തിരുവനന്തപുരം : കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് നാളെ ദൃശ്യമാകുന്നത്. കേരളത്തില്‍ വലയഗ്രഹണം അവസാനമായി ദൃശ്യമായത് 2010 ജനുവരി 15 ന് തിരുവനന്തപുരത്താണ്. ഡിസംബര്‍ 26 നാണ് കേരളത്തിലെമ്പാടും വീണ്ടും വലയസൂര്യഗ്രഹണം ദ്യശ്യമാകുന്നത്. കേരളത്തില്‍ ദ്യശ്യമാകുന്ന ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം 2031 മെയ് 21 നാണ്. ഡിസംബര്‍ 26ന് വടക്കന്‍ കേരളത്തില്‍ വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാവുക.
സൂര്യന്റെ മധ്യഭാഗം ചന്ദ്രനാല്‍ മറയ്ക്കപ്പെടുകയും ബാക്കിയുള്ള ഭാഗം ഒരു പ്രകാശവലയമായി കാണപ്പെടുകയും ചെയ്യുന്നതിനെയാണ് വലയ സൂര്യഗ്രഹണം എന്ന് വിശേഷിപ്പിക്കുന്നത്. സൂര്യന്റെ വടക്ക് ഭാഗമാണ് ചന്ദ്രനാല്‍ മറയ്ക്കപ്പെട്ടുതുടങ്ങുന്നത്. തുടര്‍ന്ന് കുറച്ചുകുറച്ചായി സൂര്യബിംബം മറഞ്ഞ് ഏതാണ്ട് മൂന്നര മണിക്കൂര്‍ സമയം സൂര്യന്‍ അര്‍ദ്ധവൃത്താകൃതിയില്‍ കാണപ്പെടും. അതിനുശേഷം ഗ്രഹണം പൂര്‍ത്തിയായി, സൂര്യന്‍ സാധാരണരൂപത്തില്‍ പ്രത്യക്ഷമാകും.
കേരളത്തില്‍ രാവിലെ 8.05 മുതല്‍ 11.11 വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തുന്നത് 9.26 മുതല്‍ 9.30 വരെയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയ സൂര്യഗഹ്രണവും, മറ്റു ജില്ലകളില്‍ ഭാഗിക ഗ്രഹണവുമാണ് ദൃശ്യമാകുന്നത്. കോഴിക്കോട് നാദാപുരം പുറമേരിയില്‍ രാവിലെ 9.26 നു പൂര്‍ണവലയം ദൃശ്യമാകും. ഇത് 2.45 മിനിറ്റ് നീണ്ടുനില്‍ക്കും.
കേരളത്തില്‍ സൂര്യഗ്രഹണം കാണാന്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം-പ്ലാനറ്റോറിയം തുടങ്ങിയവ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ഥലങ്ങളും ഇവിടെ ഗ്രഹണം ദൃശ്യമാകുന്ന സമയവും ഇങ്ങനെയാണ്. പുറമേരി, നാദാപുരം (കോഴിക്കോട് ജില്ല) ഗ്രഹണം ആരംഭിക്കുന്ന സമയം- 8.07. പൂര്‍ണ വലയം- 9.26 ന് ദൃശ്യമാകും.
തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ രാവിലെ 8.05 ന് ഗ്രഹണം ആരംഭിക്കും. ഗ്രഹണ പാരമ്യത്തിലെത്തുന്നത് 9.28 നാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ഗ്രഹണം രാവിലെ 8.06 ന് ആരംഭിക്കും. ഗ്രഹണം പാരമ്യത്തിലെത്തുക 9.29 നാണ്. തിരുവനന്തപുരത്ത് ഗ്രഹണം ആരംഭിക്കുന്നത് രാവിലെ 8.07 നാണ്. 9.30 ന് ഗ്രഹണം പാരമ്യത്തിലെത്തും.
പൂര്‍ണ സൂര്യഗ്രഹണം ഭൂമിയില്‍ എല്ലായിടത്തും അനുഭവപ്പെടില്ല, ചന്ദ്രന്റെ നിഴല്‍ (ഉമ്പ്ര) വീഴുന്ന പ്രത്യേകമായ പാതയിലാകും ഇതു ദൃശ്യമാകുക.പാത്ത് ഓഫ് ടോട്ടാലിറ്റി എന്നറിയപ്പെടുന്ന ഈ പാത കടന്നു പോകുന്ന മേഖലയില്‍ വലയ സൂര്യഗ്രഹണം കാണാന്‍ സാധിക്കും. ഈ സഞ്ചാര പാത കേരളത്തിലെ വടക്കന്‍ ജില്ലകളും തമിഴ്‌നാട്ടിലെ പ്രദേശങ്ങളും കടന്ന് ശ്രീലങ്കയിലെ ജാഫ്‌ന വഴിയാണു പോകുന്നത്. ഇതു കൊണ്ടാണ് ഇവിടങ്ങളില്‍ വലയഗ്രഹണം കാണാന്‍ സാധിക്കുന്നത്.
സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ 0.488 ഡിഗ്രി മുതല്‍ 0.568 ഡിഗ്രി വരെയാകാം. ഈ വ്യത്യാസത്തിനുള്ള കാരണം ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യന്റെ കാര്യത്തില്‍ ഇത് 0.527 ഡിഗ്രി മുതല്‍ 0.545 വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂര വ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങള്‍ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തേക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി കാണുക.
എന്താണ് വലയ സൂര്യഗ്രഹണം?; ആകാശവിസ്മയത്തെ കുറിച്ച് അറിയേണ്ടതെല്ലാം
വലയ സൂര്യഗ്രഹണം : നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുത് ; ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍
വലയ സൂര്യഗ്രഹണം നാളെ ; ആകാംക്ഷയില്‍ ശാസ്ത്രലോകം
കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം ; ഏറ്റവും നന്നായി കാണുക ഈ ജില്ലകളില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates