍ എന്നിവയാണ് ഇതേവിധം നേരിയ യുഡിഎഫ് ചായവ് പ്രകടമാകുന്ന മണ്ഡലങ്ങള്‍. അങ്ങനെ വന്നാല്‍ എല്‍ഡിഎഫിനു പതിനൊന്നും യുഡിഎഫിന് ഒമ്പതും സീറ്റുകളാണ് ലഭിക്കുക. തിരുവനന്തപുരത്ത് ബിജെപി അട്ടിമറി വിജയം നേടിയാല്‍ യുഡിഎഫിന്റെ ഒമ്പത് എട്ടായി കുറയുകയും ചെയ്യും.
വ്യക്തമായ ഇടതുമുന്നേറ്റമുള്ള മണ്ഡലങ്ങളില്‍ ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, കാസര്‍കോട് എന്നിവ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ച വടകരയില്‍ സിപിഎമ്മിന്റെ പി ജയരാജനും കോണ്‍ഗ്രസിന്റെ കെ മുരളീധരനുമാണ് പൊരുതുന്നത്. ജയരാജന്റെ ജയം ഉറപ്പാക്കാന്‍ സിപിഎമ്മിന്റെ കണ്ണൂരിലെ സംഘടനാ സംവിധാനം ഒന്നടങ്കം ഇറങ്ങിയതുകൂടിയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ പി കെ ശ്രീമതിയുടെ സാധ്യത മങ്ങാന്‍ ഇടയാക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരനാണ്.
യുഡിഎഫിന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ കൊല്ലത്ത് 2014ല്‍ ആര്‍എസ്പിയും വയനാട്ടില്‍ കോണ്‍ഗ്രസും മലപ്പുറത്ത് മുസ്ലിം ലീഗുമാണ് വിജയിച്ചത്. ഇത്തവണയും അവര്‍ തന്നെ മല്‍സരിക്കുന്നു. ആര്‍ക്കും ഒരു നിലയ്ക്കും പ്രത്യക്ഷ സൂചനകള്‍ നല്‍കാതിരിക്കുകയും എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും തുല്യനിലയില്‍ കുതിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളില്‍ തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവ കോണ്‍ഗ്രസും കോട്ടയം കേരള കോണ്‍ഗ്രസ് മാണിയും പൊന്നാനി മുസ്ലിം ലീഗും ജയിച്ചവയാണ്. ഇടുക്കി, തൃശൂര്‍, ചാലക്കുടി, കണ്ണൂര്‍ എന്നിവ ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകള്‍. യുഡിഎഫിന്റെ ഘടകകക്ഷി സീറ്റുകളില്‍ ലീഗിന്റെ പൊന്നാനിയും കേരള കോണ്‍ഗ്രസിന്റെ കോട്ടയവും സംശയ നിഴലിലാണെങ്കിലും മലപ്പുറവും മറ്റൊരു ഘടകകക്ഷി ആര്‍എസ്പിയുടെ സീറ്റായ കൊല്ലവും ഭദ്രം. എല്‍ഡിഎഫില്‍ സിപിഎമ്മിനു പുറമേ മല്‍സരിക്കുന്ന സിപിഐയുടെ നാല് മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും ഉറച്ച പ്രതീക്ഷയ്ക്ക് വകയില്ല.
ത്രികോണ മല്‍സരം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ ഒന്ന് (പാലക്കാട്) മാത്രമാണ് ഉറച്ച ഇടതു സീറ്റുകളുടെ കൂട്ടത്തിലുള്ളത് എന്നതും ഒന്നു മാത്രമേ യുഡിഎഫ് പ്രതീക്ഷാപട്ടികയിലും (തിരുവനന്തപുരം) ഉള്ളു എന്നതും ശ്രദ്ധേയം. ബാക്കി നാലും (പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍) പ്രവചനാതീത മണ്ഡലങ്ങളുടെ നിരയില്‍. ത്രികോണ മല്‍സരങ്ങളില്‍ കോട്ടയം ഇടതുസാധ്യതാ പട്ടികയില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പ്രവചനാതീത മണ്ഡലങ്ങളുടെ പട്ടികയിലേക്ക് മാറുകയാണുണ്ടായത്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണമാണ് കാരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് കേരള കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും എതിര്‍പ്പുണ്ടായിരുന്നു. പി ജെ ജോസഫ് കോട്ടയത്ത് മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതും കോണ്‍ഗ്രസ് അതിനെ പിന്തുണച്ചതും വകവയ്ക്കാതെയായിരുന്നു തോമസ് ചാഴികാടനെ മാണി സ്ഥാനാര്‍ത്ഥിയാക്കിയത്. അതില്‍ എതിര്‍പ്പുള്ളവരുടെ വോട്ടുകള്‍ വി എന്‍ വാസവനും പി സി തോമസിനുമായി വന്‍തോതില്‍ പങ്കുവച്ചു പോകുമെന്നും ഗുണഫലം വി എന്‍ വാസവനു ലഭിക്കുമെന്നുമുള്ള സൂചനകള്‍ ചെറുതായിരുന്നില്ല. എന്നാല്‍ മാണിയുടെ വിയോഗത്തോടെ സ്ഥിതി മാറി. അദ്ദേഹം നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്ന വികാരത്തിലേക്ക് കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് അണികളുടെ ചിന്ത കുറേയൊക്കെ മാറി. കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസ് വര്‍ഷങ്ങള്‍ക്കു മുമ്പ് എംപിയായിരിക്കെ പാര്‍ട്ടി വിട്ടുപോയതിനെ പരാമര്‍ശിച്ച്, ' പി സി തോമസ് ചതിക്കുകയായിരുന്നു' എന്ന് മാണി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതിന്റെയും ചാഴികാടനെ അനുഗ്രഹിച്ച് അവസാനമായി മാധ്യമങ്ങളോടു സംസാരിച്ചതിന്റെയും വീഡിയോകള്‍ മണ്ഡലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. അത് ചാഴികാടന് അനുകൂലമായി മാറിയിട്ടുമുണ്ട്.
എംഎല്‍എമാര്‍ എംഎല്‍എമാരായി തുടരും?
രണ്ട് മുന്നണികളിലുമായി മല്‍സരിക്കുന്ന ഒമ്പത് സിറ്റിംഗ് എംല്‍എമാരില്‍ ഉറച്ച വിജയസാധ്യത ഒരാള്‍ക്കുമില്ല എന്നാണ് വിലയിരുത്തല്‍. സി ദിവാകരന്‍ ( സിപിഐ-തിരുവനന്തപുരം), അടൂര്‍ പ്രകാശ് ( കോണ്‍ഗ്രസ് - ആറ്റിങ്ങല്‍), വീണാ ജോര്‍ജ്ജ് ( സിപിഎം- പത്തനംതിട്ട), ചിറ്റയം ഗോപകുമാര്‍ ( സിപിഐ- മാവേലിക്കര), എ എം ആരിഫ് ( സിപിഎം- ആലപ്പുഴ), ഹൈബി ഈഡന്‍ ( കോണ്‍ഗ്രസ്- എറണാകുളം), എ പ്രദീപ് കുമാര്‍ (സിപിഎം- കോഴിക്കോട്), കെ മുരളീധരന്‍ ( കോണ്‍ഗ്രസ്- വടകര), പി വി അന്‍വര്‍ ( സിപിഎം- പൊന്നാനി) എന്നിവരാണ് മല്‍സര രംഗത്തുള്ള എംഎല്‍എമാര്‍.
വനിതകളില്‍ ഉറപ്പ് ഒരാള്‍ക്കുമില്ല
മൂന്ന് മുന്നണികളിലുമായി മല്‍സരിക്കുന്ന ആറ് വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഉറച്ച വിജയസാധ്യതാ പട്ടികയില്‍ ഒരാളുമില്ല, പി കെ ശ്രീമതി (സിപിഎം- കണ്ണൂര്‍ ) മാത്രമാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപി. ശ്രീമതി കെ സുധാകരനുമായും വീണാ ജോര്‍ജ്ജ് പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുമായും ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ എ എം ആരിഫുമായും രമ്യാ ഹരിദാസ് ആലത്തൂരില്‍ പി കെ ബിജുവുമായും മികച്ച പോരാട്ടത്തില്‍ത്തന്നെ. എതിര്‍ സ്ഥാനാര്‍ത്ഥികളെ നിലംതൊടീക്കാത്ത മല്‍സരം. ബിജെപി സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലും വി ടി രമ പൊന്നാനിയിലും ശക്തമായ മല്‍സരത്തിലുണ്ട്. പക്ഷേ, ത്രികോണ മല്‍സരമുണ്ടാക്കുന്ന സാന്നിധ്യമാകാന്‍ ഇരുവര്‍ക്കും കഴിയുന്നില്ല.
പിടിതരാതെ കേരള മനസ്സ്
മൂന്നു വര്‍ഷം തികയ്ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരം പ്രകടമല്ല. വോട്ടര്‍മാര്‍ക്കിടയിലെ പൊതുമനോഭാവം ഇതാണ്. ശബരിമല കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളേക്കുറിച്ച് വ്യക്തമായ രണ്ടു നിലപാടുകളുണ്ട്. പക്ഷേ, അതിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സംസാരിക്കുന്ന വിശ്വാസികളില്‍ ഒരു വിഭാഗംതന്നെ വിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങളെ അനുകൂലിക്കുന്നില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള പുനപ്പരിശോധനാ ഹര്‍ജികളിലെ വിധി വരട്ടെ എന്ന നിലപാടും പ്രകടം. യുവതി പ്രവേശന കാര്യത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് സര്‍ക്കാര്‍ നിര്‍വഹിച്ചത് എന്നു വാദിക്കുന്ന വലിയൊരു വിഭാഗവും സമാന്തരമായുണ്ട്. ശബരിമല വിഷയത്തില്‍ യുഡിഎഫ് സ്വീകരിച്ചത് ബിജെപിയുടേതില്‍ നിന്നു വ്യത്യസ്തമായ നിലപാടായിരുന്നില്ല എന്നതുകൊണ്ടും ഒരു വിഭാഗം യുഡിഎഫിനു വോട്ടു ചെയ്തേക്കും. ഈ നേര്‍വിപരീത നിലപാടുകളാണ് പത്തനംതിട്ടയും തിരുവനന്തപുരവും ഉള്‍പ്പെടെ ചില മണ്ഡലങ്ങളില്‍ പുകയുന്നത്. അവിടങ്ങളില്‍ ജയമുറപ്പാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും വാശിയോടെയുള്ള ഓട്ടത്തിലാണ്. ബിജെപിയും കൂടെ ഓടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരുവനന്തപുരത്തൊഴികെ തൊട്ടുപിന്നില്‍ ഇല്ല. ആദ്യം ബിജെപിക്ക് അനുകൂലമായി സംസാരിച്ചെങ്കിലും പിന്നീട് സമദൂരം ആവര്‍ത്തിച്ച എന്‍എസ്എസ് വോട്ടുകളും നിര്‍ണായകം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുറമേയ്ക്ക് എല്‍ഡിഎഫ് അനുകൂല നിലപാടിലാണെങ്കിലും മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസ് എന്‍ഡിഎ ഘടക കക്ഷിയാണ്. ഇത് എസ്എന്‍ഡിപി വോട്ടുകളെ സ്വാധീനിക്കാതിരിക്കാന്‍ സിപിഎം കണ്ണിലെണ്ണയൊഴിച്ച് കാവലുണ്ട്.
തിരുവനന്തപുരത്ത് ശശി തരൂരിന് അനുകൂലമായ മുസ്ലിം വോട്ടുകള്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് അനുകൂലമല്ല. കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണം തിരിച്ചുവരരുത് എന്ന് ഏതാണ്ട് മുഴുവന്‍ മുസ്ലീങ്ങളും ആഗ്രഹിക്കുന്നു. അതിന് കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകളുണ്ടാകണം എന്ന വാദത്തിനു വലിയതോതില്‍ സ്വീകാര്യതയുമുണ്ട്. എന്നാല്‍ സംഘപരിവാറിന്റെ തീവ്രവര്‍ഗ്ഗീയ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നത് ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഎം ആണെന്ന കേരളത്തിലെ അനുഭവവും അവര്‍ക്കു മുന്നിലുണ്ട്. ജയസാധ്യത കൂടി കണക്കിലെടുത്താകും അവരുടെ തീരുമാനം. ഇതിനു മുമ്പ് കേന്ദ്രത്തില്‍ എന്‍ഡിഎ ഭരണത്തുടര്‍ച്ചാ ഭീഷണി ഉണ്ടായ 2004ലെ തെരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും കേരളത്തില്‍ ഇടതുമുന്നണി വന്‍ വിജയം നേടിയതാണ് അനുഭവം.
ആദിവാസി വോട്ടുകള്‍ നിര്‍ണായകമായ വയനാട് മണ്ഡലത്തില്‍ സി കെ ജാനുവിന്റെ ഇടതുപക്ഷത്തെ സാന്നിധ്യം എത്രത്തോളം സ്വാധീനം ചെലുത്തും എന്നത് പ്രധാനം. ശബരിമല വിഷയം മുതല്‍ കെപിഎംഎസ് സ്വീകരിക്കുന്ന ഇടതുപക്ഷ അനുകൂല നയവും ശബരിമലയില്‍ പ്രവേശിച്ച യുവതികളായ ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും സര്‍ക്കാര്‍ നല്‍കിയ ശക്തമായ പിന്തുണയും സുരക്ഷയും ദളിത് വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്.
വിവിധ ക്രൈസ്തവ സഭകളുടെ യുഡിഎഫ് അനുകൂല മനോഭാവത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെപ്പോലെതന്നെ ഇത്തവണയും മാറ്റം; അത് പരസ്യമായി പറയുന്നില്ലെങ്കിലും. ഇടതു സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജ്ജ് മല്‍സരിക്കുന്ന ഇടുക്കി ഉദാഹരണം. അതേസമയം വ്യക്തിപരമായി സഭയ്ക്ക് കൂടുതല്‍ താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നിലപാട് വ്യത്യസ്തം. ഉദാഹരണം. ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍.
കേരളം ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങള്‍
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പ്
- ശബരിമലയിലെ യുവതീ പ്രവേശന വിധിയും തുടര്‍ സംഭവങ്ങളും
- കേരള നവോത്ഥാനത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍
- വനിതാ മതില്‍
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പും പ്രചാരണത്തുടക്കത്തിലും
- കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊല.
തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സ്വാഭാവികമായി തെരഞ്ഞെടുപ്പു രംഗത്തേക്കു വന്നുവീണ കാര്യങ്ങള്‍
- ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പാട്ടും ദീപാ നിശാന്തിന്റെ വിമര്‍ശനവും രമ്യയുടെ മറുപടിയും.
- രമ്യാ ഹരിദാസിനേക്കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തി എന്ന പരാതിയും വിജയരാഘവന്റെ വിശദീകരണവും
- പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ പ്രചാരണ റാലിക്കിടെ ബൈക്കില്‍ നിന്ന് വടിവാള്‍ താഴെ വീണത്.
- തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അയ്യന്റെ പേരില്‍ വോട്ടു ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘനം എന്ന് തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ നോട്ടീസ്. അനുപമക്കെതിരേ ബിജെപി. കളക്ടറെ ചട്ടം പഠിപ്പിക്കേണ്ടെന്നും അവര്‍ ചെയ്തതു ശരിയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
പ്രചാരണ രംഗത്ത് ഉപയോഗിക്കാന്‍ ബോധപൂര്‍വം ചര്‍ച്ചയാക്കിയ വിഷയങ്ങള്‍
- മസാല ബോണ്ട് വിവാദം
- പ്രളയം മനുഷ്യനിര്‍മിതമായിരുന്നു എന്ന അമിക്കസ് ക്യൂരിയുടെ റിപ്പോര്‍ട്ട്.
താല്‍ക്കാലികമായി വന്നു പോയവ
- യുഡിഎഫിനു മൃഗീയ ഭൂരിപക്ഷം പ്രവചിക്കുന്ന സര്‍വേകള്‍
- മുസ്ലിം ലീഗ്, എസ്ഡിപിഐ നേതാക്കളുടെ കോട്ടക്കല്‍ കൂടിക്കാഴ്ച.
വോട്ടെടുപ്പു വരെ സ്വാധീനിക്കുന്നവ
- രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശം
- ശബരിമല വിഷയം പ്രചാരണ രംഗത്ത് ഉപയോഗിക്കരുത് എന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ടിക്കാറാം മീണയുടെ നിര്‍ദേശം. അതിനെതിരേ യുഡിഎഫ്, ബിജെപി വിമര്‍ശനം. സിഇഒ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തില്‍ ബിജെപി നേതാക്കള്‍ സിഇഒക്കെതിരേ. ശബരിമല വിഷയം ചര്‍ച്ച ചെയ്യാമെന്നും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ടു ചോദിക്കാന്‍ പാടില്ല എന്ന നിര്‍ദേശം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും സിഇഒ.
- ശബരിമല യുവതി പ്രവേശന വിഷയം ദേശീയശ്രദ്ധയില്‍ കൊണ്ടുവരുന്ന വിധം ബിജെപിയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി. ഭരണഘടനാപരമായ പരിഹാരത്തിനു വഴിതേടും എന്ന് വാഗ്ദാനം.
- കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരേ അഴിമതി ആരോപണത്തിന് ഇടയാക്കിയ ഒളി ക്യാമറ ഓപ്പറേഷന്‍
- സമൂഹമാധ്യമങ്ങളിലെ പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍
പൊടുന്നനെ ഉണ്ടായവ
- ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍്ത്ഥി ബെന്നി ബഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ബെന്നിക്കു പകരം അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ റോഡ് ഷോ.
- കെ എം മാണിയുടെ വിയോഗം
ജനം എങ്ങനെ ചിന്തിക്കുന്നു?
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും വരരുത് എന്ന് ചിന്തിക്കുന്നവരാണ് കേരളത്തില്‍ അധികവും. പകരം വരുന്ന സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. അതേസമയം, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ തിരുത്തല്‍ ശക്തിയായി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും ആശയപരവുമായ സാന്നിധ്യം ഉണ്ടാകണം എന്നും വലിയൊരു വിഭാഗം ചിന്തിക്കുന്നു. കേരളം മാത്രമാണ് ഇപ്പോള്‍ ഇടതുപക്ഷത്തിനു കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ശേഷിയുള്ള സംസ്ഥാനം എന്നും അവര്‍ മനസ്സിലാക്കുന്നു. ഇതാണ് കൂടുതല്‍ മണ്ഡലങ്ങളെ പ്രവചനാതീതമാക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. നിശ്ശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ഈ മണ്ഡലങ്ങളിലെ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും തീരുമാനമെടുക്കും.
അവസാന മണിക്കൂറുകളെ സ്വാധീനിക്കുന്ന ചില കാര്യങ്ങള്‍
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഘട്ട സന്ദര്‍ശനം.
- തലസ്ഥാനത്തെ തീരമേഖലയില്‍ എ കെ ആന്റണിയുടെ റോഡ് ഷോ.
- തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയും വി എസ് ഡി പിയും ബിജെപിക്കു വേണ്ടി നടത്തുന്ന നിശ്ശബ്ദ പ്രചാരണം
- മുസ്ലിം മേഖലകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന യുഡിഎഫ് അനുകൂല പ്രചാരണം.
- എന്‍ഡിഎയ്ക്ക് ജയസാധ്യത ഇല്ലെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ സംഘപരിവാര്‍ വോട്ടുകളുടെ കാര്യത്തില്‍ എടുക്കുന്ന തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates