കൊച്ചി; അമ്മ പകുത്തു നല്‍കിയ കരളിനും അഭിനവിന്റെ ജീവന്‍ നിലനിര്‍ത്താനായില്ല. നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് അവന്‍ മരണത്തിന് കീഴടങ്ങി. മാന്നാര്‍ പഞ്ചായത്ത് പാവുക്കര ഒന്നാം വാര്‍ഡില്‍ നങ്ങാലടിയില്‍ വീട്ടില്‍ എന്‍ ടി കൊച്ചുമോന്‍, എസ് പ്രിയ ദമ്പതികളുടെ മകന്‍ കെ അഭിനവാണ് മരിച്ചത്. ആറ് വര്‍ഷത്തെ പോരാട്ടം അവസാനിപ്പിച്ചാണ് ഏഴു വയസുകാരനായ അഭിനവ് മടങ്ങിയത്.
അഭിനവിന് ഒരു വയസായപ്പോഴാണ് അര്‍ബുദ ബാധിതനാകുന്നത്. നിര്‍ത്താതെയുള്ള ഛര്‍ദ്ദിലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഭിനവിന്റെ കരളില്‍ അര്‍ബുദം പിടിപ്പെട്ടതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. കോട്ടയത്തും, തിരുവനന്തപുരം ആര്‍സിസിയിലും കീമോ നടത്തിയതിലൂടെ രോഗം ഭാഗികമായി ഭേദപ്പെട്ടു. തുടര്‍ന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുഞ്ഞ് ഒന്നാം ക്ലാസ് പ്രവേശനത്തിന് തയ്യാറെടുക്കുമ്പോഴാണ് രോഗം വീണ്ടും പിടികൂടിയത്. കൂലിപ്പണിക്കാരനായ കൊച്ചുമോന്‍ ബന്ധുകളുടെയും നാട്ടുകാരുടെയും സഹായത്തോടെ നല്ലൊരു തുക ചികിത്സയ്ക്കായി ചെലവഴിച്ചു.
കഴിഞ്ഞ മാര്‍ച്ച് അവസാനത്താടെ അഭിനവിന് വയറുവേദനയും, വയറുവീര്‍പ്പും, മൂത്ര തടസവും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കരള്‍ നല്‍കാന്‍ അമ്മ തയ്യാറായി. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി 25 ലക്ഷം രൂപ സമാഹരിച്ചത് നാട്ടുകാര്‍, പഞ്ചായത്ത്, വ്യാപാര കേന്ദ്രങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. എന്നാല്‍ അമ്മയുടെ കരള്‍ ലഭിച്ചെങ്കിലും അഭിനവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ എറണാകുളം അമൃതാ ആശുപത്രിയിലായിരുന്നു അന്ത്യം. അഭിനവിന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്ന നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയാണ് അവന്റെ മടക്കം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates